വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ കഥ
(ലൂക്കൊ. 14:15-24)
22
1 ജനങ്ങളോടു മറ്റുചില കാര്യങ്ങള്‍ പറയാന്‍ യേശു കഥകളുപയോഗിച്ചു. അവന്‍ പറഞ്ഞു,
2 “തന്‍റെ പുത്രന്‍റെ വിവാഹവിരുന്നൊരുക്കിയ രാജാവിനെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം.
3 അദ്ദേഹം ചിലരെ സദ്യയ്ക്കു ക്ഷണിച്ചു. സദ്യ തയ്യാറായപ്പോള്‍ അതിഥികളെ വിളിക്കാന്‍ രാജാവ് ഭൃത്യരെ അയച്ചു. എന്നാല്‍ രാജാവിന്‍റെ സദ്യയ്ക്കു വരാനാവില്ലെന്ന് അവര്‍ നിരസിച്ചു.
4 “അനന്തരം രാജാവ് കുറേ ദാസന്മാരെക്കൂടി അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു, “ഞാനവരെ ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ചെന്നു പറയുക, സദ്യ തയ്യാറായെന്ന്. ഞാനെന്‍റെ നല്ല കാളകളെയും പശുക്കുട്ടികളെയും തിന്നാനായി കൊന്നിട്ടുണ്ട്. എല്ലാം തയ്യാറായിരിക്കുന്നു. വിവാഹസദ്യയ്ക്കു വരിക.’
5 “ദാസന്മാര്‍ പോയി ജനങ്ങളെ വിളിച്ചു. പക്ഷേ അവര്‍ അതു ശ്രദ്ധിക്കുകകൂടിയുണ്ടായില്ല. അവര്‍ മറ്റു പ്രവര്‍ത്തികളില്‍ മുഴുകി. ഒരാള്‍ പാടത്തു പണിയാന്‍ പോയി. വേറൊരുവന്‍ തന്‍റെ വ്യാപാരത്തിനു പോയി.
6 മറ്റു ചിലരാകട്ടെ ദാസന്മാരെ പിടിച്ച് തല്ലിക്കൊന്നു.
7 രാജാവ് വളരെ കോപിച്ചു. തന്‍റെ ദാസന്മാരെ കൊന്നവരെ വധിക്കാന്‍ രാജാവ് തന്‍റെ സൈന്യത്തെ അയച്ചു. അവരുടെ നഗരം സൈന്യം തീ വെച്ചു.
8 “അതിനുശേഷം രാജാവ് തന്‍റെ ഭൃത്യരോടു പറഞ്ഞു, ‘വിവാഹസദ്യ തയ്യാറായിരിക്കുന്നു. ഞാനവരെ ക്ഷണിച്ചു. പക്ഷേ എന്‍റെ സദ്യയ്ക്കു വരാനുള്ള യോഗ്യത അവര്‍ക്കില്ല.
9 അതിനാല്‍ തെരുവിന്‍റെ മൂലകളിലേക്കു പോയി കാണുന്ന എല്ലാവരെയും ക്ഷണിക്കുക. അവരോടെല്ലാം സദ്യയ്ക്കു വരാന്‍ പറയുക.’
10 ദാസന്മാര്‍ തെരുവുകളിലേക്കു പോയി. അവര്‍ കണ്ട എല്ലാവരെയും വിളിച്ചുകൂട്ടി. നല്ലവരെയും ചീത്തയാളുകളെയും അവര്‍ സദ്യയ്ക്കു കൊണ്ടുവന്നു. അവിടമാകെ ജനം നിറഞ്ഞു.
11 “അപ്പോള്‍ രാജാവ് എല്ലാവരെയും കാണാനെത്തി. വിവാഹവേളയ്ക്കു യോജിക്കാത്തവിധം വസ്ത്രം ധരിച്ച ഒരാളെ രാജാവ് കണ്ടു.
12 രാജാവു പറഞ്ഞു, “സുഹൃത്തേ, ഇവിടെ വരാന്‍ നിനക്കെങ്ങനെ അനുവാദം കിട്ടി? ശരിക്കുള്ള വസ്ത്രംപോലും ധരിക്കാതെ.’ എന്നാല്‍ അയാളൊന്നും പറഞ്ഞില്ല.
13 അതിനാല്‍ രാജാവു ദൃത്യന്മാരോടു പറഞ്ഞു, ‘ഇവന്‍റെ കൈയും കാലും കെട്ടുക. എന്നിട്ട് ഇരുട്ടിലേക്കെറിയുക. അവിടെ ആളുകള്‍ കരയുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യും.’
14 “അതെ, ക്ഷണിക്കപ്പെട്ടവര്‍ അധികം. പക്ഷെ തിരഞ്ഞെടുക്കപ്പെടുന്നത് ചിലര്‍ മാത്രം.”
ചില യെഹൂദനേതാക്കള്‍ യേശുവിനെ കുരുക്കാന്‍ നോക്കുന്നു
(മര്‍ക്കൊ. 12:13-17; ലൂക്കൊ. 20:20-26)
15 അപ്പോള്‍ യേശു ഉപദേശിച്ചിരുന്നിടത്തുനിന്നും പരീശന്മാര്‍ പോയി. യേശു തെറ്റായതെന്തെങ്കിലും പറഞ്ഞാല്‍ അവനെ പിടിക്കാന്‍ അവര്‍ തക്കം പാര്‍ത്തു.
16 പരീശന്മാര്‍ യേശുവിനെ കുരുക്കാന്‍ ചിലരെ അയച്ചു. തങ്ങളുടെ ചില അനുയായികളെയും ഹെരോദ്യര്‍ എന്നറിയപ്പെടുന്ന ചിലരെയുമാണ് അവര്‍ അയച്ചത്. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങ് വിശ്വസ്തനായ ഒരാളാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവത്തിന്‍റെ വഴിയുടെ സത്യം നീ പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ക്കറിയാം. ആളുകള്‍ നിന്നെപ്പറ്റി എന്തു കരുതുന്നു എന്നു നീ ഭയക്കുന്നുമില്ല. എല്ലാവരും നിനക്കൊരുപോലെയാണ്.
17 അതിനാല്‍ നിന്‍റെ അഭിപ്രായം പറഞ്ഞാലും. കൈസര്‍ക്കു കരം കൊടുക്കുന്നതു ശരിയോ തെറ്റോ?”
18 എന്നാല്‍ അവര്‍ തന്നെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് യേശുവിനറിയാമായിരുന്നു. അതിനാല്‍ അവന്‍ പറഞ്ഞു, “കപടഭക്തിക്കാരേ, എന്തിനാണു നിങ്ങളെന്നെ സംസാരത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്?
19 കരം കൊടുക്കുന്ന ഒരു നാണയം തരൂ.” അവര്‍ യേശുവിനെ ഒരു വെള്ളിനാണയം കാണിച്ചു.
20 എന്നിട്ട് യേശു ചോദിച്ചു, “ആരുടെ ചിത്രമാണിതില്‍ മുദ്രണം ചെയ്തിരിക്കുന്നത്? ആരുടെ പേരുമാണ് ഇതില്‍ മുദ്രിതമായിരിക്കുന്നത്?”
21 അവര്‍ മറുപടി പറഞ്ഞു, “കൈസറുടെ ചിത്രവും പേരുമാണ്.”
അപ്പോള്‍ യേശു അവരോടു പറഞ്ഞു, “കൈസര്‍ക്കുള്ളതു കൈസര്‍ക്കു കൊടുത്തേക്കൂ. ദൈവത്തിനുള്ളതു ദൈവത്തിനും.”
22 യേശുവിന്‍റെ വാക്കുകള്‍ കേട്ടവര്‍ അത്ഭുതപ്പെട്ടു. അവര്‍ യേശുവിനെ വിട്ടുപോയി.
ചില സദൂക്യര്‍ യേശുവിനെ കുടുക്കാന്‍ നോക്കുന്നു
(മര്‍ക്കൊ. 12:18-27; ലൂക്കൊ. 20:27-40)
23 അതേ ദിവസം തന്നെ ഏതാനും സദൂക്യര്‍ യേശുവിനെ സമീപിച്ചു. സദൂക്യര്‍ മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പില്‍ വിശ്വസിച്ചിരുന്നില്ല. അവര്‍ യേശുവിനോടൊരു ചോദ്യം ചോദിച്ചു.
24 അവര്‍ പറഞ്ഞു, “ഗുരോ, മോശെ പറഞ്ഞു: വിവാഹിതനായ ഒരാള്‍ കുട്ടികളില്ലാതെ മരിച്ചാല്‍ അയാളുടെ സഹോദരന്‍ അയാളുടെ ഭാര്യയെ വിവാഹം കഴിക്കണം. എന്നിട്ട് മരിച്ച സഹോദരനുവേണ്ടി അവര്‍ കുട്ടികളെ ഉല്പാദിപ്പിക്കണം എന്ന്.
25 ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം കഴിച്ചു. പക്ഷേ കുട്ടികളില്ലാതെ മരിച്ചു. അതിനാല്‍ അയാളുടെ സഹോദരന്‍ ആ സ്ത്രീയെ വിവാഹം കഴിച്ചു.
26 എന്നാല്‍ രണ്ടാമനും കുട്ടികളുണ്ടാവാതെ മരിച്ചു. ഇതു തന്നെ മൂന്നാമനും ബാക്കി എല്ലാ സഹോദരന്മാര്‍ക്കും സംഭവിച്ചു.
27 ഒടുവില്‍ ആ സ്ത്രീയും മരിച്ചു.
28 പക്ഷേ എല്ലാ സഹോദരന്മാരും അവളെ വിവാഹം ചെയ്തിരുന്നു. അതിനാല്‍ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നാല്‍ അവള്‍ ആരുടെ ഭാര്യയായിത്തീരും?”
29 യേശു ഉത്തരം പറഞ്ഞു, “നിങ്ങള്‍ക്കു മനസ്സിലാവില്ല. തിരുവെഴുത്തുകളില്‍ എന്താണു പറയുന്നതെന്നു നിങ്ങള്‍ക്കറിയില്ല. ദൈവത്തിന്‍റെ ശക്തിയെപ്പറ്റിയും നിങ്ങള്‍ക്കറിയില്ല.
30 ഉയിര്‍ത്തെഴുന്നേല്‍ക്കുന്പോള്‍ വിവാഹം നിലനില്‍ക്കുന്നില്ല. എല്ലാരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.
31 ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചു ദൈവം നിങ്ങളോടു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ വായിച്ചിട്ടില്ലേ?
32 ദൈവം പറഞ്ഞു, ‘ഞാന്‍ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണ്.’✡ ഉദ്ധരണി പുറ. 3:6,15,16. താനവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല. അവന്‍ ജീവിച്ചിരിക്കുന്നവരുടെ മാത്രം ദൈവമാണ്.”
33 എല്ലാവരും യേശുവിന്‍റെ ഉപദേശം കേട്ട് അത്ഭുതപ്പെട്ടു.
ഏറ്റവും പ്രധാന കല്പന
(മര്‍ക്കൊ. 12:28-34; ലൂക്കൊ. 10:25-28)
34 യേശു സദൂക്യരെ ഉത്തരംമുട്ടിച്ച വാര്‍ത്ത പരീശന്മാര്‍ കേട്ടു. അവര്‍ യോഗം ചേര്‍ന്നു.
35 ഒരു പരീശന്‍ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദനായിരുന്നു. ആ പരീശന്‍ യേശുവിനെ പരീക്ഷിക്കാന്‍ ഒരു ചോദ്യം ചോദിച്ചു,
36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്പന ഏത്?”
37 യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ കര്‍ത്താവായ നിങ്ങളുടെ ദൈവത്തെ സ്നേഹിക്കണം. നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടെയും പൂര്‍ണ്ണ മനസ്സോടെയും സ്നേഹിക്കണം.’✡ ഉദ്ധരണി ആവ. 6:5.
38 ഇതാണ് പ്രഥമവും പരമ പ്രധാനവുമായ കല്പന.
39 രണ്ടാമത്തെ കല്പന അതുപോലെതന്നെ: ‘നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.’
40 ന്യായപ്രമാണം പൂര്‍ണ്ണമായും പ്രവാചകരുടെ ലിഖിതങ്ങളില്‍നിന്നും ഈ രണ്ടു കല്പനകളില്‍ നിന്നുടലെടുത്തതാണ്.”
യേശു പരീശന്മാരോടു ചോദ്യങ്ങള്‍ ചോദിക്കുന്നു
(മര്‍ക്കൊ. 12:35-37; ലൂക്കൊ. 20:41-44)
41 അതുകൊണ്ട് പരീശന്മാര്‍ ഒന്നിച്ചുകൂടിയപ്പോള്‍ യേശു അവരോട് ഒരു ചോദ്യം ചോദിച്ചു.
42 “ക്രിസ്തുവിനെപ്പറ്റി നിങ്ങളെന്തു കരുതുന്നു? ആരുടെ മകനാണവന്‍?”
പരീശന്മാര്‍ പറഞ്ഞു, “ക്രിസ്തു ദാവീദിന്‍റെ പുത്രന്‍.”
43 അപ്പോള്‍ യേശു പറഞ്ഞു, “പിന്നെ എങ്ങനെയാണു ദാവീദ് അവനെ ‘കര്‍ത്താവ്' എന്നു വിളിച്ചത്? ദാവീദ് പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ സംസാരിക്കുകയായിരുന്നു.
44 ‘കര്‍ത്താവ് എന്‍റെ കര്‍ത്താവിനോടു പറഞ്ഞു,
‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ കാല്‍ക്കീഴിലാക്കും വരെ
എന്‍റെ വലതു വശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1
45 ദാവീദ് ക്രിസ്തുവിനെ ‘കര്‍ത്താവ്' എന്നു വിളിക്കുന്നു. പിന്നെങ്ങനെ അവന്‍ ദാവീദിന്‍റെ പുത്രനാകും?”
46 പരീശന്മാരിലാര്‍ക്കും യേശുവിന്‍റെ ചോദ്യത്തിനുത്തരം കൊടുക്കാനായില്ല. ആ ദിവസത്തിനു ശേഷം യേശുവിനെ കുരുക്കാന്‍ വേറൊരു ചോദ്യം പോലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.