തിമൊഥെയൊസിനു എഴുതിയ ഒന്നാം ലേഖനം
1
നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെയും പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും ആജ്ഞപ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ
പൌലൊസ് വിശ്വാസത്തില്‍ എനിക്കു യഥാര്‍ത്ഥ പുത്രനായ തിമൊഥെയൊസിന് എഴുതുന്നത്.
നമ്മുടെ പിതാവായ ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും കരുണയും സമാധാനവും ഉണ്ടാകട്ടെ.
വ്യാജ ഉപദേശത്തിനെതിരെയുള്ള താക്കീത്
നീ എഫെസൊസില്‍ താമസിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മക്കെദോന്യയിലേക്കു പോയപ്പോഴും ഞാനിതു പറഞ്ഞിരുന്നു. എഫെസൊസിലുള്ള ചിലര്‍ സത്യവിരുദ്ധമായ ഉപദേശം പഠിപ്പിക്കുന്നു. അസത്യാത്മകമായ ഉപദേശം പഠിപ്പിക്കുന്നവരെ അതില്‍നിന്നും തടസ്സപ്പെടുത്താനായി നീ അവിടെ നില്‍ക്കുക. തെറ്റായ കഥകളിലും നെടുങ്കന്‍ കുടുംബചരിത്രങ്ങളിലും മുഴുകി തങ്ങളുടെ സമയം പാഴാക്കരുതെന്ന് അവരോട് പറയുക. അവയൊക്കെയും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുകയേ ഉള്ളൂ. അതൊന്നും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കയില്ല. ദൈവപ്രവൃത്തി വിശ്വാസം കൊണ്ടാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് സ്നേഹം ഉണ്ടാക്കുക എന്നതാണ് ഈ ആജ്ഞയുടെ ലക്ഷ്യം. ഉത്തമവിശ്വാസവും ശരിയെന്നറിയാവുന്നതു ചെയ്യാനുള്ള ഒരുക്കവും ശുദ്ധഹൃദയവും ഈ സ്നേഹം ലഭിക്കുന്നതിന് ആവശ്യമാണ്. ചിലര്‍ ഇതൊന്നും ചെയ്തിട്ടില്ല. ഫലശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ ദൂരെ അലഞ്ഞ് തിരിയുന്നു. അവര്‍ക്ക് ശാസ്ത്രിമാരാകണം എന്നാല്‍ അവര്‍ക്ക് അവര്‍ പറയുന്നതിനെക്കുറിച്ചു പോലും അറികയില്ല. അവര്‍ക്കുറപ്പുണ്ട് എന്നു പറയുന്ന കാര്യങ്ങള്‍പോലും അവര്‍ക്കു മനസ്സിലാകുന്നില്ല.
ഒരുവന്‍ ന്യായപ്രമാണം ശരിയാംവണ്ണം ഉപയോഗിക്കുന്പോള്‍ ന്യായപ്രമാണം നന്നെന്ന് നമുക്കറിയാം. നല്ല ആള്‍ക്കാര്‍ക്കു വേണ്ടിയല്ല ന്യായപ്രമാണം ഉണ്ടാക്കിയിരിക്കുന്നതെന്ന് നമുക്കറിയാം. ന്യായപ്രമാണത്തെ എതിര്‍ക്കുന്നവര്‍ക്കും ന്യായപ്രമാണം പിന്തുടരാന്‍ വിസ്സമ്മതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം. ദൈവത്തോടു ബഹുമാനക്കുറവുള്ളവര്‍ക്കും പാപികള്‍ക്കും അശുദ്ധര്‍ക്കും മതനിഷേധികള്‍ക്കും മാതൃപിതൃഹന്താക്കള്‍ക്കും കൊലയാളികള്‍ക്കും 10 ലൈംഗികപാപങ്ങള്‍ ചെയ്യുന്നവര്‍ക്കും സ്വവര്‍ഗ്ഗഭോഗികള്‍ക്കും അടിമകളെ വില്‍ക്കുന്നവര്‍ക്കും നുണ പറയുന്നവര്‍ക്കും അസത്യമായ ഉപദേശങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ന്യായപ്രമാണം. 11 പഠിപ്പിക്കുവാനായി ദൈവം എനിക്കു തന്ന സുവിശേഷത്തിന്‍റെ ഒരു ഭാഗമാണ് ആ ഉപദേശം. മഹത്വപൂര്‍ണ്ണമായ ആ സുവിശേഷം അനുഗൃഹീതനായ ദൈവത്തില്‍ നിന്നും ഉള്ളതാണ്.
ദൈവകരുണയ്ക്കു നന്ദി
12 എന്നെ വിശ്വസിച്ച്, അവനുവേണ്ടി സേവനം ചെയ്യേണ്ട ഈ ജോലി എന്നെ ഏല്പിച്ചതിന് നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിന് ഞാന്‍ നന്ദി പറയുന്നു. അവന്‍ എനിക്ക് കരുത്ത് തന്നു. 13 മുന്‍പ് ക്രിസ്തുയേശുവിനെതിരെ സംസാരിച്ചും അവനെ പീഢിപ്പിച്ചും അവനെ മുറിപ്പെടുത്താനായി പല കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കുതന്നെ അറിയാന്‍ പാടില്ലാഞ്ഞതു കൊണ്ട് ദൈവം എന്നോടു കരുണ കാണിച്ചു. ഞാന്‍ അവിശ്വാസിയായിരുന്നപ്പോഴാണ് അക്കാര്യങ്ങള്‍ ചെയ്തത്. 14 ആ കൃപയോടൊപ്പം വിശ്വാസവും ക്രിസ്തുയേശുവിലുള്ള സ്നേഹവും എനിക്ക് കരഗതമായി.
15 ഞാന്‍ പറയുന്നത് സത്യമാണ്. നിങ്ങള്‍ അതു പൂര്‍ണ്ണമായും സ്വീകരിക്കണം. പാപികളെ രക്ഷിക്കുവാന്‍ ക്രിസ്തുയേശു ഭൂമിയിലേക്കു വന്നു. ആ പാപികളില്‍ ഏറ്റവും പ്രധാനിയായിരുന്നു ഞാന്‍. 16 അതിരറ്റ ക്ഷമ തനിക്ക് ഉണ്ടെന്ന് കാണിക്കുവാന്‍ തക്കവിധം കൊടുംപാപിയായ എന്നോട് ക്രിസ്തു കരുണ കാണിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും നിത്യജീവനുള്ളവര്‍ക്കും ഞാന്‍ ഉദാഹരണമാകണമെന്ന് ക്രിസ്തു ആഗ്രഹിച്ചു. 17 എന്നേക്കും ഭരിക്കുന്ന രാജാവിന് സ്തുതിയും ആദരവും ഉണ്ടായിരിക്കട്ടെ. അവനെ കാണുവാനോ നശിപ്പിക്കുവാനോ സാധിക്കില്ല. ഏകദൈവത്തിന് എന്നെന്നേക്കും സ്തുതിയും ബഹുമാനവും ഉണ്ടായിരിക്കട്ടെ. ആമേന്‍.
18 എനിക്കു ഒരു മകനു തുല്യനായ തിമൊഥെയൊസേ, ഞാന്‍ നിനക്കൊരു കല്പന തരുന്നു. ഈ കല്പന പണ്ട് നിന്നെക്കുറിച്ചുണ്ടായ പ്രവചനങ്ങളുമായി ഒത്തു പോകുന്നുണ്ട്. ആ പ്രവചനങ്ങളെയൊക്കെ പിന്തുടരാനും വിശ്വാസത്തിനായി നല്ല യുദ്ധം നടത്തുവാനും വേണ്ടിയാണ് ഈ കാര്യങ്ങള്‍ ഞാന്‍ നിന്നോടു പറയുന്നത്. 19 വിശ്വാസത്തിന്‍റെ മാര്‍ഗ്ഗത്തില്‍ തുടരുകയും ശരി എന്ന് നീ അറിയുന്നത് ചെയ്യുകയും വേണം. ചിലര്‍ ഇതു ചെയ്തിട്ടില്ല. അവരുടെ വിശ്വാസം നശിപ്പിക്കപ്പെടുകയും ചെയ്തു. 20 ഹുമനയൊസും അലെക്സന്തരും അതാണ് ചെയ്തത്. ദൈവത്തിനെതിരെ സംസാരിക്കരുതെന്നറിയിക്കാന്‍ വേണ്ടി ഞാന്‍ അവരെ സാത്താനു കൊടുത്തു.