ഇടയനും കുഞ്ഞാടും
10
യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. ആട്ടിന്‍ തൊഴുത്തിലേക്കു കയറുന്നവന്‍ വാതിലിലൂടെ വേണം പ്രവേശിക്കുവാന്‍. അല്ലാത്തപക്ഷം അവന്‍ കള്ളനാണ്. ആടുകളെ മോഷ്ടിക്കണമവന്. എന്നാല്‍ ആടുകളുടെ ഇടയന്‍ വാതിലിലൂടെയാവും പ്രവേശിക്കുക. ഇടയനുവേണ്ടി കാവല്‍ക്കാരന്‍ വാതില്‍ തുറക്കുന്നു. ആടുകള്‍ ഇടയന്‍റെ ശബ്ദം ശ്രദ്ധിക്കുന്നു. ഇടയന്‍ തന്‍റെയാടുകളെ പേരെടുത്തു വിളിച്ച് പുറത്തേക്കു നയിക്കുന്നു. എല്ലാ ആടുകളെയും ഇടയന്‍ പുറത്തേക്കു കൊണ്ടുവരുന്നു. അവന്‍ അവയ്ക്കു മുന്പേ നടന്ന് അവയെ നയിക്കുന്നു. അവന്‍റെ ശബ്ദം അറിയാവുന്നതു കൊണ്ട് ആടുകള്‍ അവനെ അനുഗമിക്കും. എന്നാല്‍ അറിയാത്ത ഒരുവനെ ആടുകള്‍ അനുഗമിക്കില്ല. അവ അയാളില്‍ നിന്ന് ഓടിപ്പോകും. കാരണം, അയാളുടെ ശബ്ദം അവയ്ക്കറിയില്ല.”
യേശു ആളുകളോട് ആ ഉപമ പറഞ്ഞു, എന്നാല്‍ അതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല.
യേശു നല്ലയിടയന്‍
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു, “ഞാന്‍ നിങ്ങളോട് സത്യമായി പറയട്ടെ. ആടുകള്‍ക്കുള്ള വാതില്‍ ഞാനാകുന്നു. എനിക്കു മുന്പു വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമാകുന്നു. ആടുകള്‍ അവര്‍ക്കു ചെവികൊടുത്തില്ല. ഞാനാകുന്നു വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപെടും. അയാള്‍ക്ക് അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യാം. ആവശ്യമുള്ളതെല്ലാം അയാള്‍ക്കു കിട്ടും. 10 കള്ളന്‍ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. ഞാന്‍ വരുന്നത് അവര്‍ക്കു ജീവനും അതിന്‍റെ മുഴുവന്‍ നന്മയും നല്‍കുന്നതിനാണ്.
11 “നല്ലയിടയന്‍ ഞാനാകുന്നു. നല്ലയിടയന്‍ ആടുകള്‍ക്ക് അവന്‍റെ ജീവന്‍ നല്‍കുന്നു. 12 കൂലിയ്ക്ക് ആടുകളെ സൂക്ഷിക്കുന്നവനും ഇടയനും തമ്മില്‍ വ്യത്യാസമുണ്ട്. കൂലിക്കാരന്‍ ആടിന്‍റെ ഉടമയല്ല. അതുകൊണ്ട് ചെന്നായ് വരുന്നത് അവന്‍ കാണുന്പോള്‍ അവന്‍ ആടുകളെ ഉപേക്ഷിച്ച് ഓടി രക്ഷപെടും. ചെന്നായ് ആടുകളെ ആക്രമിച്ച് അവയെ ചിതറിക്കും. 13 അവന്‍ വെറും കൂലിക്കാരന്‍ മാത്രം ആയതിനാല്‍ ആണ് അവന്‍ ഓടിപ്പോകുന്നത്. അയാള്‍ക്ക് ആടുകളെപ്പറ്റി വിചാരമില്ല.
14-15 “ആടുകളെ പരിപാലിക്കുന്ന നല്ല ഇടയന്‍ ഞാനാകുന്നു. പിതാവ് എന്നെ അറിയുന്നതു പോലെ എന്‍റെ ആടുകളെ ഞാനറിയും. എന്‍റെ പിതാവിനെ ഞാനറിയുന്പോലെ എന്‍റെ ആടുകള്‍ എന്നെയുമറിയും. ഈ ആടുകള്‍ക്കായി ഞാനെന്‍റെ ജീവന്‍ നല്‍കുന്നു. 16 എനിക്ക് മറ്റ് ആടുകള്‍ കൂടിയുണ്ട്. അവ ഈ തൊഴുത്തിലില്ല. എനിക്കവയെയും നയിക്കണം. അവ എന്‍റെ ശബ്ദം കേള്‍ക്കും. ഭാവിയില്‍ ഒരു തൊഴുത്തും ഒരിടയനും മാത്രമാകും. 17 സ്വന്തം ജീവന്‍ ത്യജിക്കുന്ന എന്നെ പിതാവ് സ്നേഹിക്കുന്നു. വീണ്ടും കിട്ടാനാണ് ഞാന്‍ എന്‍റെ ജീവന്‍ നല്‍കുന്നത്. 18 എന്‍റെ ജീവന്‍ ആരും എന്നില്‍ നിന്ന് എടുത്തുകൊണ്ടു പോകയില്ല. എന്‍റെ ജീവന്‍ ഞാന്‍ സ്വയം ത്യജിക്കുകയാണ്. എനിക്കതിനുള്ള അവകാശമുണ്ട്. അതു തിരിച്ചു കിട്ടാനുള്ള അവകാശവും എനിക്കുണ്ട്. ഇതാണെന്‍റെ പിതാവ് എന്നോടു പറഞ്ഞത്.”
19 യേശുവിന്‍റെ ഈ വാക്കുകള്‍ യെഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നിപ്പുണ്ടാക്കി. 20 അധികം യെഹൂദരും പറഞ്ഞു, “അവനില്‍ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. അതവനെ ഭ്രാന്തനാക്കിയിരിക്കുന്നു. പിന്നെന്തിന് അവന്‍റെ വാക്കുകള്‍ കേള്‍ക്കുന്നു?”
21 എന്നാല്‍ മറ്റ് യെഹൂദര്‍ പറഞ്ഞു, “ഇതു ഭൂതം ബാധിച്ചവന്‍റെ ഭ്രാന്തന്‍ വാക്കുകളല്ല. ഭൂതത്തിന് അന്ധനു കാഴ്ച നല്‍കുവാനാകുമോ? ഇല്ല.”
യെഹൂദര്‍ യേശുവിനെതിരെ
22 അതൊരു ശീതകാലമായിരുന്നു. യെരൂശലേമില്‍ പ്രതിഷ്ഠോത്സവത്തിന്‍റെ സമയമായി. 23 യേശു ദൈവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തിലൂടെ നടക്കുകയായിരുന്നു, 24 യെഹൂദര്‍ യേശുവിന്‍റെ ചുറ്റും കൂടി അവര്‍ പറഞ്ഞു, “എത്രകാലം നീ ഞങ്ങളെ ഈ അനിശ്ചിതത്വത്തില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു വ്യക്തമായി പറയുക.”
25 യേശു മറുപടി പറഞ്ഞു, “ഞാന്‍ നേരത്തെ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ട്. പക്ഷേ നിങ്ങള്‍ വിശ്വസിച്ചില്ല. ഞാന്‍ എന്‍റെ പിതാവിന്‍റെ പേരില്‍ ചെയ്യുന്ന അത്ഭുതപ്രവൃത്തികള്‍ ഞാനാരെന്നു തെളിയിക്കുന്നു. 26 പക്ഷേ നിങ്ങള്‍ വിശ്വസിക്കാത്തതെന്തുകൊണ്ട്? കാരണം നിങ്ങള്‍ എന്‍റെ ആടുകളല്ല. 27 എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെ പിന്തുടരുന്നു. 28 ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു, അവ ഒരിക്കലും മരിക്കയില്ല. അവയെ എന്‍റെ കൈയില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കുമാവില്ല. 29 എന്‍റെ പിതാവ് എന്‍റെ ആടുകളെ എനിക്കു തന്നു. അവനാണ് എല്ലാറ്റിനും വലിയത്. ആര്‍ക്കും എന്‍റെ പിതാവിന്‍റെ കൈയില്‍നിന്നും ആടുകളെ മോഷ്ടിക്കാനാവില്ല. 30 പിതാവും ഞാനും ഒന്നുതന്നെ.”
31 യെഹൂദര്‍ വീണ്ടും യേശുവിനെ എറിയാന്‍ കല്ലെടുത്തു. 32 എന്നാല്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ പിതാവില്‍ നിന്നു പല നല്ല കാര്യങ്ങളും ചെയ്തു. നിങ്ങള്‍ അവ കാണുകയും ചെയ്തു. ഇതില്‍ ഏതു കാര്യത്തിനാണു നിങ്ങളെന്നെ കൊല്ലുന്നത്?”
33 യെഹൂദര്‍ പറഞ്ഞു, “നീ ചെയ്ത ചില നന്മക്കല്ല ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്. പക്ഷേ നീ പറഞ്ഞ വാക്കുകളെല്ലാം ദൈവവിരുദ്ധമാണ്. നീ വെറും മനുഷ്യനാണ്. പക്ഷേ നീ ദൈവമാണെന്നു സ്വയം അവകാശപ്പെടുന്നു. അതിനാലാണു ഞങ്ങള്‍ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നത്.”
34 യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ ന്യായപ്രമാണത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഞാന്‍ പറഞ്ഞു നിങ്ങള്‍ ദേവന്മാരാണ്.’ ഉദ്ധരണി സങ്കീ. 82:6. 35 ഈ തിരുവെഴുത്ത് ദൈവസന്ദേശം കിട്ടിയവരെ ദേവന്മാരെന്നു വിളിച്ചു. തിരുവെഴുത്തുകള്‍ എപ്പോഴും സത്യമാണ്. 36 ഞാന്‍ ദൈവപുത്രനാണ് എന്നു ഞാന്‍ പറയുന്നത് ദൈവദൂഷണമാണെന്നു പിന്നെ നിങ്ങളെന്താണു പറയുന്നത്? ദൈവം തിരഞ്ഞെടുത്ത് ഭൂമിയിലേക്കയച്ചവനാണ് ഞാന്‍. 37 എന്‍റെ പിതാവ് എന്ത് ചെയ്യുന്നുവോ അത് ഞാന്‍ ചെയ്തില്ലെങ്കില്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കേണ്ട. 38 എന്നാല്‍ പിതാവ് ചെയ്യുന്നത് തന്നെ ഞാനും ചെയ്താല്‍ എന്നെ വിശ്വസിക്കുക. നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലായിരിക്കാം. പക്ഷേ എന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യും പിതാവ് എന്നിലും ഞാന്‍ പിതാവിലുമുണ്ടെന്ന്.”
39 യെഹൂദര്‍ വീണ്ടും അവനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അവരില്‍നിന്നും രക്ഷപെട്ടു.
40 പിന്നീട് യേശു യോര്‍ദ്ദാന്‍നദി കടന്ന് യോഹന്നാന്‍ മുന്പ് സ്നാനം നടത്തിയിരുന്നിടത്തേക്കു പോയി. യേശു അവിടെത്തങ്ങി. 41 അനേകര്‍ അവനെ സമീപിച്ചു, അവര്‍ പറഞ്ഞു, “യോഹന്നാന്‍ ഒരിക്കലും അത്ഭുതപ്രവൃത്തികള്‍ ചെയ്തിട്ടില്ല. എന്നാല്‍ യോഹന്നാന്‍ ഇയാളെപ്പറ്റി പറഞ്ഞതെല്ലാം ശരിയായിരുന്നു.” 42 അവിടെ അനേകംപേര്‍ യേശുവില്‍ വിശ്വസിച്ചു.