വിജയം യെഹൂദര്‍ക്ക്
9
രാജാവിന്‍റെ കല്പനയുടെയും രാജ്യത്തെ നിയമത്തിന്‍റെയും ബലത്തില്‍ യെഹൂദരെ തോല്പിക്കുവാന്‍ വേണ്ടി അവരുടെ ശത്രുക്കള്‍ കാത്തിരുന്ന ദിവസമായിരുന്നു പന്ത്രണ്ടാം മാസമായ ആദാര്‍മാസം 13-ാം തീയതി. എന്നാല്‍ ആ ദിവസം അടുത്തുവന്നപ്പോള്‍ സ്ഥിതി കീഴ്മേല്‍ മറിഞ്ഞു. തങ്ങളെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചവരെ യെഹൂദര്‍ കീഴ്പ്പെടുത്തി. അഹശ്വേരോശു രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലുമുള്ള സകല യെഹൂദരും തങ്ങളെ നശിപ്പിക്കാന്‍ കോപ്പു കൂട്ടിയിരുന്നവരോടു പ്രതികാരം ചെയ്യാന്‍ വേണ്ടി അവരവരുടെ പട്ടണങ്ങളില്‍ ഒത്തുകൂടി. ആരും അവര്‍ക്കെതിരെ നില്‍ക്കാന്‍ ശക്തരായിരുന്നില്ല. കാരണം എല്ലാവര്‍ക്കും അവരെ പേടിയായിരുന്നു. സകലസംസ്ഥാനങ്ങളിലെയും രാജപ്രതിനിധികളും സകല ഉദ്യോഗസ്ഥരും ദേശാധിപതികളും രാജകല്പനകള്‍ നടപ്പാക്കാനുള്ളവരും യെഹൂദരെ സഹായിച്ചതേ ഉള്ളൂ. കാരണം അവര്‍ക്ക് മൊര്‍ദ്ദെഖായിയെ പേടിയായിരുന്നു. രാജാവിന്‍റെ ഉന്നത ഉദ്യോഗസ്ഥനായതുകൊണ്ടാണ് അവര്‍ മൊര്‍ദ്ദെഖായിയെ പേടിച്ചത്. പ്രവിശ്യയിലെ സകലരും അവന്‍റെ പേരും പ്രതാപവും മനസ്സിലാക്കി. അങ്ങനെ മൊര്‍ദ്ദെഖായി കൂടുതല്‍ കൂടുതല്‍ ശക്തനായിത്തീര്‍ന്നു.
അങ്ങനെ യെഹൂദര്‍ അവരുടെ ശത്രുക്കളെ മുഴുവന്‍ വാളുകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞു. തങ്ങളെ വെറുത്തവരോടു അവര്‍ പ്രതികാരം ചെയ്തു. ശൂശന്‍രാജധാനിയില്‍ യെഹൂദര്‍ 500 പുരുഷന്മാരെ കൊന്നു. പര്‍ശന്‍ദാഥാ, തല്‍ഫോന്‍, അസ്പാഥാ, പേറാഥാ, അദല്യാ, അരീദാഥാ, പര്‍മ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിവരെയും കൊന്നു. 10 അവര്‍ പത്തുപേരും യെഹൂദരുടെ ശത്രുവായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍റെ പുത്രന്മാരായിരുന്നു. എന്നാല്‍ അവരുടെ വസ്തുവകകളൊന്നും യെഹൂദര്‍ കവര്‍ന്നെടുത്തില്ല.
11 അന്നേദിവസം തന്നെ ശൂശന്‍രാജധാനിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രാജാവിനെ അറിയിച്ചിരുന്നു. 12 അപ്പോള്‍ രാജാവ് എസ്ഥേര്‍രാജ്ഞിയോടു പറഞ്ഞു, “ശൂശന്‍രാജധാനിയില്‍ ഹാമാന്‍റെ പത്തു പുത്രന്മാരടക്കം 500 പുരുഷന്മാരെ യെഹൂദര്‍ കൊന്നുമുടിച്ചിരിക്കുന്നു. രാജാവിന്‍റെ മറ്റുസംസ്ഥാനങ്ങളില്‍ അവര്‍ എന്തുചെയ്തുവോ ആവോ? നിന്‍റെ അപേക്ഷ എന്തുതന്നെയായാലും അതു സാധിച്ചുതരുന്നുണ്ട്. നിനക്കു വേണ്ടത് വേറെ എന്തുതന്നെയായലും അതും സാധിച്ചു തരുന്നുണ്ട്.”
13 അതിന് എസ്ഥേര്‍ പറഞ്ഞു, “ഇതു രാജാവിനെ സന്തുഷ്ടനാക്കുന്നുവെങ്കില്‍ ഇന്നു ചെയ്തതുതന്നെ നാളെയും ചെയ്യാനും ഹാമാന്‍റെ പത്തു പുത്രന്മാരെയും കഴുമരത്തില്‍ തൂക്കാനും ശൂശനിലുള്ള യെഹൂദരെ അനുവദിക്കുമാറാകണം.”
14 എസ്ഥേര്‍ അപേക്ഷിച്ചതുപോലെ നടക്കട്ടെ എന്നു രാജാവ് ആജ്ഞാപിക്കുകയും അതു നിയമമായി ശൂശനില്‍ വിളംബരപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഹാമാന്‍റെ പത്തു പുത്രന്മാരെയും അവര്‍ കഴുവിലേറ്റി. 15 ശൂശനിലുണ്ടായിരുന്ന യെഹൂദര്‍ ആദാര്‍മാസം പതിനാലാംതീയതി വീണ്ടും ഒത്തുകൂടി അവിടത്തെ 300 പുരുഷന്മാരെ കൊന്നു. എങ്കിലും അവര്‍ക്കുണ്ടായിരുന്ന വസ്തുവകകളൊന്നും കവര്‍ന്നെടുത്തില്ല. 16 രാജാവിന്‍റെ സംസ്ഥാനങ്ങളില്‍ ജീവിച്ചിരുന്ന ബാക്കിയുള്ള യെഹൂദര്‍ ആത്മരക്ഷയ്ക്കും ശത്രുക്കളില്‍നിന്നുള്ള സ്വൈരത്തിനുംവേണ്ടി സംഘം ചേരുകയും 75,000 വിരോധികളെ കൊല്ലുകയും ചെയ്തിരുന്നു. എങ്കിലും വസ്തുവകകളൊന്നും അവര്‍ കവര്‍ന്നിരുന്നില്ല. 17 സംസ്ഥാനങ്ങളില്‍ ഇതു സംഭവിച്ചതും ആദാര്‍മാസം പതിമൂന്നാം തീയതി ആയിരുന്നു. പതിനാലാംതീയതി അവര്‍ വിശ്രമിച്ചു. അതിനെ അവര്‍ വിരുന്നിനും ഉത്സവത്തിനുമുള്ള ഒരു ദിവസമാക്കുകയും ചെയ്തു.
പൂരീം ഉത്സവം
18 എന്നാല്‍ ശൂശനിലെ യെഹൂദര്‍ സ്വയരക്ഷയ്ക്കുവേണ്ടി ആദാര്‍മാസം പതിമൂന്നും പതിനാലും തീയതികളില്‍ ഒന്നിച്ചു കൂടിയിരുന്നതിനാല്‍ പതിനഞ്ചാം തീയതി വിശ്രമിക്കുകയും അതിനെ വിരുന്നിനും ഉത്സവത്തിനുമുള്ള ദിവസമാക്കുകയും ചെയ്തു. 19 അതുകൊണ്ട് നാട്ടുന്പുറങ്ങളിലും നാട്ടിന്‍പുറങ്ങളിലെ പട്ടണങ്ങളിലും പാര്‍ക്കുന്ന യെഹൂദര്‍ പതിനാലാം തീയതിയാണ് ഉത്സവവും വിരുന്നുമുള്ള ദിവസമായി ആഘോഷിക്കുന്നത്. അന്നവര്‍ എല്ലാവരും സമ്മാനങ്ങള്‍ അന്യോന്യം കൊടുത്തയയ്ക്കുകയും ചെയ്യുന്നു.
20 ഈ നടന്നതെല്ലാം മൊര്‍ദ്ദെഖായി എഴുതി വെച്ചു. അഹശ്വേരോശുരാജാവിന്‍റെ അടുത്തും അകലെയുമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ യെഹൂദര്‍ക്കും അവന്‍ സംഭവങ്ങളെപ്പറ്റി എഴുതി അറിയിച്ചു. 21 ആണ്ടുതോറും ആദാര്‍മാസം പതിനാലും പതിനഞ്ചും തീയതികള്‍ വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും ദിനങ്ങളാക്കുന്നതിനായിരുന്നു അവന്‍ നിര്‍ദേശങ്ങള്‍ എഴുതി അയച്ചത്. 22 യെഹൂദര്‍ ശത്രുക്കളില്‍നിന്ന് സ്വസ്ഥതനേടിയ ദിവസങ്ങളായതുകൊണ്ടാണ് അവയെ വിശ്രമദിനങ്ങളായി നീക്കിവെച്ചത്. അവരുടെ വിലാപം ഉത്സവവും ദു:ഖം സന്തോഷവുമായി മാറിയതും ആ മാസത്തിലെ ആ ദിവസങ്ങളിലായതുകൊണ്ട് അവയെ വിരുന്നിനും ആഘോഷത്തിനും അന്യോന്യം സമ്മാനങ്ങള്‍ കൈമാറുന്നതിനും ദരിദ്രര്‍ക്ക് ദാനധര്‍മ്മങ്ങള്‍ കൊടുക്കുന്നതിനുമുള്ള ദിവസങ്ങളായും നീക്കിവച്ചു.
23 അതിനാല്‍ ആചരിച്ചുതുടങ്ങിയ വിശ്രമദിവസം മൊര്‍ദ്ദെഖായി എഴുത്തിലൂടെ ആവശ്യപ്പെട്ടതുപോലെ തുടര്‍ന്നും ആചരിക്കുമെന്ന് യെഹൂദര്‍ സമ്മതിച്ചു.
24 ആഗാഗുകാരനായ ഹമ്മെദാഥയുടെ മകനും സകല യെഹൂദരുടെയും ശത്രുവുമായ ഹാമാന്‍ രാജ്യത്തുള്ള സകല യെഹൂദരെയും മുടിച്ചുകളയുന്നതിലേക്കായി ഒരു കുടിലതന്ത്രം മെനയുകയും അവരെ ഉപദ്രവിക്കാനും മുടിക്കാനും പറ്റിയ ദിവസം കണ്ടുപിടിക്കാന്‍ വേണ്ടി നറുക്കിടുകയും ചെയ്തിരുന്നു. അക്കാലത്ത് ഈ നറുക്കിനെ “പൂര്”എന്നായിരുന്നു വിളിച്ചിരുന്നത്. ആ അവധിദിവസത്തെ “പൂരീം”എന്നും വിളിക്കുന്നു. 25 ഹാമാന്‍ അക്കാര്യങ്ങള്‍ ചെയ്തു എങ്കിലും എസ്ഥേര്‍ രാജാവിനോടു സംസാരിക്കാന്‍പോയി. അതിനാലവന്‍ പുതിയ കല്പനകളിറക്കി. ഈ കല്പനകള്‍ ഹാമാന്‍റെ പദ്ധതികളെ നശിപ്പിച്ചുവെന്നുമാത്രമല്ല, ഹാമാനും അവന്‍റെ കുടുംബത്തിനും ആ ദുരിതങ്ങള്‍ സംഭവിക്കാനും അതിടയാക്കി! അങ്ങനെ ഹാമാനും പുത്രന്മാരും കഴുമരത്തിലേറ്റപ്പെട്ടു.
26 അക്കാലത്ത് നറുക്കുകളെ “പൂരീം”എന്നാണുവിളിച്ചിരുന്നത്. അതിനാല്‍ ആ അവധി ദിവസം “പൂരീം”എന്നു വിളിക്കപ്പെട്ടു. ഈ അവധിദിവസം ആഘോഷിക്കാന്‍ മൊര്‍ദ്ദെഖായി ഒരു കത്തിലൂടെ യെഹൂദരോടാവശ്യപ്പെട്ടു. അങ്ങനെ എല്ലാവര്‍ഷവും ഈ രണ്ടു ദിവസങ്ങളാഘോഷിക്കുന്നത് യെഹൂദര്‍ക്കിടയില്‍ ആചാരമായി. 27 വിശ്രമദിവസം ആചരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും അവരോടു ചേര്‍ന്നവര്‍ക്കും വേണ്ടി യെഹൂദര്‍ സത്യംചെയ്തു സ്വീകരിച്ചു. ഈ രണ്ടുദിവസങ്ങളും നിയമം അനുശാസിക്കുന്നതുപോലെ ആണ്ടുതോറും തീരുമാനിച്ച സമയത്ത് തന്നെ ആചരിക്കുന്നതില്‍ ആരും വീഴ്ച വരുത്താവുന്നതല്ല. 28 ഈ ദിവസങ്ങള്‍ എല്ലാ തലമുറകളിലും എല്ലാ കുലങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പട്ടണങ്ങളിലും സ്മരണ പുതുക്കിക്കൊണ്ട് ആചരിക്കപ്പെടുന്നു. ഈ പൂരീംദിവസങ്ങള്‍ യെഹൂദരുടെ ഇടയില്‍നിന്ന് ഒഴിഞ്ഞുപോവുകയില്ല. ആ യെഹൂദരുടെ പിന്‍ഗാമികള്‍ ഈ വിശ്രമദിവസം എക്കാലവും സ്മരിക്കും.
29 അതിനാല്‍ പൂരീമിനെ സംബന്ധിച്ച് അബീഹയീലിന്‍റെ പുത്രിയായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും ഒരു ഔദ്യോഗിക കത്തെഴുതി. ഇതിന്‍റെ മൂല്യം തെളിയിക്കത്തക്കവിധത്തില്‍ പൂര്‍ണ്ണരാജകീയ അധികാരത്തോടെയാണ് അവര്‍ രണ്ടാമത്തെ കത്ത് എഴുതിയത്. 30 ഇപ്പോള്‍ അഹശ്വേരോശുരാജാവിന്‍റെ രാജ്യത്തെ 127 പ്രവിശ്യകളിലും ജീവിച്ചിരുന്ന എല്ലാ യെഹൂദര്‍ക്കും മൊര്‍ദ്ദെഖായി സമാധാനം ആശംസിച്ചുകൊണ്ടുള്ള കത്തുകളയച്ചു. സമാധാനം കൊണ്ടുവരുന്നതും മറ്റുള്ളവരെ അന്യോന്യം വിശ്വസ്തരാക്കി തീര്‍ക്കുന്നതുമായ സന്ദേശങ്ങളായിരുന്നു കത്തുകളില്‍. 31 പൂരീം ആഘോഷിക്കുന്നത് ആരംഭിക്കാന്‍ ജനങ്ങളോടാവശ്യപ്പെടാനാണ് മൊര്‍ദ്ദെഖായി ഈ കത്തുകളെഴുതിയത്. ഈ പുതിയ അവധി ദിവസം എപ്പോളാഘോഷിക്കണമെന്നും അവന്‍ അവരോടു പറഞ്ഞു. യെഹൂദനായ മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും യെഹൂദര്‍ക്കു കല്പനകളയച്ചിരുന്നു. അവര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കുമായി ഈ രണ്ട് അവധിദിവസങ്ങള്‍ സ്ഥാപിച്ചെടുക്കാനാണ് അവരിങ്ങനെ ചെയ്തത്. സംഭവിച്ച ദോഷങ്ങളെച്ചൊല്ലിയുള്ള ഉപവാസത്തെയും നിലവിളിയെയുംപറ്റി ഓര്‍മ്മിക്കുന്നതു പോലെതന്നെ അവര്‍ ഇത് ഓര്‍മ്മിക്കും. 32 എസ്ഥേരിന്‍റെ കത്ത് പൂരീമിന്‍റെ ചട്ടങ്ങള്‍ ഔദ്യോഗികമാക്കി. ഇക്കാര്യങ്ങളൊക്കെ ഒരു പുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്.