യേശു തന്‍റെ ശിഷ്യന്മാരുടെ കാല്‍ കഴുകുന്നു
13
പെസഹാ ഉത്സവത്തിനു മുന്പ് തനിക്ക് ഈ ലോകം വിടാനുള്ള സമയമായെന്ന് യേശുവിന് അറിയാമായിരുന്നു. യേശുവിനു പിതാവിന്‍റെ അടുത്തേക്കു പോകാനുള്ള സമയമായി. അവന്‍ ഈ ലോകത്തുള്ള തന്‍റെയാള്‍ക്കാരെ എപ്പോഴും സ്നേഹിച്ചു. ഇപ്പോഴാണവര്‍ അവരോടേറ്റവും സ്നേഹം പ്രകടിപ്പിച്ചത്.
യേശുവും ശിഷ്യന്മാരും അത്താഴം കഴിക്കുകയായിരുന്നു, പിശാച് യേശുവിനെതിരെ തിരിയാന്‍ യൂദാ ഇസ്കര്യോത്തിനെ ബോധ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു. (ശിമോന്‍ ഇസ്കര്യോത്തിന്‍റെ പുത്രനായിരുന്നു യൂദാ.) പിതാവ് യേശുവിന് എല്ലാറ്റിനും മേല്‍ ശക്തി നല്‍കി. താന്‍ ദൈവത്തില്‍ നിന്നും വന്നവനാണെന്നും ദൈവത്തിലേക്കു മടങ്ങിപ്പോകുകയാണെന്നും യേശുവിനറിയാം. അവര്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കവേ യേശു എഴുന്നേറ്റു നിന്ന് തന്‍റെ മേല്‍കുപ്പായം മാറ്റി. ഒരു തോര്‍ത്തെടുത്ത് അരയില്‍ ചുറ്റി. അവന്‍ ഒരു പാത്രത്തില്‍ വെള്ളം എടുത്തു. യേശു ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങി. അരയില്‍ നിന്നും തോര്‍ത്തഴിച്ച് അവരുടെ കാലും തുടച്ചു.
യേശു അടുത്തെത്തിയപ്പോള്‍ ശിമോന്‍ പത്രൊസ് അവനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് എന്‍റെ കാല് കഴുകുകയാണോ?”
യേശു മറുപടി പറഞ്ഞു, “ഞാനിപ്പോളെന്താണു ചെയ്യുന്നതെന്നു നീ അറിയുന്നില്ല. പക്ഷേ പിന്നീട് നിനക്കതു മനസ്സിലാവും.”
പത്രൊസ് പറഞ്ഞു, “ഇല്ല! അങ്ങെന്‍റെ കാല്‍ ഒരിക്കലും കഴുകില്ല.”
യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്‍റെ കാലു കഴുകിയില്ലെങ്കില്‍ നിനക്കെന്‍റെ ആളുകളില്‍ ഒന്നാകാന്‍ സാധിക്കയില്ല.”
ശിമോന്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, എന്‍റെ കാലുകള്‍ കഴുകിയതിനു ശേഷം കൈകളും തലയും കഴുകൂ.”
10 യേശു പറഞ്ഞു, “ഒരാള്‍ കുളിച്ചാല്‍ അയാളുടെ ശരീരം മുഴുവന്‍ വൃത്തിയാകും. അവന്‍ കാലുകള്‍ കഴുകുകയേ വേണ്ടൂ. നിങ്ങള്‍ ശുദ്ധരാണ്, എന്നാല്‍ നിങ്ങളെല്ലാവരും അല്ല.” 11 തനിക്കെതിരെ തിരിയുന്നവനാരെന്ന് യേശുവിന് അറിയാമായിരുന്നു. അതിനാലാണ് “നിങ്ങളിലെല്ലാവരും ശുദ്ധരല്ല” എന്നവന്‍ പറഞ്ഞത്.
12 യേശു അവരുടെ കാല്‍കഴുകല്‍ അവസാനിപ്പിച്ചു, തന്‍റെ വസ്ത്രങ്ങള്‍ ധരിച്ച് അവന്‍ വീണ്ടും ഇരുന്നു. യേശു ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്തതെന്നു മനസ്സിലായോ? 13 നിങ്ങളെന്നെ ‘ഗുരു’ എന്നു വിളിക്കുന്നു. ‘കര്‍ത്താവേ,’ എന്നു വിളിക്കുന്നു. ഞാന്‍ അതായതു കൊണ്ട് ശരിയാണ്. 14 നിങ്ങളുടെ കര്‍ത്താവ് ഞാനാണ്. പക്ഷേ ഞാനൊരു ദാസനെപ്പോലെ നിങ്ങളുടെ കാലുകള്‍ കഴുകി. അതിനാല്‍ നിങ്ങളോരോരുത്തരും മറ്റുള്ളവരുടെ കാലുകള്‍ കഴുകണം. 15 നിങ്ങള്‍ക്കു മാതൃകയായാണ് ഞാനിങ്ങനെയൊക്കെ ചെയ്തത്. അതിനാല്‍ ഞാന്‍ നിങ്ങളോട് ചെയ്തതുപോലെ നിങ്ങളോരോരുത്തരും പരസ്പരം ചെയ്യുക. 16 ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു. ഒരു ദാസനും തന്‍റെ യജമാനനെക്കാള്‍ വലിയവനല്ല. 17 ഇതെല്ലാമറിഞ്ഞു നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്കു സന്തോഷവാന്മാരായിരിക്കാം.
18 “ഞാന്‍ നിങ്ങളെ എല്ലാവരേയും പറ്റിയല്ല ഈ പറയുന്നത്. ഞാന്‍ തിരഞ്ഞെടുത്തവരെ എനിക്കറിയാം. പക്ഷേ തിരുവെഴുത്തില്‍ പറഞ്ഞതു സംഭവിക്കണം. ‘എന്‍റെ അപ്പം പങ്കു വെച്ചവന്‍എനിക്കെതിരായി.’* ‘എന്‍റെ … എനിക്കെതിരായി’ ഉദ്ധരണി സങ്കീ.41:9. 19 അങ്ങനെ സംഭവിക്കും മുന്പ് ഇപ്പോള്‍ ഞാനിതു നിങ്ങളോടു പറയുന്നു. അതു സംഭവിക്കുന്പോള്‍ നിങ്ങള്‍ ‘ഞാന്‍ ആകുന്നു’ എന്നു വിശ്വസിക്കും. 20 ഞാന്‍ നിങ്ങളോടു സത്യം പറയാം. ഞാനയച്ചവനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിച്ചവന്‍ എന്നെ അയച്ചവനെയും സ്വീകരിക്കും.”
തനിക്കെതിരെ ആരെന്നു യേശു പറയുന്നു
(മത്താ. 26:20-25; മര്‍ക്കൊ. 14:17-21; ലൂക്കൊ. 22:21-23)
21 ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ യേശുവിന്‍റെ മനസ്സു വീണ്ടും കലങ്ങി. അവന്‍ തന്‍റെ ശിഷ്യന്മാരോടു തുറന്നു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. നിങ്ങളിലൊരുവന്‍ എനിക്കെതിരെ തിരിയും.”
22 ശിഷ്യന്മാരെല്ലാവരും പരസ്പരം നോക്കി. ആരെപ്പറ്റിയാണ് യേശു പറയുന്നതെന്ന് അവര്‍ക്കു മനസ്സിലായില്ല. 23 ശിഷ്യന്മാരിലൊരുവന്‍ യേശുവിന്‍റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. യേശു സ്നേഹിച്ച ഒരു ശിഷ്യനായിരുന്നു അത്. 24 ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് യേശുവിനോടു ചോദിക്കാന്‍ ശിമോന്‍ പത്രൊസ് അയാളോട് ആംഗ്യം കാട്ടി.
25 അയാള്‍ യേശുവിന്‍റെയടുത്തേക്കു ചാഞ്ഞു ചോദിച്ചു, “കര്‍ത്താവേ, അങ്ങേക്കെതിരെ തിരിയുന്നവന്‍ ആരാണ്?”
26 യേശു മറുപടി പറഞ്ഞു, ഈ അപ്പം ഞാന്‍ പാത്രത്തില്‍ മുക്കും. ഇതു ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ എനിക്കെതിരെ തിരിയും.” യേശു ഒരു അപ്പക്കഷണമെടുത്ത് മുക്കി ശിമോന്‍റെ പുത്രനായ യൂദാഇസ്കരിയോത്തിനു കൊടുത്തു. 27 അപ്പമെടുത്തപ്പോള്‍ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു യൂദയോടു പറഞ്ഞു, “നിനക്കു ചെയ്യാനുള്ളതു വേഗം ചെയ്യുക.” 28 യേശു ഇത് യൂദയോട് പറയുവാന്‍ കാരണമെന്തെന്ന് മേശയ്ക്കരികിലിരുന്ന ആര്‍ക്കും മനസ്സിലായില്ല. 29 യൂദയായിരുന്നു പണപ്പെട്ടി സൂക്ഷിപ്പുകാരന്‍. അതിനാല്‍ വിരുന്നിനു വേണ്ടതൊക്കെ വാങ്ങാന്‍ യേശു യൂദയോടു പറയുകയാകാം എന്നവര്‍ കരുതി. അല്ലെങ്കില്‍ പാവങ്ങള്‍ക്കെന്തെങ്കിലും കൊടുക്കാന്‍ പറയുകയുമാവാം എന്നുമവര്‍ കരുതി.
30 യേശു കൊടുത്ത അപ്പവും വാങ്ങി രാത്രിയില്‍ യൂദാ പുറത്തേക്കു പോയി.
തന്‍റെ മരണത്തെപ്പറ്റി യേശു
31 യൂദാ പോയപ്പോള്‍ യേശു പറഞ്ഞു, “ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്വപ്പെട്ടിരിക്കുന്നു. ദൈവവും മനുഷ്യപുത്രനിലൂടെ മഹത്വപ്പെടുന്നു. 32 അവനിലൂടെ ദൈവം മഹത്വപ്പെട്ടുവെങ്കില്‍ ദൈവം തന്നിലൂടെ പുത്രനെയും മഹത്വപ്പെടുത്തും. ദൈവം വേഗം തന്നെ അവന്‍റെ മഹത്വം നല്‍കും.”
33 യേശു പറഞ്ഞു, “എന്‍റെ കുട്ടികളെ, ഞാനിനി കുറച്ചു നേരത്തേക്കു കൂടി മാത്രമേ നിങ്ങളോടൊത്തുണ്ടാകൂ. നിങ്ങളെന്നെ തിരയും. യെഹൂദരോടു പറഞ്ഞതു നിങ്ങളോടും ഇപ്പോള്‍ ഞാന്‍ പറയുന്നു: ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്ക് എന്നെ അനുഗമിക്കാനാവില്ല.
34 “ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു കല്പന തരുന്നു: പരസ്പരം സ്നേഹിക്കുക. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുക. 35 നിങ്ങള്‍ പരസ്പരം സ്നേഹിച്ചാല്‍ നിങ്ങളെന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”
പത്രൊസ് തന്നെ തള്ളിപ്പറയുമെന്ന്
(മത്താ. 26:31-35; മര്‍ക്കൊ. 14:27-31; ലൂക്കൊ. 22:31-34)
36 ശിമോന്‍ പത്രൊസ് യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, അങ്ങെവിടേക്കാണു പോകുന്നത്?”
യേശു മറുപടി പറഞ്ഞു, “ഞാന്‍ പോകുന്നിടത്തേക്കു നിനക്കിപ്പോള്‍ പിന്തുടരാനാവില്ല. പക്ഷേ പിന്നീട് നിനക്കു പിന്തുടരാനാകും.”
37 പത്രൊസ് ചോദിച്ചു, “എന്തുകൊണ്ട് എനിക്കു നിന്നെ പിന്തുടര്‍ന്നുകൂടാ കര്‍ത്താവേ? ഞാന്‍ നിനക്കുവേണ്ടി മരിക്കാനും തയ്യാറാണ്.”
38 യേശു മറുപടി പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നിനക്ക് നിന്‍റെ ജീവന്‍ എനിക്കായി തരുവാന്‍ കഴിയുമോ? ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. കോഴി കൂകും മുന്പ് മൂന്നു തവണ നീയെന്നെ തള്ളിപ്പറയും.”