യേശു, മോശെ, ഏലീയാവ്
(മര്‍ക്കൊ. 9:2-13; ലൂക്കൊ. 9:28-36)
17
ആറുദിവസത്തിനു ശേഷം യേശു, പത്രൊസ്, യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, എന്നിവരോടു കൂടി വലിയൊരു മലമുകളിലേക്കു കയറി. അവിടെ അവര്‍ ഒറ്റയ്ക്കായിരുന്നു. ഈ ശിഷ്യന്മാര്‍ നോക്കി നില്‍ക്കേ യേശുവിനു മാറ്റമുണ്ടായി. അവന്‍റെ മുഖം സൂര്യനെപ്പോലെ തിളങ്ങി. അവന്‍റെ വസ്ത്രങ്ങള്‍ പ്രകാശംപോലെ വെളുത്തു. അപ്പോള്‍ അവനുമായി സംസാരിക്കുന്ന രണ്ടുപേരെയും കണ്ടു. അവര്‍ മോശെയും ഏലീയാവുമായിരുന്നു.
പത്രൊസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ ഞങ്ങളിവിടെയുണ്ടായതു നന്നായി. അങ്ങ് ആവശ്യപ്പെടുന്നെങ്കില്‍, ഞാനിവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്ന് ഏലീയാവിന്,”
പത്രൊസ് സംസാരിക്കവെ ഒരു തിളങ്ങുന്ന മേഘം അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരശരീരി ഉണ്ടായി, “ഇവനെന്‍റെ പുത്രന്‍ ഇവനെ ഞാന്‍ സ്നേഹിക്കുന്നു. ഇവനില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇവനെ അനുസരിക്കുക.”
ശിഷ്യന്മാരിതു കേട്ടു. അവര്‍ വളരെ ഭയന്നു. അവര്‍ മുഖമടിച്ചു താഴെ വീണു. എന്നാല്‍ യേശു വന്ന് അവരെ സ്പര്‍ശിച്ചു. യേശു പറഞ്ഞു, “എഴുന്നേല്ക്കൂ, ഭയപ്പെടേണ്ട.” ശിഷ്യന്മാര്‍ തല പൊക്കി നോക്കി. അവര്‍ യേശുവിനെ മാത്രം കണ്ടു.
അവര്‍ മലയിറങ്ങുകയായിരുന്നു. യേശു ശിഷ്യന്മാരോടു കല്പിച്ചു. “മലയില്‍ നിങ്ങള്‍ കണ്ടതൊന്നും ആരോടും പറയരുത്. മനുഷ്യപുത്രന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും വരെ കാത്തിരിക്കുക. അപ്പോള്‍ നിങ്ങള്‍ കണ്ടതൊക്കെ പറയാം.”
10 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “ക്രിസ്തു വരും മുന്പേ ഏലീയാവു വരുമെന്ന് ശാസ്ത്രിമാര്‍ പറയാന്‍ കാരണമെന്താണ്?”
11 യേശു മറുപടി പറഞ്ഞു, “ഏലീയാവു വരുമെന്ന് അവര്‍ പറഞ്ഞത് ശരിയാണ്. ഏലീയാവു എല്ലാം നേരെയാക്കുമെന്നതും സത്യമാണ്. 12 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഏലീയാവു വന്നു കഴിഞ്ഞു. എന്നാല്‍ അവര്‍ അവനെ തിരിച്ചറിഞ്ഞില്ല. ആളുകള്‍ ചെയ്യാവുന്ന എല്ലാ വൃത്തികേടുകളും അവന്‍റെമേല്‍ ചെയ്തുകഴിഞ്ഞു. മനുഷ്യപുത്രനോടും അതു തന്നെയാണു ചെയ്യുക. അതേ ആളുകള്‍ തന്നെ മനുഷ്യപുത്രനെയും കഷ്ടപ്പെടുത്തും.” 13 സ്നാപകയോഹന്നാന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഏലീയാവു എന്നു യേശു അര്‍ത്ഥമാക്കുന്നതെന്ന് ശിഷ്യന്മാര്‍ മനസ്സിലാക്കി.
ഒരു കുട്ടിയുടെ രോഗം ഭേദമാക്കുന്നു
(മര്‍ക്കൊ. 9:14-29; ലൂക്കൊ. 9:37-43)
14 യേശുവും ശിഷ്യന്മാരും ആളുകളുടെയടുത്തേക്കു മടങ്ങി. ഒരാള്‍ യേശുവിനു മുന്പില്‍ വന്നു മുട്ടുകുത്തി. 15 അയാള്‍ പറഞ്ഞു, “കര്‍ത്താവേ, എന്‍റെ മകനോടു കരുണ കാട്ടേണമേ. അവന്‍ അപസ്മാരംകൊണ്ട് വളരെ കഷ്ടപ്പെടുന്നു. അവന്‍ ഇടയ്ക്കു തീയിലോ വെള്ളത്തിലോ വീഴുന്നു. 16 ഞാനവനെ നിന്‍റെ ശിഷ്യന്മാരുടെയടുത്തു കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അവനെ സുഖപ്പെടുത്താനായില്ല.”
17 യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ അവിശ്വാസികള്‍. നിങ്ങളുടെ ജീവിതരീതി തന്നെ തെറ്റ്. ഞാന്‍ എത്രകാലം നിങ്ങളോടൊപ്പം ഉണ്ടാവണം.? എത്രകാലം ഇങ്ങനെ പൊറുക്കണം? കുട്ടിയെ കൊണ്ടുവരിക.” 18 യേശു ആ കുട്ടിയെ ബാധിച്ച ഭൂതത്തോടു ശക്തമായി കല്പിച്ചു. ഭൂതം അവനെ വിട്ടിറങ്ങി, കുട്ടിക്കു സുഖമായി.
19 പിന്നീട് ശിഷ്യന്മാര്‍ തന്നെ യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഭൂതത്തെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ക്കതിനായില്ല. എന്തുകൊണ്ടാണ് ഞങ്ങള്‍ക്കതു സാധിക്കാഞ്ഞത്?”
20 യേശു മറുപടി പറഞ്ഞു, “അല്പവിശ്വാസികളായതിനാലാണു നിങ്ങള്‍ക്കതു കഴിയാഞ്ഞത്. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ മലയോടു 'ഇവിടെ നിന്നു മാറി അവിടെ പോകൂ' എന്ന് ആജ്ഞാപിച്ചാല്‍ മല മാറുകതന്നെ ചെയ്യും. നിങ്ങള്‍ക്കെല്ലാം സാദ്ധ്യമാകും.” 21  + ചില ഗ്രീക്കു കൈയെഴുത്തു പതിപ്പുകളില്‍ ഉപവാസത്താലും പ്രാര്‍ത്ഥനയാലും അല്ലാതെ ഇപ്രകാരമുള്ള ആത്മാവ് വിട്ടുപോകുകയില്ലെന്ന് കാണുന്നു.
തന്‍റെ മരണത്തെപ്പറ്റി യേശു
(മര്‍ക്കൊ. 9:30-32; ലൂക്കൊ. 9:43-45)
22 പിന്നീട് ശിഷ്യന്മാര്‍ ഗലീലയില്‍ ഒത്തുകൂടി. യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രന്‍ ചിലരുടെ കയ്യിലകപ്പെടും 23 അവര്‍ അവനെ കൊല്ലും. മൂന്നാം ദിവസം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും.” യേശു കൊല്ലപ്പെടുമെന്ന് കേട്ടപ്പോള്‍ ശിഷ്യന്മാര്‍ക്കു വളരെ ദുഃഖമായി.
നികുതി കൊടുക്കുന്നതിനെപ്പറ്റി യേശു
24 യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവിടെ ചിലര്‍ പത്രൊസിനെ സമീപിച്ചു. രണ്ടു ദ്രഹ്മകരം പിരിക്കുന്നവരായിരുന്നു അവര്‍. അവര്‍ ചോദിച്ചു, “നിങ്ങളുടെ ഗുരു രണ്ടു ദ്രഹ്മനികുതി കൊടുത്തോ?”
25 പത്രൊസ് പറഞ്ഞു, “ഉവ്വ് അവനതു ചെയ്യുന്നു.”
പത്രൊസ് യേശു തങ്ങിയിരുന്ന വീട്ടിലേക്കു കയറി. അയാള്‍ സംസാരിക്കുന്നതിനു മുന്പ് തന്നെ യേശു പറഞ്ഞു, “ഭൂമിയിലെ രാജാക്കന്മാര്‍ക്ക് ആളുകളില്‍നിന്നും പല വിധത്തിലുള്ള നികുതികളും കിട്ടും. എന്നാല്‍ നികുതി അടയ്ക്കുന്ന ജനങ്ങള്‍ ആരാണ്? അവര്‍ അവന്‍റെ സ്വന്തം ആളുകളാണോ? അല്ല അന്യരോ? നീയെന്തു കരുതുന്നു?”
26 പത്രൊസ് പറഞ്ഞു, “മറ്റുള്ളവര്‍ നികുതിയടയ്ക്കുന്നു.”
യേശു പറഞ്ഞു, “അതുകൊണ്ട് രാജാവിന്‍റെയാളുകള്‍ക്ക് നികുതി കൊടുക്കേണ്ടതില്ല.” 27 എന്നാല്‍ ഈ നികുതി പിരിവുകാരെ നമ്മള്‍ കോപാകുലരാക്കേണ്ട. അതിനാല്‍ ഇങ്ങനെ നികുതി കൊടുക്കുക. കടലില്‍ പോയി മീന്‍ പിടിക്കുക. ആദ്യത്തെ മീനിനെ പിടിച്ചാലുടന്‍ അതിന്‍റെ വായ് തുറക്കുക. അതിന്‍റെ വായില്‍ ഒരു നാണയം കാണാം. അതെടുത്തു നികുതി പിരിവുകാര്‍ക്കു കൊടുക്കുക. അവര്‍ എനിക്കും നിങ്ങള്‍ക്കും വേണ്ടി നികുതിയടയ്ക്കും.”