ജന്മനാ അന്ധനായ ഒരുവനെ സുഖപ്പെടുത്തുന്നു
9
നടന്നു പോകവേ യേശു ഒരന്ധനെ കണ്ടു. ജനിച്ചപ്പോള്‍ തന്നെ അയാള്‍ അന്ധനായിരുന്നു. യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു ചോദിച്ചു, “ഗുരോ, ഇയാള്‍ ജന്മനാ അന്ധനാണ്. എന്നാല്‍ ആരുടെ പാപമാണ് ഇവനെ അന്ധനാക്കിയത്. അയാളുടെ തന്നെ പാപങ്ങളോ മാതാപിതാക്കളുടെ പാപങ്ങളോ?”
യേശു മറുപടി പറഞ്ഞു, “അവന്‍റെയോ അവന്‍റെ മാതാപിതാക്കളുടെയോ പാപങ്ങളല്ല അവനെ അന്ധനാക്കിയത്. ഞാനവനെ സുഖപ്പെടുത്തുന്പോള്‍ ദൈവത്തിന്‍റെ ശക്തി ആളുകള്‍ക്കു കാണുന്നതിനാണവന്‍ അന്ധനായി ജനിച്ചത്. പകല്‍ തീരുന്നതുവരേക്കും എന്നെ അയച്ചവന്‍റെ ജോലികള്‍ നാം തുടരണം. രാത്രിയില്‍ ആര്‍ക്കും ജോലി ചെയ്യാനുമാവില്ല. ഈ ലോകത്തില്‍ ഞാനുണ്ടായിരിക്കുന്പോള്‍ ലോകത്തിന്‍റെ പ്രകാശം ഞാനാണ്.”
യേശു ഇതു പറഞ്ഞു കഴിഞ്ഞ് മണ്ണില്‍ തുപ്പി ചെളി കുഴച്ചെടുത്തു. അവന്‍ ആ ചെളി അന്ധന്‍റെ കണ്ണുകളില്‍ പുരട്ടി. യേശു അയാളോടു പറഞ്ഞു, “നീ ചെന്ന് ശിലോഹാം (ഈ വാക്കിന്‍റെ അര്‍ത്ഥം 'അയയ്ക്കപ്പെട്ടവന്‍’ എന്നാണ്) കുളത്തില്‍ കഴുകുക.” അയാള്‍ കുളത്തിലേക്കു പോയി കഴുകി കാഴ്ചയോടെ മടങ്ങിവന്നു.
മുന്പ് അയാള്‍ ഇരുന്നു യാചിക്കുന്നത് ആളുകള്‍ കണ്ടിരുന്നു. അവരും അയാളുടെ അയല്‍ക്കാരും പറഞ്ഞു, “ഇതാ! എപ്പോഴും വഴിയോരത്തിരുന്നു യാചിച്ചവന്‍ തന്നെയോ ഇയാള്‍?”
ചിലര്‍ പറഞ്ഞു, “അതെ, അവന്‍ തന്നെ.”
പക്ഷേ മറ്റു ചിലര്‍ പറഞ്ഞു, “അല്ല അവനല്ല ഇത്. അവനെപ്പോലെ കാണുന്ന വേറെ ഒരുവനാണ് ഇത്.” അതുകൊണ്ട് അയാള്‍ തന്നെ പറഞ്ഞു, “മുന്പ് അന്ധനായിരുന്നവന്‍ തന്നെയാണു ഞാന്‍.”
10 ആളുകള്‍ ചോദിച്ചു, “എന്തുണ്ടായി? നിനക്കെങ്ങനെ കാഴ്ച തിരിച്ചു കിട്ടി?”
11 അയാള്‍ മറുപടി പറഞ്ഞു, “യേശുവെന്നു വിളിക്കപ്പെടുന്നയാള്‍ അല്പം ചെളികുഴച്ചു. അവന്‍ അതെന്‍റെ കണ്ണുകളില്‍ പുരട്ടി. എന്നിട്ട് ശിലോഹാം കുളത്തില്‍ പോയി കഴുകാന്‍ എന്നോടു പറഞ്ഞു. അതിനാല്‍ ഞാന്‍ പോയി ശിലോഹാം കുളത്തില്‍ കഴുകി. അപ്പോഴെനിക്കു കാഴ്ചയും കിട്ടി.”
12 ആളുകള്‍ അവനോടു ചോദിച്ചു, “ആ മനുഷ്യന്‍ എവിടെയുണ്ട്?”
അയാള്‍ പറഞ്ഞു, “എനിക്കറിയില്ല.”
യേശു സുഖപ്പെടുത്തിയവനെ യെഹൂദര്‍ ചോദ്യം ചെയ്യുന്നു
13 അനന്തരം അവര്‍ അയാളെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുവന്നു. അന്ധനായിരുന്നവനായിരുന്നു അയാള്‍. 14 യേശു ചെളി കുഴച്ച് അവന്‍റെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കി. ശബ്ബത്തു ദിവസമാണ് യേശു ഇതു ചെയ്തത്. 15 അതുകൊണ്ട് പരീശന്മാര്‍ അവനോടു ചോദിച്ചു, “നിനക്കെങ്ങനെയാണ് കാഴ്ച കിട്ടിയത്?”
അയാള്‍ മറുപടി പറഞ്ഞു, “അവന്‍ എന്‍റെ കണ്ണുകളില്‍ ചെളി പുരട്ടി. ഞാന്‍ കണ്ണു കഴുകി. എനിക്കു കാഴ്ചയും കിട്ടി.”
16 പരീശന്മാരില്‍ ചിലര്‍ പറഞ്ഞു, “ശബ്ബത്തിന്‍റെ ന്യായപ്രമാണങ്ങള്‍ അനുസരിക്കാത്തവന്‍ ദൈവത്തില്‍ നിന്നുള്ളവനല്ല.”
മറ്റുള്ളവര്‍ പറഞ്ഞു, “പക്ഷേ പാപിയായ ഒരുവന് ഇത്തരം അത്ഭുത പ്രവര്‍ത്തികള്‍ കാട്ടാനാവില്ല.” യെഹൂദര്‍ പരസ്പരം അംഗീകരിച്ചില്ല.
17 യെഹൂദ നേതാക്കള്‍ അയാളോടു വീണ്ടും ചോദിച്ചു, “അയാള്‍ നിന്നെ സുഖപ്പെടുത്തി. കാഴ്ച തന്നു. അവനെപ്പറ്റി നിന്‍റെ അഭിപ്രായമെന്താണ്?”
അയാള്‍ മറുപടി പറഞ്ഞു, “അവന്‍ ഒരു പ്രവാചകനാണ്.”
18 എന്നാല്‍ യെഹൂദര്‍ ഇതൊന്നും യഥാര്‍ത്ഥത്തില്‍ അയാള്‍ക്കു സംഭവിച്ച കാര്യങ്ങളാണെന്നു വിശ്വസിച്ചിരുന്നില്ല. അയാള്‍ അന്ധനും ഇപ്പോള്‍ സുഖപ്പെട്ടവനുമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ പിന്നീടവര്‍ അയാളുടെ അപ്പനമ്മമാരെ ആളയച്ചു വരുത്തി. 19 യെഹൂദര്‍ അപ്പനമ്മമാരോട് ചോദിച്ചു, “ഇവന്‍, നിങ്ങളുടെ മകനാണോ? അവന്‍ ജന്മനാ അന്ധനായിരുന്നെന്നു നിങ്ങള്‍ പറയുന്നോ? പിന്നെ ഇപ്പോഴെങ്ങനെ അവനു കാഴ്ച കിട്ടി?”
20 അവന്‍റെ അപ്പനമ്മമാര്‍ മറുപടി പറഞ്ഞു, “ഇവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങള്‍ക്കറിയാം. 21 ഇവന് ഇപ്പോഴെങ്ങനെ കാഴ്ച കിട്ടിയെന്നതു മാത്രം ഞങ്ങള്‍ക്കറിയില്ല. ആരാണവന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയതെന്നും ഞങ്ങള്‍ക്കറിയില്ല. അവനോടു തന്നെ ചോദിക്കുക. തന്നെപ്പറ്റിത്തന്നെ മറുപടി പറയാന്‍ മാത്രം പ്രായമൊക്കെ അവനായിട്ടുണ്ട്.” 22 അവര്‍ ഇങ്ങനെ പറയാന്‍ കാരണം അവര്‍ക്കു യെഹൂദനേതാക്കളെ ഭയമായിരുന്നു. യേശു ക്രിസ്തുവാണെന്നു പറയുന്ന ഓരോരുത്തരെയും തങ്ങള്‍ ശിക്ഷിക്കുമെന്ന് യെഹൂദനേതാക്കള്‍ നേരത്തേ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യുന്നവരെ നേതാക്കള്‍ യെഹൂദപ്പള്ളിയില്‍നിന്നും പുറത്താക്കും. 23 അതുകൊണ്ടാണ് അയാളുടെ മാതാപിതാക്കള്‍ “അവനു പ്രായമായി അവനോടു ചോദിക്കുക” എന്നു പറഞ്ഞത്.
24 അതിനാല്‍ യെഹൂദനേതാക്കള്‍ അന്ധനായിരുന്നവനെ വിളിച്ചു. വീണ്ടും വരാനവര്‍ പറഞ്ഞു. യെഹൂദനേതാക്കള്‍ പറഞ്ഞു, “സത്യം പറഞ്ഞ് നീ ദൈവത്തെ മഹത്വപ്പെടുത്തണം. ഈ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.”
25 അയാള്‍ മറുപടി പറഞ്ഞു, “അയാള്‍ ഒരു പാപിയാണെങ്കില്‍ അത് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. ഞാന്‍ അന്ധനായിരുന്നു. ഇപ്പോഴെനിക്കു കാഴ്ച കിട്ടിയിരിക്കുന്നു.”
26 യെഹൂദനേതാക്കള്‍ ചോദിച്ചു, “അവന്‍ നിനക്കായി എന്താണു ചെയ്തത്? അവന്‍ എങ്ങനെ നിന്‍റെ കണ്ണുകളെ സുഖപ്പെടുത്തി?”
27 അയാള്‍ മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളോട് അതെല്ലാം പറഞ്ഞു കഴിഞ്ഞു. പക്ഷേ നിങ്ങളെന്നെ ശ്രദ്ധിച്ചില്ല. എന്തിനാണിതെല്ലാം ഇനിയും കേള്‍ക്കുന്നത്? നിങ്ങള്‍ക്കും അവന്‍റെ അനുയായികളാകണോ?”
28 അവര്‍ കോപാകുലരായി. അയാളെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീ അവന്‍റെ ശിഷ്യനാണ്. ഞങ്ങള്‍ മോശെയുടെ അനുയായികളും. 29 ദൈവം മോശെയോട് സംസാരിച്ചുവെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ മനുഷ്യന്‍ എവിടെനിന്നാണു വരുന്നതെന്നു പോലും ഞങ്ങള്‍ക്കറിയില്ല.”
30 അയാള്‍ മറുപടി പറഞ്ഞു, “ഇതു വളരെ അത്ഭുതമായിരിക്കുന്നു. യേശു എവിടെനിന്നാണു വരുന്നതെന്നു നിങ്ങള്‍ക്കറിയില്ല. പക്ഷേ അവന്‍ എന്‍റെ കണ്ണുകളെ സുഖപ്പെടുത്തിയിരിക്കുന്നു. 31 ദൈവം പാപികളെ ശ്രദ്ധിക്കില്ലെന്നു നമുക്കെല്ലാമറിയാം. എന്നാല്‍ തന്നെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ ദൈവം ശ്രദ്ധിക്കും. 32 ജന്മനാ അന്ധനായൊരുവനെ ആദ്യമായാണൊരാള്‍ സുഖപ്പെടുത്തുന്നത്. 33 ഇയാള്‍ ദൈവത്തില്‍നിന്നും വന്നവനായിരിക്കും. അല്ലാത്തപക്ഷം ഇതുപോലൊന്നും ചെയ്യാന്‍ അവനാവില്ല.”
34 യെഹൂദനേതാക്കള്‍ മറുപടി പറഞ്ഞു, “നിന്നില്‍ പാപം നിറഞ്ഞിരിക്കുന്നു. ഞങ്ങളെ നീ പഠിപ്പിക്കാന്‍ നോക്കുന്നോ?” അവര്‍ അയാളെ അവിടെ നിന്നും ഓടിച്ചുവിട്ടു.
ആത്മീയ അന്ധത
35 അയാളെ യെഹൂദനേതാക്കള്‍ ഓടിച്ചുവിട്ട കാര്യം യേശു അറിഞ്ഞു. യേശു അയാളെ കണ്ടെത്തി ചോദിച്ചു, “നീ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുവോ?”
36 അയാള്‍ ചോദിച്ചു, “പ്രഭോ, ആരാണു മനുഷ്യപുത്രന്‍? പറയൂ, എങ്കിലെനിക്കവനില്‍ വിശ്വസിക്കാമല്ലോ?”
37 യേശു അയാളോടു പറഞ്ഞു, “നീ നേരത്തേതന്നെ അവനെ കണ്ടിട്ടുണ്ട്. നിന്നോടിപ്പോള്‍ സംസാരിക്കുന്നവന്‍ തന്നെയാണവന്‍.”
38 അയാള്‍ പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവേ.” അനന്തരം അയാള്‍ മുട്ടുകുത്തി യേശുവിനെ നമസ്കരിച്ചു.
39 യേശു പറഞ്ഞു, “ഞാന്‍ ഈ ലോകത്ത് വന്നത് തീര്‍പ്പ് കല്പിക്കാനാണ്. അന്ധര്‍ക്കു കാഴ്ച നല്‍കാനും കാഴ്ചയുണ്ടെന്നു കരുതുന്നവരെ അന്ധരാക്കാനും.”
40 ഏതാനും പരീശന്മാര്‍ അവിടെ സന്നിഹിതരായിരുന്നു. അവര്‍ അതു കേട്ടു. അവര്‍ ചോദിച്ചു, “ഞങ്ങളും അന്ധരാണെന്നോ?”
41 യേശു പറഞ്ഞു, “നിങ്ങള്‍ അന്ധരായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. പക്ഷേ നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്കു കാണാമെന്ന്. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ പാപികളാണ്.”