പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ട ചില ചട്ടങ്ങള്‍
2
എല്ലാ മനുഷ്യര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ആദ്യമായി ആവശ്യപ്പെടുന്നു. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവത്തോടു സംസാരിക്കുക. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് അവനോടു ചോദിക്കുകയും നന്ദിയുള്ളവരാകുകയും ചെയ്യുക. രാജാക്കന്മാര്‍ക്കും അധികാരികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. ദൈവത്തോടുള്ള നിറഞ്ഞ ആരാധനയോടും ബഹുമാനത്തോടും കൂടിയുള്ള സ്വച്ഛവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നമുക്കു ലഭിക്കാന്‍ ആ നേതാക്കന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇത് നല്ലതും നമ്മുടെ രക്ഷകനായ ദൈവത്തെ പ്രീതിപ്പെടുത്തുന്നതുമാകുന്നു.
എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എല്ലാ മനുഷ്യരും സത്യം അറിയണമെന്നും അവന്‍ ആഗ്രഹിക്കുന്നു. ഒരു ദൈവമേ ഉള്ളൂ. ദൈവത്തോടു ചേരാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂതാനും. ആ മാര്‍ഗ്ഗം മനുഷ്യനും കൂടിയായ യേശുക്രിസ്തുവിലൂടെയാണ്. എല്ലാ മനുഷ്യരുടേയും പാപപരിഹാരമായി യേശു സ്വയം സമര്‍പ്പിച്ചു. എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതിന്‍റെ തെളിവാണ് യേശു. അവന്‍ ശരിയായ സമയത്താണ് വന്നത്. അതുകൊണ്ടാണ് സുവിശേഷ പ്രസംഗത്തിനായും ഒരു അപ്പൊസ്തലനായും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. (ഞാനീപ്പറയുന്നത് സത്യമാണ്, കള്ളമല്ല.) ജാതികള്‍ക്കുള്ള അദ്ധ്യാപകനായാണ് എന്നെ തിരഞ്ഞെടുത്തത്. വിശ്വസിക്കുവാനും സത്യം അറിയുവാനും ഞാന്‍ അവരെ പഠിപ്പിക്കുന്നു.
എല്ലായിടത്തുമുള്ള പുരുഷന്മാര്‍ പ്രാര്‍ത്ഥിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ കരങ്ങളുയര്‍ത്തുന്ന ഈ പുരുഷന്മാര്‍ തീര്‍ച്ചയായും വിശുദ്ധരായിരിക്കണം. അവര്‍ കോപിഷ്ഠരോ തര്‍ക്കിക്കുന്നവരോ ആകരുത്.
സ്ത്രീകള്‍ തങ്ങള്‍ക്കു യോജിച്ച വസ്ത്രം ധരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. അന്തസിനും എളിമക്കും ചേര്‍ന്ന വസ്ത്രങ്ങളാണ് സ്ത്രീകള്‍ ധരിക്കേണ്ടത്. അവര്‍ തങ്ങളെത്തന്നെ സുന്ദരികളാക്കുവാന്‍ വേണ്ടി ആകര്‍ഷകങ്ങളായ കേശാലങ്കാരങ്ങളോ സ്വര്‍ണ്ണമോ മുത്തോ വിലകൂടിയ വസ്ത്രങ്ങളോ ഉപയോഗിക്കരുത്. 10 സല്‍പ്രവൃത്തികളിലൂടെ അവര്‍ സ്വയം സുന്ദരികളാകട്ടെ. ദൈവത്തെ ആരാധിക്കുന്നു എന്നു പറയുന്ന സ്ത്രീകള്‍ ആ നിലയില്‍ സുന്ദരികളാകട്ടെ.
11 മൌനമായി കേട്ടിരുന്നു പൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറോടെ ഒരു സ്ത്രീ പഠിക്കട്ടെ. 12 ഒരു പുരുഷനെ പഠിപ്പിക്കുവാന്‍ ഞാന്‍ സ്ത്രീയ്ക്ക് അനുമതി കൊടുക്കില്ല. പുരുഷനെ ഭരിക്കുവാനും സ്ത്രീയ്ക്ക് അനുവാദം നല്‍കില്ല. സ്ത്രീ ശാലീനയായി തന്നെ തുടരണം. 13 എന്തുകൊണ്ടെന്നാല്‍ ആദാമിനെയാണ് ആദ്യം സൃഷ്ടിച്ചത്. ഹവ്വയെ പിന്നീടാണ് ദൈവം സൃഷ്ടിച്ചത്. 14 കൂടാതെ, പിശാചിനാല്‍ കബളിപ്പിക്കപ്പെട്ടതും ആദാമല്ല. പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് പാപിയായതും സ്ത്രീയാണ്. 15 വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശരിയായ നിയന്ത്രണത്തിലും അവര്‍ തുടരുകയാണെങ്കില്‍ അവള്‍ മക്കളെ പ്രസവിച്ച് രക്ഷ പ്രാപിക്കും.