4
1 ദൈവത്തിന്‍റെയും യേശുക്രിസ്തുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കുന്നവനാണ് ക്രിസ്തുയേശു. ക്രിസ്തുവിന് ഒരു രാജ്യമുണ്ട്. അവന്‍ വീണ്ടും വരികയും ചെയ്യും. അതിനാല്‍ ഈ ആജ്ഞ ഞാന്‍ നിങ്ങള്‍ക്കു തരുന്നു.
2 ജനങ്ങളോടു സുവിശേഷം പറയുക. ഏതു സമയത്തും തയ്യാറായിരിക്കുക. ആളുകളോട് അവര്‍ ചെയ്യേണ്ടതെന്താണെന്ന് പറയുക. തെറ്റു ചെയ്യുന്പോള്‍ അതും പറയുക. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതെത്രയും വലിയ ക്ഷമയോടും ശ്രദ്ധാപൂര്‍വ്വമായ ഉപദേശത്താലും നടപ്പാക്കുക.
3 ആള്‍ക്കാര്‍ സത്യ ഉപദേശത്തെ ശ്രദ്ധിക്കാത്ത നാഴിക വരും. എന്നാല്‍ ജനങ്ങള്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരെ കണ്ടെത്തും. ആ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയുന്ന അദ്ധ്യാപകരെ അവര്‍ കണ്ടെത്തും.
4 ശ്രദ്ധാപൂര്‍വ്വമായ സത്യശ്രവണം ആള്‍ക്കാര്‍ നിര്‍ത്തും. തെറ്റായ കഥകളിലെ ഉപദേശങ്ങള്‍ പിന്തുടരാന്‍ അവര്‍ തുടങ്ങും.
5 എന്നാല്‍ നീ ഏതു സമയത്തും ആത്മനിയന്ത്രണം ഉള്ളവനാകണം. പ്രയാസങ്ങള്‍ വരുന്പോള്‍ അവയെ സ്വീകരിക്കുക. സുവിശേഷപ്രചരണം നടത്തുക. ദൈവത്തിന്‍റെ ഒരു ദാസന്‍റെ എല്ലാ കടമകളും ചെയ്യുക.
6 എന്‍റെ ജീവിതം ഒരു യാഗമായി ദൈവത്തിന് സമര്‍പ്പിക്കുന്നു. ഈ ജീവിതം ഇവിടെ ഉപേക്ഷിക്കുവാന്‍ എനിക്ക് സമയം സമാഗതമായിരിക്കുന്നു.
7 ഞാന്‍ നന്നായി പൊരുതിയിട്ടുണ്ട്. ഞാന്‍ എന്‍റെ ഓട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞാന്‍ എന്‍റെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
8 ഇനി, കിരീടം എനിക്കായി കാത്തിരിക്കുന്നു. ദൈവമുന്പാകെ നീതീകരിപ്പെട്ടവനായതുകൊണ്ട് എനിക്ക് ആ കിരീടം ലഭിക്കും. നീതിപൂര്‍വ്വമായി വിധിക്കുന്ന ന്യായാധിപന്‍ കര്‍ത്താവാണ്. ആ ദിവസം അവന്‍ എനിക്ക് കിരീടം തരും. അതെ, ആ കിരീടം അവന്‍ എനിക്കു തരും. അവന്‍ ആ കിരീടം അവന്‍റെ രണ്ടാം വരവിനായി ആഗ്രഹിച്ചു കാത്തിരുന്ന എല്ലാവര്‍ക്കും കൊടുക്കും.
വ്യക്തിപരമായ വാക്കുകള്‍
9 എന്‍റെയടുത്ത് എത്രയും പെട്ടെന്ന് എത്തുവാന്‍ നിനക്കു കഴിയാവുന്നത്ര കഠിനമായി ശ്രമിക്കുക.
10 ദേമാസ്, ഈ ലോകത്തെ അത്യധികം സ്നേഹിച്ചു. അതുകൊണ്ടാണ് അവന്‍ എന്നെ വിട്ടുപിരിഞ്ഞത്. അവന്‍ തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയിലേക്കും പോയി. തീത്തൊസ് ദല്‍മാത്യെക്കും പോയി.
11 ഇപ്പോഴും എന്നോടൊപ്പമുള്ളത് ലൂക്കൊസ് ഒരാളു മാത്രമാണ്. നീ വരുന്പോള്‍ മര്‍ക്കോസിനെക്കൂടി കണ്ടെത്തി കൊണ്ടുവരണം. അവന് എന്നെ എന്‍റെ ജോലിയില്‍ സഹായിക്കാന്‍ പറ്റും.
12 തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചു.
13 ഞാന്‍ ത്രോവാസിലായിരുന്നപ്പോള്‍ എന്‍റെ പുറങ്കുപ്പായം കര്‍പ്പൊസിന്‍റെയടുത്ത് വച്ചിരുന്നു. അതും എന്‍റെ പുസ്തകങ്ങളും വിശേഷിച്ച് ചര്‍മ്മപത്രത്തിലെഴുതിയ പുസ്തകങ്ങളും നീ വരുന്പോള്‍ കൊണ്ടുവരിക
14 ലോഹപ്പണിക്കാരനായ അലെക്സന്തര്‍ എനിക്കെതിരെ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. താന്‍ ചെയ്ത കാര്യങ്ങളെപ്രതി അലെക്സന്തരെ കര്‍ത്താവ് ശിക്ഷിക്കും.
15 അവന്‍ നിന്നെയും വൃണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ഉപദേശത്തിനെതിരെ അവന്‍ ശക്തമായി പോരാടി.
16 ഞാന്‍ ആദ്യമായി എന്നെ പ്രതിരോധിച്ച നേരം ആരും എന്നെ സഹായിച്ചില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ദൈവം അവരോട് ക്ഷമിക്കട്ടേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
17 എന്നാല്‍, ദൈവം എന്‍റെയൊപ്പം നിന്നു. ജാതികള്‍ക്ക് പൂര്‍ണ്ണമായി സുവിശേഷം പറഞ്ഞുകൊടുക്കത്തക്കവണ്ണം കര്‍ത്താവ് എനിക്കു കരുത്തു പകര്‍ന്നു. സകല ജാതികളും ആ സുവിശേഷം കേള്‍ക്കണമെന്ന് കര്‍ത്താവ് ആഗ്രഹിച്ചു. ഞാന്‍ സിംഹത്തിന്‍റെ വായില്‍ നിന്ന് രക്ഷപ്പെട്ടു.
18 ആരെങ്കിലും എന്നെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്പോള്‍ കര്‍ത്താവ് എന്നെ രക്ഷിക്കും. കര്‍ത്താവ് തന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എന്നെ സുരക്ഷിതമായി എത്തിക്കും. മഹത്വം എന്നെന്നേക്കും കര്‍ത്താവിന്‍റേതായിരിക്കട്ടെ.
അവസാന അഭിവാദനം
19 പ്രിസ്ക്കെയെയും അക്വിലാവിനെയും ഒനേസിഫൊരൊസിന്‍റെ കുടുംബത്തെയും എന്‍റെ വന്ദനം അറിയിക്കുക.
20 എരസ്തൊസ് കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിനെ ഞാന്‍ മിലെത്തില്‍ വിട്ടേച്ചുപോന്നു. അവന്‍ രോഗിയായിരുന്നു.
21 ശൈത്യത്തിനു മുന്‍പേ എന്‍റെയടുക്കലേക്ക് വരുവാന്‍ നിനക്കു കഴിയുന്നത്ര കഠിനമായി യത്നിക്കുക. യൂബൂലൊസ് നിന്നെ വന്ദനം ചെയ്യുന്നു.
കൂടാതെ പൂദെസും ലീനൊസും ക്ലൌദിയയും ക്രിസ്തുവിലെ എല്ലാ സഹോദരരും നിനക്കു വന്ദനം ചെയ്യുന്നു.
22 കര്‍ത്താവ് നിന്‍റെ ആത്മാവിനോടു കൂടെ ഉണ്ടാകട്ടെ. കൃപ നിന്നോടൊപ്പം ഉണ്ടാകട്ടെ.