റോമര്‍ക്ക് എഴുതിയ ലേഖനം
1
1 ക്രിസ്തുയേശുവിന്‍റെ ദാസനായ പെൌലൊസ് എഴുതുന്നത്.
എന്നെ ഒരു അപ്പൊസ്തലനാകാന്‍ ദൈവം വിളിച്ചു. ദൈവത്തിന്‍റെ സുവിശേഷം എല്ലാ ജനങ്ങളെയും അറിയിക്കുവാന്‍ എന്നെ തിരഞ്ഞെടുത്തു.
2 ദൈവം പ്രവാചകരിലൂടെ ഈ സുവിശേഷം അവന്‍റെ ജനങ്ങള്‍ക്കു നല്‍കാന്‍ വളരെ പണ്ടു തന്നെ വാഗ്ദാനം ചെയ്തിരുന്നു.
3 തിരുവെഴുത്തുകളില്‍ ആ വാഗ്ദാനമാണ് രേഖപ്പെടുത്തിയിട്ടുളളത്.
4 ദൈവത്തിന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചുളളതാണ് ആ സുവിശേഷം. ദാവീദിന്‍റെ കുടുംബത്തിലാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവന്‍ ജനിച്ചത്. പക്ഷേ യേശു ദൈവപുത്രനാണെന്ന് പരിശുദ്ധാത്മാവിലൂടെ സ്പഷ്ടമാക്കി. മരണത്തില്‍നിന്നും ഉയര്‍ത്തിയ ശക്തിമത്തായ പ്രവര്‍ത്തനം വഴി, അവന്‍ ദൈവപുത്രനാണെന്നു വെളിവായിരിക്കുന്നു.
5 ദൈവം ക്രിസ്തുവിലൂടെ, ഒരു അപ്പൊസ്തലന്‍റെ ജോലിയെനിക്കു നല്‍കി. സകല രാജൃങ്ങളിലുമുളള ജനങ്ങളെ ദൈവവിശ്വാസത്തിലേക്കും ദൈവവിധേയത്തിലേക്കും നയിക്കാന്‍വേണ്ടിയാണ് ദൈവം എന്നെ ജോലി ഏല്പിച്ചത്. ഞാനാകട്ടെ ക്രിസ്തുവിനുവേണ്ടി ഈ പ്രവൃത്തി ചെയ്യുന്നു.
6 റോമിലുളള നിങ്ങളും, യേശുക്രിസ്തുവിന്‍റേതാകാന്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
7 തന്‍റെ വിശുദ്ധജനമാകാന്‍ വേണ്ടി ദൈവം വിളിച്ചിരിക്കുന്ന റോമിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുളളതാണ് ഈ കത്ത്. ദൈവം സ്നേഹിക്കുന്ന ജനങ്ങളാണ് നിങ്ങള്‍.
നമ്മുടെ പിതാവായ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുമാറാകട്ടെ!
ഒരു കൃതജ്ഞതാ പ്രാര്‍ത്ഥന
8 നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്‍റെ ദൈവത്തിന് ഞാനാദ്യമായി നന്ദി പറയുന്നു. നിങ്ങളുടെ വിശ്വാസത്തെപ്പറ്റി സമസ്തലോകവും വിളംബരം ചെയ്യുന്നതിനാല്‍ ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു.
9-10 ഞാന്‍ പ്രാര്‍ത്ഥിക്കുന്പോഴെല്ലാം നിങ്ങളെ ഓര്‍മ്മിക്കും. ഇതു സത്യമാണെന്നു ദൈവത്തിനറിയാം. അവന്‍റെ പുത്രന്‍റെ സുവിശേഷത്തെപ്പറ്റി ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് ഞാന്‍ എന്‍റെ ആത്മാവില്‍ ദൈവത്തെ ആരാധിക്കുന്നത്. നിങ്ങളുടെ അടുത്ത് എത്താനുളള അനുമതിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം ആഗ്രഹിക്കു ന്നുവെങ്കില്‍ അതു സംഭവിക്കും.
11 നിങ്ങളെ കാണാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളെ ശക്തരാക്കാന്‍ ചില ആത്മീയവരം നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്.
12 നമുക്ക് ഓരോരുത്തര്‍ക്കുമുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ നാം പരസ്പരം സഹായിക്കണമെന്ന ആഗ്രഹമാണ് ഞാനിവിടെ ലക്ഷ്യമാക്കുന്നത്.
13 സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സമീപമെത്താന്‍ ഞാന്‍ പലതവണ ഒരുങ്ങിയതാണ് എന്ന കാര്യം നിങ്ങളറിയണമെന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍ നിങ്ങളുടെ അടുത്തുവരാന്‍ എനിക്ക് അനുമതി ലഭിച്ചില്ല. ആത്മീയ അഭിവൃദ്ധിയ്ക്ക് നിങ്ങളെ സഹായിക്കണമെന്നുളളതുകൊണ്ട് അവിടെ വരാന്‍ ഞാനാഗ്രഹിക്കുന്നു. ശേഷം ജാതികളെ സഹായിച്ചതുപോലെ നിങ്ങളെയും സഹായിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
14 എനിക്ക് യവനന്മാരോടും യവനന്മാരല്ലാത്തവരോടും വിജ്ഞാനികളോടും ഭോഷന്മാരോടും എല്ലാവരോടും കടപ്പാടുണ്ട്.
15 അതുകൊണ്ടാണ് റോമയിലുളള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാന്‍ ഞാനാഗ്രഹിക്കുന്നത്.
16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല, എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആദ്യം യെഹൂദനും പിന്നെ ജാതികള്‍ക്കും രക്ഷിക്കപ്പെടുവാന്‍ ദൈവം ഉപയോഗിക്കുന്ന ശക്തിയാണത്.
17 ദൈവം ജനങ്ങളെ നീതീകരിക്കുന്നതെങ്ങനെയെന്ന് സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ നീതീകരണത്തിനുളള വഴി ആദിമുതല്‍ അവസാനം വരെ വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. തിരുവെഴുത്ത് പറയുന്നതുപോലെ, “വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടവന്‍ എന്നേക്കും ജീവിക്കും.✡ ഉദ്ധരണി ഹബ. 2:4.
എല്ലാവരും തെറ്റു ചെയ്തു
18 ദൈവകോപം സ്വര്‍ഗ്ഗത്തില്‍നിന്നും വെളിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ ദൈവത്തിനെതിരായി അനുവര്‍ത്തിക്കുന്ന എല്ലാ ദുഷ്ടതയിലും വീഴ്ചയിലും ദൈവം കോപിഷ്ഠനാണ്. അവര്‍ക്ക് സത്യം അറിയാമെങ്കിലും അവരുടെ ദുഷ്ടജീവിതം സത്യത്തെ മറയ്ക്കുന്നു.
19 ദൈവത്തെപ്പറ്റി അറിയാവുന്നതെല്ലാം അവര്‍ക്ക് വ്യക്തമായിട്ടും അവര്‍ സത്യത്തെ മറച്ചുവയ്ക്കുന്നതിനാല്‍ ദൈവം ക്രോധം പ്രകടിപ്പിക്കുന്നു. ദൈവം, തന്നെ സംബന്ധിച്ചതെല്ലാം അവര്‍ക്കു മനസ്സിലാക്കി കൊടുത്തിരിക്കുന്നു.
20 നിത്യമായി നിലനില്‍ക്കുന്ന ശക്തിയും ദൈവീകമഹത്വവും തുടങ്ങി അദൃശ്യഗുണങ്ങളും ദൈവീകമായ സകലതും ദൈവത്തിനുണ്ട്. പക്ഷേ, ലോകാരംഭം മുതല്‍ക്കേ അത്തരം കാര്യങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ദൈവം സൃഷ്ടിച്ച എല്ലാറ്റിനും ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തങ്ങള്‍ ചെയ്യുന്ന തെറ്റുകളില്‍നിന്ന് ജനങ്ങള്‍ക്ക് ഒഴികഴിവില്ല.
21 മനുഷ്യര്‍ക്ക് ദൈവത്തെ അറിയാമെങ്കിലും അവര്‍ ദൈവത്തിനു മഹത്വം കൊടുക്കുകയോ അവനോട് നന്ദിപറയുകയോ ചെയ്തില്ല. അവരുടെ ചിന്ത നിഷ്പ്രയോജനമായി. പാപാന്ധത അവരുടെ മൂഢമനസുകളില്‍ നിറഞ്ഞിരിക്കുന്നു.
22 അവര്‍ ബുദ്ധിമാന്മാരാണെന്നു അവകാശപ്പെടുന്നെങ്കിലും മൂഢന്മാരായിരിക്കുന്നു.
23 അനശ്വരമായ ദൈവത്തിന്‍റെ മഹത്വം അവര്‍ കൈവെടിഞ്ഞിരിക്കുന്നു. ഭൂവാസികളുടെയിടയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളെ നമസ്ക്കരിക്കാന്‍ ആ മഹത്വത്തെ അവര്‍ കൈമാറ്റം ചെയ്തു. പക്ഷികളെയും നാല്‍ക്കാലികളെയും ഇഴജന്തുക്കളെയും പോലുളളവയ്ക്കായി ദൈവമഹത്വം വില്‍ക്കപ്പെട്ടു.
24 ജനങ്ങളിലാകമാനം തിന്മയാണ്, തിന്മ ചെയ്യാന്‍ മാത്രമാണവരുടെ ആഗ്രഹം. അതുകൊണ്ട് ദൈവം അവരെ ഉപേക്ഷിക്കുകയും അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളിലൂടെ പോകാന്‍ വിടുകയും ചെയ്തു. അങ്ങനെ അവര്‍ സ്വന്തം ശരീരങ്ങളെ ലൈംഗികപാപങ്ങള്‍ ചെയ്തുകൊണ്ട് അധഃപതിപ്പിക്കുകയും ചെയ്തു.
25 അവര്‍ ദൈവത്തെക്കുറിച്ചുളള സത്യം അസത്യത്തിനു കൈമാറ്റം ചെയ്തു. അവര്‍ സൃഷ്ടിക്കപ്പെട്ടതിനെ നമസ്കരിക്കുകയും സേവിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സൃഷ്ടാവായ ദൈവത്തെ നമസ്കരി ക്കുകയോ സേവിക്കുകയോ ചെയ്തില്ല. എന്നെന്നും ദൈവം വാഴ്ത്തപ്പെടട്ടെ! ആമേന്‍.
26 ഇക്കാരണത്താല്‍ ദൈവം അവരെ ഉപേക്ഷിക്കുകയും, അവര്‍ അനുവര്‍ത്തിക്കാനാഗ്രഹിച്ച ലജ്ജാകരമയ വികാരങ്ങളിലേക്ക് വിട്ടൊഴിയുകയും അവരുടെ സ്ത്രീകള്‍ പുരുഷന്മാരുമായി പ്രകൃത്യാനുസരണമായുളള ലൈംഗികവേഴ്ച മതിയാക്കി മറ്റു സ്ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിച്ചു.
27 ഇതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുളള നൈസര്‍ഗ്ഗീക ബന്ധമുപേക്ഷിച്ച് എപ്പോഴും അവര്‍ കാമാഗ്നിയില്‍ എരിഞ്ഞ് പരസ്പരാസക്തി പുലര്‍ത്തി. പുരുഷന്മാര്‍ പരസ്പരം ലജ്ജാകരമായ വേഴ്ചകളില്‍ ഏര്‍പ്പെട്ടു. അവരുടെ ദുഷ്പ്രവൃത്തികള്‍ക്കുളള ശിക്ഷ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു.
28 ദൈവത്തെക്കുറിച്ച് സത്യസന്ധമായ അറിവുണ്ടായരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് അവര്‍ ചിന്തിച്ചില്ല. അതുകൊണ്ട് ദൈവം അവരെ തളളുകയും അവരുടേതായ വ്യര്‍ത്ഥചിന്തകളില്‍ മുഴുകാന്‍ കൈവെടിയുകയും ചെയ്തു. അങ്ങനെ അവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ ചെയ്തു.
29 അവര്‍ എല്ലാതരത്തിലുമുളള തിന്മയും ദുഷ്ടതയും സ്വാര്‍ത്ഥതയും ദ്വേഷവും ഉളളവരായിത്തീര്‍ന്നു. അവരില്‍ അസൂയയും കൊലപാതകവും കലഹവും വഞ്ചനയും വിദ്വേഷവും നിറഞ്ഞുനിന്നു.
30 അവര്‍ പരദൂഷണവും കുശുകുശുപ്പും നടത്തി. അവര്‍ ദൈവവിരോധികളും ധിക്കാരികളും ദുരഭിമാനികളും ആത്മപ്രശംസ നടത്തുന്നവരുമായി ദുഷ്ടത ചെയ്യാനുളള വഴികള്‍ കണ്ടെത്തി. മാതാപിതാക്കളെ അനുസരിക്കാത്തവരായി.
31 അവര്‍ ഭോഷന്മാര്‍, തങ്ങളുടെ പ്രതിജ്ഞ പാലിക്കാത്തവര്‍, അന്യരോട് ദയയോ കാരുണ്യമോ ഇല്ലാത്തവര്‍.
32 അവര്‍ക്ക് ദൈവനീതി അറിയാം. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണെന്ന ദൈവകല്പന അവര്‍ക്കറിയാം. എന്നിട്ടും അവര്‍ തങ്ങളുടെ ദുഷ്ടകൃത്യങ്ങള്‍ തുടരുക മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ശരിവയ്ക്കുകയും ചെയ്യുന്നു.