5
1 വയോധികനോട് കോപഭാഷണം അരുത്. പകരം അവനോട് സ്വപിതാവിനോടെന്നപോലെ സംസാരിക്കുക. ചെറുപ്പക്കാരോട് സഹോദരനോടെന്നപോലെ ഇടപെടുക.
2 മൂത്ത സ്ത്രീകളോട് അമ്മയോടെന്നപോലെ പെരുമാറുക. ചെറുപ്പക്കാരികളെ സഹോദരികള്‍ എന്ന പോലെ കരുതുക. എപ്പോഴും അവരോട് നന്നായി പെരുമാറുക. അന്യരുമൊത്തുള്ള ജീവിതത്തിന് ചില ചട്ടങ്ങള്‍
3 സത്യമായി ഏകാകിനികളായ വിധവകളെ സംരക്ഷിക്കുക.
4 ഒരു വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കില്‍ അവര്‍ ആദ്യമേ മനസ്സിലാക്കേണ്ടത് ഇതാണ്. തങ്ങളുടെ മാതാപിതാക്കളെ സഹായിച്ചുകൊണ്ട് അവരുടെ സ്വകുടുംബത്തോട് ആദരവ് കാണിക്കുക. ഇതില്‍കൂടെ തങ്ങളുടെ മാതാപിതാക്കളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും ഉള്ള കടമ നിറവേറ്റാനാകും. ഇത് ദൈവത്തെ പ്രീതിപ്പെടുത്തും.
5 ഒരു വിധവ യഥാര്‍ത്ഥത്തില്‍ ഏകാകിനിയും നിസ്സഹായയും ആയവള്‍ ആണെങ്കില്‍ തന്‍റെ സംരക്ഷണം ദൈവത്തില്‍ നിന്നും പ്രതീക്ഷിക്കും. ആ സ്ത്രീ രാവും പകലും പ്രാര്‍ത്ഥിച്ചു ദൈവത്തോട് സഹായം ചോദിക്കുന്നു.
6 എന്നാല്‍ സ്വയം പ്രീതിപ്പെടുത്താന്‍ തന്‍റെ തന്നെ ജീവിതം വിനിയോഗിക്കുന്ന വിധവ ജീവിക്കുന്നു എങ്കിലും യഥാര്‍ത്ഥത്തില്‍ മരിച്ചു കഴിഞ്ഞവളാണ്.
7 അന്യര്‍ക്ക് കുറ്റം പറയാന്‍ പറ്റാത്ത വിധത്തില്‍ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ അവിടെയുള്ള വിശ്വാസികളോടു നിര്‍ദ്ദേശിക്കുക.
8 ഒരുവന്‍ തന്‍റെ സ്വന്തം ആള്‍ക്കാരെ സംരക്ഷിക്കണം എന്നതാണ് പരമപ്രധാനം. അതു ചെയ്യുന്നില്ലെങ്കില്‍ അവന്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടില്ല. അവന്‍ ഒരു അവിശ്വാസിയേക്കാള്‍ മോശക്കാരനാണ്.
9 അറുപതോ അതിനുമേലോ പ്രായമുള്ള സ്ത്രീകളെ വിധവകളുടെ പട്ടികയില്‍പ്പെടുത്തണം. അവള്‍ തന്‍റെ ഭര്‍ത്താവിനോട് വിശ്വസ്തയായിരുന്നിരിക്കണം.
10 നല്ല കാര്യങ്ങള്‍ ചെയ്ത ഒരുവള്‍ എന്ന നിലയില്‍ അവള്‍ അറിയപ്പെടണം. സന്താനപരിപാലനം, അതിഥി സ്വീകരണം, ദൈവജനത്തിന്‍റെ പാദം കഴുകല്‍, ദുഃഖിതരുടെ സംരക്ഷണം അങ്ങനെ എല്ലാ നല്ലകാര്യങ്ങള്‍ക്കുമായി സ്വജീവിതം ഉപയോഗിച്ചവള്‍ എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്.
11 എന്നാല്‍ ചെറുപ്പക്കാരായ വിധവകളെ ആ ഗണത്തില്‍ കണക്കാക്കരുത്. അവര്‍ തങ്ങളെ സ്വയം ക്രിസ്തുവിന് സമര്‍പ്പിക്കുന്പോള്‍ സാധാരണഗതിയില്‍ അവരുടെ ശക്തമായ ശാരീരികാവശ്യങ്ങളാല്‍ അവനില്‍ നിന്നും പാടേ അകന്നുമാറും. അപ്പോള്‍ അവര്‍ പുനര്‍വിവാഹിതരാകാന്‍ ആഗ്രഹിക്കും.
12 അപ്പോള്‍ അവര്‍ അതിനു വേണ്ടി വിധിക്കപ്പെടും. അവര്‍ ആദ്യം പ്രതിജ്ഞ ചെയ്ത കാര്യങ്ങളെ ചെയ്യാതിരിക്കുന്നതു കൊണ്ടാണ് വിധിക്കപ്പെടുന്നത്.
13 മാത്രവുമല്ല ആ ചെറുപ്പക്കാരികളായ വിധവകള്‍ വീടുതോറും കയറിയിറങ്ങി സമയവും വ്യര്‍ത്ഥമാക്കും. അവര്‍ അപവാദം പറയുവാനും അന്യരുടെ ജീവിതത്തില്‍ വ്യാപൃതരാകുവാനും തുടങ്ങും. അവര്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയും.
14 അതിനാല്‍ ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹിതകളായി, മക്കളുള്ളവരായി ഗൃഹസംരക്ഷണം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇതു ചെയ്യുമെങ്കില്‍ നമ്മുടെ ശത്രുവിന് അവരെ വിമര്‍ശിക്കാന്‍ കാരണം കിട്ടാതെയാകും.
15 എന്നാല്‍ ചില യുവവിധവകള്‍ സാത്താനെ പിന്തുടരാന്‍ നേരത്തേതന്നെ തുടങ്ങിയിരിക്കുന്നു.
16 വിശ്വാസിയായ ഒരു വനിതയുടെ കുടുംബത്തില്‍ ഒരു വിധവ ഉണ്ടെങ്കില്‍ അവള്‍ ആ വിധവയെ പ്രത്യേകം ശ്രദ്ധിക്കണം. ഇവരുടെ സംരക്ഷണാര്‍ത്ഥം സഭയെ കുഴപ്പത്തിലാക്കരുത്. അങ്ങനെ വരുന്പോള്‍ അനാഥകളായ വിധവകളെ സംരക്ഷിക്കുവാന്‍ സഭയ്ക്കു സാധിക്കും.
17 ശരിയായ വിധം സഭയെ നയിക്കുന്ന മൂപ്പന്മാര്‍ക്കും മഹത്തായ ആദരവു കിട്ടണം. വിശേഷിച്ച് പ്രസംഗിച്ചും ഉപദേശിച്ചും പ്രവര്‍ത്തിക്കുന്ന മൂപ്പന്മാര്‍ക്കാണ് ഈ മഹത്തായ ആദരവ് ഉണ്ടാകേണ്ടത്.
18 എന്തുകൊണ്ടെന്നാല്‍ തിരുവെഴുത്തു പറയുന്നു, “ധാന്യം വേര്‍തിരിക്കുന്ന പ്രവൃത്തി ചെയ്യുന്ന മെതിമൃഗത്തിന്‍റെ വായ് മൂടിക്കെട്ടുകയോ ധാന്യം തിന്നുന്നതില്‍ നിന്ന് തടയുകയോ ചെയ്യരുത്.”✡ ഉദ്ധരണി ആവ. 25:4. തിരുവെഴുത്ത് ഇങ്ങനെ കൂടി പറയുന്നു, “ഒരു പണിക്കാരന് അവന്‍റെ കൂലി കൊടുക്കണം.”
19 ഒരു മൂപ്പനെതിരെ ആരോപണം ഉന്നയിക്കുന്നവനെ ശ്രദ്ധിക്കരുത്. ആ മൂപ്പന്‍ ചെയ്തത് തെറ്റാണെന്ന് രണ്ടോ മൂന്നോ പേര്‍ പറയുന്നു എങ്കില്‍ മാത്രം നീ അവനെ ശ്രദ്ധിക്കുക.
20 പാപം ചെയ്യുന്നവരോട് അവര്‍ക്കു തെറ്റിപ്പോയെന്നു പറയുക. സഭയുടെ മുഴുവനും മുന്പാകെ വേണം ഇങ്ങനെ ചെയ്യാന്‍. അപ്പോള്‍ മറ്റെല്ലാവര്‍ക്കും അത് ഒരു താക്കീതാകും.
21 ഇതൊക്കെ ചെയ്യുവാന്‍ ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുന്പാകെ ഞാന്‍ നിന്നോടു കല്പിക്കുന്നു. എന്നാല്‍ സത്യമറിയുന്നതിനു മുന്‍പ് ആരെയും വിധിക്കരുത്. ഇക്കാര്യങ്ങളെല്ലാം എല്ലാ ആള്‍ക്കാരോടും സമമായി അനുവര്‍ത്തിക്കുക.
22 ഒരുവനെ മൂപ്പനാക്കുന്നതിനു മുന്‍പ് സൂക്ഷ്മതയോടെ ചിന്തിക്കുക. അന്യരുടെ പാപങ്ങളില്‍ പങ്കുപറ്റരുത്. സ്വയം ശുദ്ധിയുള്ളവനായിരിക്കുക.
23 തിമൊഥെയൊസേ, നീ വെള്ളം മാത്രമേ കുടിക്കുന്നുള്ളൂ. അതു നിര്‍ത്തി അല്പം വീഞ്ഞു കുടിക്കുക. ഇതു നിന്‍റെ ഉദരത്തെ സഹായിക്കുകയും കൂടെക്കൂടെ രോഗിയാകുന്നതില്‍ നിന്നു തടയുകയും ചെയ്യും.
24 ചില ആള്‍ക്കാരുടെ പാപങ്ങള്‍ കാണാന്‍ എളുപ്പമാണ്. അവര്‍ വിധിക്കപ്പെടും എന്ന് അവരുടെ പാപങ്ങള്‍ കാണിക്കും. എന്നാല്‍ ചില ആളുകളുടെ പാപങ്ങള്‍ വൈകി മാത്രമേ കാണുവാന്‍ സാധിക്കൂ.
25 ആള്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെ. ജനങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണുവാന്‍ എളുപ്പമാണ്. എന്നാല്‍ കാണുവാന്‍ ക്ലേശകരമായ നല്ല കാര്യങ്ങള്‍ക്കു പോലും മറഞ്ഞിരിക്കാന്‍ സാധിക്കയില്ല.