8
1 യേശു ഒലിവുമലകളിലേക്കു പോയി.
2 അതിരാവിലെ തന്നെ അവന്‍ ദൈവാലയത്തിലേക്കു മടങ്ങിപ്പോയി. ആളുകളെല്ലാം അവന്‍റെ അടുത്തുവന്നു. യേശു ഇരുന്ന് അവരെ പഠിപ്പിച്ചു.
3 ശാസ്ത്രിമാരും പരീശന്മാരും ഒരു സ്ത്രീയെ അവിടെ കൊണ്ടുവന്നു. വ്യഭിചാരക്കുറ്റം ചുമത്തിയാണ് അവര്‍ അവളെ അവിടെ കൊണ്ടുവന്നത്. യെഹൂദര്‍ അവളെ ആളുകളുടെ മുന്പില്‍ ബലമായി കൊണ്ടുവന്നു.
4 അവര്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഇവള്‍ തന്‍റെ തന്നെ ഭര്‍ത്താവല്ലാത്ത ഒരുവനുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനാണ് പിടിക്കപ്പെട്ടിരിക്കുന്നത്.
5 നിയമപരമായി മോശെ നമ്മോടു കല്പിക്കുന്നു ഇത്തരം തെറ്റു ചെയ്യുന്നവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന്. ഞങ്ങളെന്തു ചെയ്യണമെന്നാണു നീ പറയുന്നത്?”
6 യേശുവിനെ കുരുക്കാനാണ് യെഹൂദര്‍ ഈ ചോദ്യം ഉന്നയിച്ചത്. തെറ്റായെന്തെങ്കിലും പറഞ്ഞിട്ടു വേണം അവര്‍ക്കവനെ പിടിക്കാന്‍. അപ്പോഴവര്‍ക്ക് അവനെതിരെ കുറ്റാരോപണം നടത്താം. പക്ഷേ യേശു മുട്ടുകുത്തി നിന്ന് നിലത്തു വിരല്‍കൊണ്ട് എഴുതാന്‍ തുടങ്ങി.
7 യെഹൂദപ്രമാണിമാര്‍ അതേ ചോദ്യം പലവട്ടം ആവര്‍ത്തിച്ചു. അതിനാല്‍ യേശു എഴുന്നേറ്റു നിന്നു പറഞ്ഞു, “ഇക്കൂട്ടത്തില്‍ പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുണ്ടോ? എങ്കില്‍ ഒരു പാപവും ചെയ്യാത്ത അയാള്‍ ഈ സ്ത്രീയുടെമേല്‍ ആദ്യത്തെ കല്ലെറിയട്ടെ.”
8 എന്നിട്ട് അവന്‍ വീണ്ടും മുട്ടുകുത്തി നിന്ന് നിലത്ത് എഴുതി.
9 യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. കൂട്ടത്തില്‍ മൂപ്പനായുള്ളവന്‍ ആദ്യം. ബാക്കിയുള്ളവര്‍ പിന്നാലെ. യേശുവും ആ സ്ത്രീയും അവിടെ തനിച്ചായി. അവള്‍ യേശുവിന്‍റെ മുന്പില്‍ നില്‍ക്കുകയായിരുന്നു.
10 യേശു വീണ്ടും തലയുയര്‍ത്തി അവളോടു ചോദിച്ചു, “സ്ത്രീയേ, നിന്നെ കുറ്റപ്പെടുത്തുന്നവര്‍ എവിടെ? ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലല്ലോ?”
11 അവള്‍ മറുപടി പറഞ്ഞു, “പ്രഭോ, ആരും എന്നെ വിധിച്ചില്ല.”
അപ്പോള്‍ യേശു പറഞ്ഞു, “അതുകൊണ്ട് ഞാനും നിന്നെ വിധിക്കുന്നില്ല. നിനക്കിപ്പോള്‍ പോകാം. പക്ഷേ വീണ്ടും പാപം ചെയ്യരുത്.”
യേശു ലോകത്തിന്‍റെ പ്രകാശമാകുന്നു
12 പിന്നീട് യേശു ജനങ്ങളെ വീണ്ടും പഠിപ്പിച്ചു, “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും ഇരുട്ടില്‍ വീഴില്ല. അവനു ജീവന്‍ നല്‍കുന്ന പ്രകാശം ലഭിക്കും.”
13 പക്ഷേ പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നീ നിന്നെപ്പറ്റി പറയുന്പോള്‍, ഇതെല്ലാം സത്യമാണെന്നു പറയുന്ന ഒരേയൊരാള്‍ നീയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അതൊന്നും അംഗീകരിക്കാനാവില്ല.”
14 യേശു മറുപടി പറഞ്ഞു, “അതെ, ഞാന്‍ ഈ പറയുന്നതെല്ലാം എന്നെപ്പറ്റിയാണ്. പക്ഷെ ഞാന്‍ പറയുന്ന ഇക്കാര്യങ്ങളെല്ലാം ആളുകള്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ട്? കാരണം, എനിക്കറിയാം ഞാന്‍ എവിടെ നിന്നു വന്നു എന്നും ഞാനെങ്ങോട്ടാണു പോകുന്നതെന്നും. ഞാന്‍ നിങ്ങളെപ്പോലെയല്ല. ഞാനെവിടെനിന്നു വന്നുവെന്നോ എങ്ങോട്ടു പോകുന്നുവെന്നോ നിങ്ങള്‍ക്കറിയില്ല.
15 മറ്റാരെയും വിധിക്കുന്നതുപോലെയാണ് നിങ്ങള്‍ എന്നെയും വിധിക്കുന്നത്. ഞാന്‍ ആരെയും വിധിക്കില്ല.
16 പക്ഷേ ഞാന്‍ വിധിച്ചാല്‍ അതു സത്യവിധിയായിരിക്കും. എന്തു കൊണ്ടെന്നോ? ഞാന്‍ വിധിക്കുന്പോള്‍ ഞാന്‍ തനിച്ചല്ല. എന്നെ അയച്ച എന്‍റെ പിതാവും എന്നോടൊപ്പമുണ്ട്.
17 രണ്ടു സാക്ഷികള്‍ ഒരേ കാര്യം പറഞ്ഞാല്‍ അതു യാഥാര്‍ത്ഥ്യമായി സ്വീകരിക്കുക എന്നാണ് നിങ്ങളുടെ ന്യായപ്രമാണം പറയുന്നത്.
18 എന്നെപ്പറ്റി പറയുന്ന സാക്ഷികളില്‍ ഒരാള്‍ ഞാനാണ്. എന്നെ അയച്ച എന്‍റെ പിതാവാണ് മറ്റേ സാക്ഷി.”
19 ജനങ്ങള്‍ ചോദിച്ചു, “എവിടെ നിന്‍റെ പിതാവ്?”
യേശു മറുപടി പറഞ്ഞു, “എന്നെയോ എന്‍റെ പിതാവിനെയോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ എന്നെ നിങ്ങളറിഞ്ഞാല്‍ അപ്പോള്‍ എന്‍റെ പിതാവിനെയും നിങ്ങളറിഞ്ഞിട്ടുണ്ടാവും.”
20 ദൈവാലയത്തില്‍ ഉപദേശിക്കുന്പോഴാണ് യേശു ഇതൊക്കെ പറഞ്ഞത്. ഭണ്ഡാരത്തിന്‍റെ അടുത്തിരുന്നാണ് അവനിതു പറഞ്ഞത്. എന്നിട്ടും ആരും അവനെ പിടികൂടിയില്ല. യേശുവിന്‍റെ ശരിയായ സമയം ഇനിയും ആയിട്ടില്ല
യെഹൂദര്‍ക്ക് യേശുവിനെപ്പറ്റി മനസ്സിലാകുന്നില്ല
21 യേശു വീണ്ടും ആളുകളോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ വിട്ടുപോകും. നിങ്ങളെന്നെ തിരയും പക്ഷേ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടുകൂടി മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കു വരാനാവില്ല.”
22 അതുകൊണ്ട് യെഹൂദര്‍ സ്വയം ചോദിച്ചു, “യേശു ആത്മഹത്യ ചെയ്യുമോ? ‘ഞാന്‍ പോകുന്നിടത്തേക്കു നിങ്ങള്‍ക്കെത്താനാവില്ല’ എന്ന് അവന്‍ പറയുന്നല്ലോ?”
23 എന്നാല്‍ യേശു ആ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ താഴെനിന്നുള്ളവരാണ്. പക്ഷേ ഞാനാകട്ടെ മുകളില്‍നിന്നും വന്നവനും. നിങ്ങള്‍ ഈ ലോകത്തിലെയാണ്, ഞാനീ ലോകത്തിലെയല്ല.
24 ഞാന്‍ നിങ്ങളോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടു കൂടി മരിക്കുമെന്ന്. ‘ഞാന്‍ ആകുന്നു’* ‘ഞാന്‍ ആകുന്നു’ യെശ. 41:4; 43:10; പുറ. 3:14- ല്‍ ദൈവത്തിന്‍റെ പേരായി ഉപയോഗിച്ചിരിക്കുന്നതു പോലെ. പക്ഷേ “ഞാന്‍ അവനാകുന്നു (ക്രിസ്തു)” എന്നും ആകാം. എന്നു നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.”
25 യെഹൂദര്‍ ചോദിച്ചു, “അപ്പോള്‍ നീ ആരാണ്?”
യേശു മറുപടി പറഞ്ഞു, “ഞാന്‍ ആദിമുതല്‍ നിങ്ങളോടു എന്തു പറഞ്ഞിരുന്നുവോ അതാണ് ഞാന്‍.
26 എനിക്കു നിങ്ങളെപ്പറ്റി വളരെ പറയാനുണ്ട്. എനിക്കു നിങ്ങളെ വിധിക്കാനുമുണ്ട്. എന്നാല്‍ എന്നെ അയച്ചവനില്‍നിന്നും കേള്‍ക്കുന്നതു മാത്രമേ ഞാന്‍ ആളുകളോടു പറയൂ. അവന്‍ സത്യം പറയുന്നു.”
27 യേശു ആരെപ്പറ്റിയാണ് പറയുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലായില്ല. പിതാവിനെപ്പറ്റിയായിരുന്നു യേശു അവരോടു പറഞ്ഞിരുന്നത്.
28 അതിനാല്‍ യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തും. ‘ഞാന്‍ ആകുന്നു’ എന്നു നിങ്ങളപ്പോള്‍ അറിയും. ഞാന്‍ ഈ ചെയ്യുന്നതൊന്നും എന്‍റെ സ്വന്തം അധികാരം കൊണ്ടല്ലെന്നും നിങ്ങളറിയും. പിതാവ് എന്നെ പഠിപ്പിച്ചതു മാത്രമേ ഞാന്‍ പറയുന്നുള്ളൂവെന്നും നിങ്ങളറിയും.
29 എന്നെ അയച്ചവന്‍ എന്നോടൊത്തുണ്ട്. അവനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഞാനെപ്പോഴും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ അവനൊരിക്കലും എന്നെ ഉപേക്ഷിക്കയില്ല.”
30 യേശു ഇതെല്ലാം പറയവേ ഒട്ടേറെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
പാപത്തില്‍ നിന്നുള്ള മോചനത്തെപ്പറ്റി
31 അതുകൊണ്ട് തന്നില്‍ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു, “എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുടര്‍ന്നും അനുസരിച്ചാല്‍ നിങ്ങള്‍ എന്‍റെ യഥാര്‍ത്ഥത്തിലുള്ള ശിഷ്യന്മാരായിരിക്കും.
32 അപ്പോള്‍ നിങ്ങള്‍ സത്യമറിയും. സത്യം നിങ്ങളെ സ്വതന്ത്രരാക്കും.”
33 യെഹൂദര്‍ മറുപടി പറഞ്ഞു, “ഞങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണ്. ഞങ്ങളൊരിക്കലും അടിമകളായിട്ടില്ല. എങ്ങനെയാണു പിന്നെ ഞങ്ങള്‍ സ്വതന്ത്രരാകുമെന്നു നീ പറയുന്നത്?”
34 യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, പാപം ചെയ്യുന്നവരെല്ലാം അടിമകളാണ്. പാപമാണ് അവരുടെ യജമാനന്‍.
35 ഒരടിമയ്ക്ക് ഒരു കുടുംബത്തില്‍ സ്ഥിരമായി താമസിക്കാനാവില്ല. പക്ഷെ മകന്‍ കുടുംബത്തില്‍ സ്ഥിരപ്പെടുന്നു.
36 പുത്രന്‍ നിങ്ങളെ സ്വത ന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോചിക്കപ്പെടുന്നു.
37 നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കളാണെന്നു എനിക്കറിയാം. പക്ഷേ നിങ്ങളെന്നെ കൊല്ലാനാഗ്രഹിക്കുന്നു. എന്തെന്നോ? എന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
38 എന്‍റെ പിതാവ് എന്നെ കാട്ടിയതു മാത്രം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ പിതാവ് പറഞ്ഞതു നിങ്ങള്‍ ചെയ്യുന്നു.”
39 അപ്പോള്‍ യെഹൂദര്‍ പറഞ്ഞു, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്.”
യേശു പറഞ്ഞു, “നിങ്ങള്‍ അബ്രാഹാമിന്‍റെ യഥാര്‍ത്ഥ പുത്രന്മാരായിരുന്നെങ്കില്‍ അബ്രാഹാം ചെയ്തതൊക്കെ നിങ്ങളും ചെയ്യണം.
40 ദൈവത്തില്‍നിന്നും കേട്ട സത്യങ്ങള്‍ നിങ്ങളോടു പറഞ്ഞ ഒരു മനുഷ്യനാണു ഞാന്‍. പക്ഷേ നിങ്ങളെന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അബ്രാഹാം അതുപോലൊന്നും ചെയ്തില്ല.
41 അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ സ്വന്തം പിതാവ് ചെയ്യുന്നവ തന്നെ.”
പക്ഷേ യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ജാരസന്തതികളല്ല. ദൈവമാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ ഏകപിതാവും അവനാണ്.”
42 യേശു ആ യെഹൂദരോടു പറഞ്ഞു, “ദൈവം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പിതാവാണെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കണം. ദൈവത്തില്‍നിന്നു വന്ന ഞാനിപ്പോള്‍ ഇവിടെയുണ്ട്. ഞാനെന്‍റെ സ്വന്തം അധികാരത്തിലല്ല. ഇവിടെ വന്നിരിക്കുന്നത്. ദൈവം എന്നെ അയച്ചു.
43 ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ല. എന്തുകൊണ്ട്? നിങ്ങള്‍ക്ക് എന്‍റെ ഉപദേശം സ്വീകരിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ.
44 പിശാചാണ് നിങ്ങളുടെ പിതാവ്. നിങ്ങള്‍ അവന്‍റെ മക്കളാണ്. അവന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുന്നു. ആദ്യം മുതല്‍ക്കു തന്നെ പിശാച് ഒരു കൊലയാളിയായിരുന്നു. അവന്‍ സത്യവിരോധിയാണ്. അവനിലാകട്ടെ സത്യം അശേഷം ഇല്ല. അവന്‍ പറയുന്ന നുണകള്‍ പോലെതന്നെയാണ് അവന്‍. അവന്‍ നുണയനും നുണയന്മാരുടെ പിതാവും ആണ്.
45 “ഞാന്‍ സത്യം പറയുന്നു. അതുകൊണ്ടാണ് നിങ്ങള്‍ എന്നില്‍ വിശ്വസിക്കാത്തത്.
46 ഞാന്‍ പാപത്തില്‍ കുറ്റവാളിയാണെന്നു തെളിയിക്കുക. ഞാന്‍ സത്യം പറഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ല?
47 ദൈവസന്തതിയായവന്‍ ദൈവം പറയുന്നതെന്തോ അതു സ്വീകരിക്കുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നുള്ളവര്‍ അല്ലാത്തതിനാല്‍ നിങ്ങളവന്‍റെ വാക്കുകള്‍ സ്വീകരിക്കുന്നില്ല.”
യേശു തന്നെപ്പറ്റിയും അബ്രാഹാമിനെപ്പറ്റിയും പറയുന്നു
48 യെഹൂദര്‍ മറുപടി പറഞ്ഞു, “നീ ഒരു ശമര്യാക്കാരനാണെന്നു ഞങ്ങള്‍ പറയുന്നു. നിന്നെ ഭൂതം ബാധിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ പറയുന്നു. ഞങ്ങള്‍ ഈ പറയുന്നതൊക്കെ ശരിയല്ലേ?”
49 യേശു പറഞ്ഞു, “എന്നെ ഭൂതം ബാധിച്ചിട്ടൊന്നും ഇല്ല. ഞാനെന്‍റെ പിതാവിനെ മഹത്വപ്പെടുത്തുന്നു. പക്ഷേ നിങ്ങളെന്നെ അപമാനിക്കുന്നു.
50 എങ്കിലും ഞാനെന്‍റെ മഹത്വത്തിനായി ശ്രമിക്കുന്നില്ല. എനിക്കുവേണ്ടി അതു കാംക്ഷിക്കുന്ന ഒരുവനുണ്ട്. വിധികര്‍ത്താവും അവന്‍ തന്നെ.
51 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവന്‍ മരണത്തെ നേരിടുകയില്ല.”
52 യെഹൂദര്‍ യേശുവിനോടു പറഞ്ഞു, “ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. നിനക്കു പിശാചു ബാധയുണ്ടെന്ന്, അബ്രാഹാമും പ്രവാചകരും മരിച്ചു. പക്ഷേ നീ പറയുന്നു, ‘എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ ഒരിക്കലും മരണം രുചിച്ചറിയുകയില്ല’ എന്ന്.
53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനേക്കാള്‍ മഹാനാണു നീയെന്നു നീ കരുതുന്നുണ്ടോ? അബ്രാഹാം മരിച്ചു. പ്രവാചകരും മരിച്ചു. നീ ആരെന്നാണു നിന്‍റെ വിചാരം?”
54 യേശു മറുപടി പറഞ്ഞു, “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ അതിനു വിലയില്ല. എന്നെ മഹത്വപ്പെടുത്തുന്നവന്‍ എന്‍റെ പിതാവാണ്. അവന്‍ നിങ്ങളുടെ ദൈവമാണെന്നു നിങ്ങള്‍ പറയുകയും ചെയ്യുന്നു.
55 എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവനെ അറികയില്ല. എനിക്കവനെയറിയാം. എനിക്കവനെ അറികയില്ലെന്നു ഞാന്‍ പറഞ്ഞാല്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. പക്ഷേ ഞാനവനെ അറിയും. അവന്‍റെ വാക്കുകളെ ഞാന്‍ അനുസരിക്കുകയും ചെയ്യുന്നു.
56 ഞാന്‍ വരുന്ന ദിവസം കാണാം എന്ന പ്രത്യാശയില്‍ അബ്രാഹാം സന്തുഷ്ടനായിരുന്നു. അതുകൊണ്ട് അയാള്‍ സന്തോഷിച്ചു.”
57 യെഹൂദര്‍ യേശുവിനോട് പറഞ്ഞു, “എന്ത്, നിനക്ക് അന്പതു വയസ്സു പോലും ആയിട്ടില്ല. എന്നിട്ടും നീ അബ്രാഹാമിനെ കണ്ടു എന്നവകാശപ്പെടുന്നോ?”
58 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. അബ്രാഹാം ജനിക്കുന്നതിനു മുന്പും ഞാനുണ്ട്.”
59 യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയി.