വിത്തു വിതയ്ക്കുന്ന കഥ
(മര്‍ക്കൊ. 4:1-9; ലൂക്കൊ. 8:4-8)
13
ആ ദിവസംതന്നെ യേശു വീടിനു പുറത്തിറങ്ങി കടലോരത്തിരുന്നു. എല്ലാവരും അവന്‍റെ ചുറ്റുംനിന്നു. അതിനാലവന്‍ ഒരു വഞ്ചിയില്‍ കയറി ഇരുന്നു. മറ്റെല്ലാവരും തീരത്തുതന്നെ നിന്നു. അപ്പോള്‍ അവന്‍ അവരെ പലതും ഉപദേശിക്കാന്‍ പല കഥകളും ഉപയോഗിച്ചു. യേശു പറഞ്ഞു, “ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനിറങ്ങി. വിതയ്ക്കവെ ചില വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്നു അവ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറയില്‍ വീണു. അവിടെ ചെളിയില്ലായിരുന്നു. വിത്ത് വളരെ വേഗം വളര്‍ന്നു. എന്തെന്നാല്‍ മണ്ണില്‍ ആഴമില്ലായിരുന്നു. പക്ഷേ സൂര്യനുയര്‍ന്നപ്പോള്‍ ചെടികള്‍ കരിഞ്ഞു. ആഴത്തില്‍ വേരുകളില്ലാതിരുന്നതിനാല്‍ ചെടികള്‍ കരിഞ്ഞു. മറ്റുചില വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ ആര്‍ത്തുവളര്‍ന്ന് വിത്തിനെ വളരുന്നതില്‍ നിന്നും തടഞ്ഞു. മറ്റുചില വിത്തുകളാകട്ടെ നല്ല മണ്ണിലാണ് വീണത്. ആ വിത്തു വളര്‍ന്നു ധാന്യമുണ്ടായി. ചില ചെടികള്‍ നൂറുമടങ്ങു കൂടുതല്‍ വിളഞ്ഞു. ചിലവ അറുപതും മറ്റു ചിലവ മുപ്പതും മേനി വിളവുണ്ടായി. കാതുള്ളവര്‍ കേള്‍ക്കട്ടെ.”
ഉപദേശിക്കാന്‍ കഥകളെന്തിനുപയോഗിക്കുന്നു
(മര്‍ക്കൊ. 4:10-12; ലൂക്കൊ. 8:9-10)
10 ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച് ചോദിച്ചു, “ആളുകളെ ഉപദേശിക്കാന്‍ അങ്ങെന്തിനാണു കഥകളുപയോഗിക്കുന്നത്?”
11 യേശു മറുപടി പറഞ്ഞു, “സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റിയുള്ള രഹസ്യങ്ങള്‍ അറിയാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമേ അനുവദിച്ചുകിട്ടിയിട്ടുള്ളൂ. മറ്റാര്‍ക്കും ഈ രഹസ്യങ്ങളറിയാന്‍ കഴിയുകയില്ല. 12 ചിലതുള്ളവനു കൂടുതല്‍ നല്‍കപ്പെടും. അവന് ആവശ്യമുള്ളതിലധികം ലഭിച്ചേക്കാം. എന്നാല്‍ ഇല്ലാത്തവന് ഉള്ളതില്‍ കുറച്ചുകൂടി നഷ്ടമാകും. 13 അവരെ ഉപദേശിക്കാന്‍ ഞാന്‍ കഥകളുപയോഗിക്കാന്‍ കാരണം ഇതാണ്. അവര്‍ നോക്കുന്നെങ്കിലും കാണുന്നില്ല. കേള്‍ക്കുന്നെങ്കിലും മനസ്സിലാക്കുന്നില്ല. 14 അതിനാലവരുടെ കാര്യത്തില്‍ യെശയ്യാവിന്‍റെ പ്രവചനം നിറവേറ്റിയിരിക്കുന്നു:
'നിങ്ങള്‍ ശ്രദ്ധിക്കുകയും കേള്‍ക്കുകയും
ചെയ്യും എന്നാലും മനസ്സിലാക്കില്ല.
നിങ്ങള്‍ നോക്കുകയും കാണുകയും ചെയ്യും.
എങ്കിലും കണ്ടത് മനസ്സിലാക്കില്ല.
15 ഇവരുടെ ഹൃദയങ്ങള്‍ കഠിനങ്ങളാണ്,
അവര്‍ക്ക് ചെവിയുണ്ടെങ്കിലും ശ്രദ്ധിക്കുന്നില്ല.
സത്യം കാണാനവര്‍ വിസ്സമ്മതിക്കുന്നു.
അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട്
കാണാതിരിക്കുകയും സ്വന്തം ചെവികൊണ്ട്
കേള്‍ക്കാതിരിക്കുകയും സ്വന്തമനസ്സുകൊണ്ട്
അറിയാതിരിക്കുകയും ചെയ്യുന്നത് എന്‍റെയടുക്കലേക്കു
തിരിഞ്ഞ് ഞാന്‍ ചികിത്സിക്കണമെന്ന് ആവശ്യപ്പെടാതിരിക്കാനാണ്.’ യെശയ്യാവ് 6:9-10
16 എന്നാല്‍ നിങ്ങള്‍ അനുഗ്രഹീതരാണ്. നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുന്നതു മനസ്സിലാക്കുന്നു. നിങ്ങളുടെ ചെവികൊണ്ട് കേള്‍ക്കുന്നവയും മനസ്സിലാക്കുന്നു. 17 ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. അനേകം പ്രവാചകരും നല്ലവരായ ആളുകളും നിങ്ങളിപ്പോള്‍ കാണുന്നതു കാണാനാഗ്രഹിച്ചു. എന്നാലവരത് കണ്ടില്ല. അനേകം പ്രവാചകരും നല്ലവരും നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത് കേള്‍ക്കാനും ആഗ്രഹിച്ചു. എന്നാലവരത് കേട്ടില്ല.
വിത്തുകളുടെ കഥ വിശദീകരിക്കുന്നു
(മര്‍ക്കൊ. 4:13-20; ലൂക്കൊ. 8:11-15)
18 “അതിനാല്‍ കര്‍ഷകന്‍റെ കഥയുടെ അര്‍ത്ഥം നിങ്ങളിപ്പോള്‍ ശ്രദ്ധിക്കുക.
19 “വഴിയില്‍ വീണ വിത്തുകള്‍ എന്താണ്? രാജ്യത്തെപ്പറ്റിയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവരെപ്പോലെയാണ് ആ വിത്തുകള്‍. അയാളുടെ മനസ്സില്‍ വിതച്ചവ ദുഷ്ടന്‍ വന്നു എടുത്തു കൊണ്ടുപോകും.
20 “പാറപ്പുറത്തു വീണ വിത്തുകളെന്താണ്? വചനം കേട്ടമാത്രയില്‍തന്നെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നവരാണത്. 21 എന്നാല്‍ വചനം തന്‍റെ ജീവിതത്തില്‍ ആഴത്തില്‍ വേരോടാനവന്‍ അനുവദിക്കില്ല. കുറച്ചുകാലത്തേക്കു മാത്രം ആ വചനം നിലനില്‍ക്കും. വചനം നിമിത്തം ക്ലേശമോ പീഢയോ ഉണ്ടാകുന്പോള്‍ അവര്‍ വിശ്വാസം കൈവെടിയുന്നു.
22 “മുള്ളുകള്‍ക്കിടയില്‍ വീണ വിത്തുകളാകട്ടെ, വചനം കേള്‍ക്കുകയും വചനത്തെ ജീവിതദുഃഖങ്ങള്‍കൊണ്ടും ധനദുരകൊണ്ടും മൂടിവളര്‍ന്നു ഫലമുണ്ടാകാന്‍ അനുവദിക്കാത്തവരാണ്. അതിനാലവന്‍റെ ജീവിതത്തില്‍ വചനത്തിന് ഒരു സാദ്ധ്യതയുമില്ല.
23 “എന്നാല്‍ നല്ല മണ്ണില്‍ വീണ വിത്തുകള്‍ കേട്ട വചനം മനസ്സിലാക്കുന്നവരാണ്. അവ വളര്‍ന്ന് ചിലപ്പോള്‍ നൂറും അറുപതും മുപ്പതും മടങ്ങു വിളവുണ്ടാകും.”
ഗോതന്പിന്‍റെയും കളകളുടെയും കഥ
24 അപ്പോള്‍ യേശു അവരെ പഠിപ്പിക്കാന്‍ മറ്റൊരു കഥ പറഞ്ഞു: അവന്‍ പറഞ്ഞു. “തന്‍റെ പാടത്തു നല്ല വിത്തു വിതച്ചവനെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം. 25 ആ രാത്രിയില്‍, എല്ലാവരും ഉറങ്ങുകയായിരുന്നു. അയാളുടെ ശത്രു വന്നു ഗോതന്പിനിടയില്‍ കളകള്‍ നട്ട് കടന്നുകളഞ്ഞു. 26 പിന്നീട് ഗോതന്പുചെടികള്‍ വളര്‍ന്ന് ധാന്യക്കുലകളുണ്ടായി. അതേസമയം കളകളും വളര്‍ന്നിരുന്നു. 27 അപ്പോള്‍ കര്‍ഷകന്‍റെ ദാസന്മാര്‍ വന്നു പറഞ്ഞു, ‘അങ്ങു നല്ല വിത്തല്ലേ വിതച്ചത്? പിന്നെ എവിടുന്നാണ് കളകള്‍ വന്നത്?’
28 “അയാള്‍ മറുപടി പറഞ്ഞു, ‘ഒരു ശത്രുവാണ് ആ കളകള്‍ നട്ടത്.’
“ദൃത്യന്മാര്‍ ചോദിച്ചു, ‘ഞങ്ങള്‍ പോയി കളകള്‍ നീക്കം ചെയ്യണമോ?’
29 “അയാള്‍ പറഞ്ഞു, ‘വേണ്ട എന്തെന്നാല്‍ നിങ്ങള്‍ കള പറിക്കുന്പോള്‍ ഗോതന്പും പറിക്കാനിടയുണ്ട്. 30 ഗോതന്പും കളയും ഒന്നിച്ചു വളരട്ടെ. വിളവെടുപ്പു സമയമാകുന്പോള്‍ ഞാന്‍ ദാസന്മാരോടു പറയും: ആദ്യം കള പറിച്ചു കൂട്ടി കത്തിക്കുക. എന്നിട്ട് ഗോതന്പു കൊയ്തു കൊണ്ടുവന്ന് എന്‍റെ പത്തായം നിറയ്ക്കുക.”
കൂടുതല്‍ കഥകള്‍
(മര്‍ക്കൊ. 4:30-34; ലൂക്കൊ. 13:18-21)
31 പിന്നീട് അവന്‍ അവരോടു മറ്റൊരു കഥ പറഞ്ഞു, “സ്വര്‍ഗ്ഗരാജ്യം ഒരു കടുകുമണി പോലയാണ്. ഒരാള്‍ തന്‍റെ പാടത്തു കടുകുവിത്തു വിതച്ചു. 32 എല്ലാ വിത്തുകളിലും വച്ച് അതു ചെറുതാണ്. പക്ഷേ വിത്തു വളരുന്പോള്‍ തോട്ടത്തിലെ ഏറ്റവും വലിയ ചെടികളിലൊന്നായിത്തീരും അത്. അതൊരു മരമായിത്തീരുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുവെക്കുകയും ചെയ്യുന്നു.”
33 പിന്നീട് മറ്റൊരു കഥകൂടി പറഞ്ഞു, “സ്വര്‍ഗ്ഗരാജ്യം മാവു മുഴുവന്‍ പുളിയ്ക്കുംവരെ ഒരു സ്ത്രീ വലിയ പാത്രത്തിലുള്ള മാവില്‍ കുഴച്ചു ചേര്‍ക്കുന്ന പുളിമാവ് പൊലെയാണ്.”
34 കഥകളായി ആണവന്‍ അവരൊടെല്ലാം പറഞ്ഞത്. എപ്പോഴും അവന്‍ കഥകളിലൂടെ അവരെ പഠിപ്പിച്ചു. 35 പ്രവാചകന്‍ പറഞ്ഞത് തന്നെയായിരുന്നു അത്:
“ഞാന്‍ കഥകളിലൂടെ സംസാരിക്കും,
ലോകാരംഭം മുതല്‍ രഹസ്യമാക്കിവെക്കപ്പെട്ടിരിക്കുന്നവ ഞാന്‍ പറയും.” സങ്കീര്‍ത്തനം 78:2
വിഷമം പിടിച്ച ഒരു കഥ വിശദീകരിക്കുന്നു
36 അനന്തരം യേശു അവരെ വിട്ട് ഒരു വീട്ടിലേക്കു കയറി. ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു, “വയലില്‍ വിതച്ച കളകളുടെ കഥ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും.”
37 യേശു മറുപടി പറഞ്ഞു, “പാടത്തു നല്ല വിത്തു വിതച്ചവന്‍ മനുഷ്യപുത്രനാണ്. 38 പാടം ഈ ലോകവും നല്ല വിത്തുകളാകട്ടെ ദൈവരാജ്യത്തിലെ ദൈവത്തിന്‍റെ മക്കളും. ദുഷ്ടന്‍റെ ആടുകളാണ് കളകള്‍. 39 പിശാചാണ് കളകള്‍ വിതച്ചത്. വിളവെടുപ്പ് ലോകാവസാനകാലമാണ്.
40 “കളകളെ പറിച്ചു കത്തിച്ചുകളഞ്ഞു, ലോകാവസാനകാലത്തും അതുതന്നയാവും സംഭവിക്കുക. 41 മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ പാപികളെയും പിശാചിന്‍റെ അനുയായികളെയും ഒരുമിക്കും. ദൂതന്മാര്‍ അവരെ ദൈവരാജ്യത്തുനിന്നും പുറത്തെടുക്കും. 42 ദൂതന്മാര്‍ പാപികളെ തീയുലകളിലേക്കു വലിച്ചെറിയും. അവിടെ അവര്‍ നിലവിളിക്കുകയും വേദനകൊണ്ട് പല്ല് ഞെരിക്കുകയും ചെയ്യും. 43 അപ്പോള്‍ നീതിമാന്മാര്‍ സൂര്യനെപ്പോലെ തിളങ്ങും. അവര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തെത്തും. കാതുള്ളവര്‍ കേള്‍ക്കട്ടെ.”
നിധിയുടെയും മുത്തിന്‍റെയും കഥ
44 “പാടത്ത് ഒളിപ്പിച്ചുവച്ച നിധിപോലെയാണ് സ്വര്‍ഗ്ഗരാജ്യം. അയാള്‍ അതു കണ്ടെത്താന്‍ ഇടയായി. അയാള്‍ സന്തോഷിച്ചു. അതുവീണ്ടും മറ്റൊരിടത്തു കുഴിച്ചിട്ടു. അയാള്‍ മടങ്ങിപ്പോയി. ആ പാടം വാങ്ങാന്‍ തനിക്കുള്ളതെല്ലാം വിറ്റു.
45 “നല്ല മുത്തുകള്‍ അന്വേഷിക്കുന്ന കച്ചവടക്കാരനെപ്പോലെയുമാണ് സ്വര്‍ഗ്ഗരാജ്യം. 46 ഒരു ദിവസം അയാള്‍ സവിശേഷമായ മൂല്യമുള്ള ഒരു നല്ല മുത്തു കണ്ടെത്തി. അയാള്‍ പോയി എല്ലാം വിറ്റ് മുത്തു വാങ്ങാന്‍ വന്നു.”
മീന്‍പിടുത്തവലയുടെ കഥ
47 “കടലിലേക്കെറിയുന്ന വലപോലെയും കൂടിയാണ് സ്വര്‍ഗ്ഗരാജ്യം. അതില്‍ എല്ലാ വിധത്തിലുമുള്ള മത്സ്യങ്ങള്‍ കുടുങ്ങി. 48 വല നിറഞ്ഞപ്പോള്‍ മുക്കുവര്‍ കരയിലേക്കതു വലിച്ചു. അവര്‍ നിലത്തിരുന്ന് എല്ലാ നല്ല മീനും കുട്ടകളിലാക്കി. ചീത്ത മീനുകള്‍ വലിച്ചെറിഞ്ഞു. 49 ലോകാവസാനവും അങ്ങനെ തന്നെയാണു സംഭവിക്കുക. ദൂതന്മാര്‍ വന്ന് ദുഷ്ടരെ നീതിമാന്മാരില്‍നിന്നും വേര്‍തിരിക്കും. 50 ദൂതന്മാര്‍ ദുഷ്ടരെ തീച്ചൂളയിലേക്കെറിയും. അവിടെക്കിടന്ന് അവര്‍ നിളവിളിക്കുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യും.”
51 അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “ഇതെല്ലാം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നോ?”
ശിഷ്യന്മാര്‍ പറഞ്ഞു, “ഉവ്വ്, മനസ്സിലായി.”
52 അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “അതിനാല്‍ സ്വര്‍ഗ്ഗരാജ്യത്തെപ്പറ്റി പഠിക്കുന്ന ഓരോ ശാസ്ത്രിയും ഓരോ വീട്ടുടമയെപ്പോലെയാണ്. അവന്‍റെ വീട്ടില്‍ പഴയതും പുതിയതുമായ ഒരുപാടു സാധനങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു. അയാള്‍ അവ പുറത്തു കൊണ്ടുവരുന്നു.”
യേശു ജന്മദേശത്തേക്കു പോകുന്നു
(മര്‍ക്കൊ. 6:1-6; ലൂക്കൊ. 4:16-30)
53 അപ്പോള്‍ യേശു കഥകളുപയോഗിച്ചു ഉപദേശിക്കുന്നത് മുഴുമിപ്പിച്ചു അവിടം വിട്ടുപോയി. 54 അവന്‍ താന്‍ വളര്‍ന്നുവന്ന ഗ്രാമത്തിലേക്കു പോയി. അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ആളുകളെ ഉപദേശിച്ചു. അതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു. ആളുകള്‍ ചോദിച്ചു, “ഈ മനുഷ്യന് ഇത്രയും അത്ഭുതപ്രവര്‍ത്തികള്‍ക്കുള്ള കഴിവ് എവിടുന്നു കിട്ടി? 55 ഇവന്‍ ആ വെറും മരയാശാരിയുടെ പുത്രന്‍. മറിയ അവന്‍റെ അമ്മ. സഹോദരന്മാര്‍ യാക്കോബും യോസെയും, ശിമോനും യൂദായും. 56 അവന്‍റെ സഹോദരിമാരാകട്ടെ ഇവിടെ നമ്മോടൊപ്പമുണ്ട്. പിന്നെ എവിടുന്നാണ് അവനിതൊക്കെ ചെയ്യാനുള്ള ജ്ഞാനവും കഴിവും കിട്ടിയത്?” 57 അവര്‍ അവനെ അംഗീകരിച്ചില്ല.
എന്നാല്‍ യേശു അവരോടു പറഞ്ഞു, “പ്രവാചകനെ മറ്റുള്ളവരംഗീകരിക്കുന്നു. പ്രവാചകന്‍ അവന്‍റെ സ്വന്തം ജന്മനഗരത്തിലും സ്വന്തം കുടുംബത്തിലും അംഗീകരിക്കപ്പെടില്ല.” 58 അവര്‍ യേശുവില്‍ വിശ്വസിച്ചില്ല. അതിനാലവന്‍ അവിടെ അധികം വീര്യപ്രവൃത്തികള്‍ ചെയ്തില്ല.