പരിശുദ്ധാത്മാവിന്‍റെ സമ്മാനങ്ങള്‍
12
സഹോദരീ സഹോദരന്മാരേ, ഇപ്പോള്‍ ആത്മീയവരങ്ങളെപ്പറ്റി നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ വിശ്വാസികളാകുന്നതിനു മുന്പു ജീവിച്ച ജീവിതം ഓര്‍ക്കുക. അന്നു നിങ്ങള്‍ ജീവനില്ലാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്കു സ്വയം സ്വാധീനിക്കപ്പെട്ടു. അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവത്തിന്‍റെ ആത്മാവില്‍ സംസാരിക്കുന്നവര്‍ ആരും “യേശു ശപിക്കപ്പെട്ടവന്‍” എന്നു പറകയില്ല. മാത്രവുമല്ല, പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ ഒരുവനും “യേശു കര്‍ത്താവാകുന്നു” എന്നു പറയാനും കഴികയില്ല.
പല വിധത്തില്‍ ആത്മീയവരങ്ങളുണ്ട്. പക്ഷേ അവയെ ല്ലാം ഒരേ ആത്മാവില്‍ നിന്നുള്ളതാണ്. സേവിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ കര്‍ത്താവില്‍ നിന്നാണ്. ദൈവം ആളുകളില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ ആ മാര്‍ഗ്ഗങ്ങളെല്ലാം അതേ ദൈവത്തില്‍ നിന്നുമാണ്. ദൈവം നമ്മില്‍ എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്നു.
ആത്മാവില്‍ നിന്നുള്ള എന്തോ ഓരോരുത്തരിലും കാണാം. മറ്റുള്ളവരെ സഹായിക്കാനാണ് ആത്മാവ് ഇതെല്ലാവര്‍ക്കും നല്‍കുന്നത്. ദൈവം ഒരാള്‍ക്കു ജ്ഞാനത്തോടെ സംസാരിക്കാനുള്ള കഴിവു കൊടുക്കുന്നു. അതേ ആത്മാവ് ഒരാള്‍ക്ക് വിശ്വാസം നല്‍കുന്നു. മറ്റൊരാള്‍ക്ക് രോഗം ഭേദപ്പെടുത്താനുള്ള വരവും അതേ ആത്മാവ് നല്‍കുന്നു. 10 ആത്മാവ് ഒരാള്‍ക്ക് വീര്യ പ്രവര്‍ത്തികള്‍ക്കുള്ള കഴിവും മറ്റൊരാള്‍ക്ക് പ്രവചനവും മറ്റൊരാള്‍ക്ക് നല്ലതും ചീത്തയുമായ ആത്മാവിനെ തിരിച്ചറിയാനുള്ള കഴിവും നല്‍കുന്നു. ഒരാള്‍ക്കു വിവിധഭാഷകള്‍ സംസാരിക്കാനുള്ള കഴിവാണ് ആത്മാവ് നല്‍കുന്നത്. ആ ഭാഷകള്‍ വ്യാഖ്യാനിക്കാനുള്ള കഴിവാണ് മറ്റൊരാള്‍ക്കു നല്‍കുന്നത്. 11 ഒരു ആത്മാവ്, അതേ ആത്മാവ് ഇതെല്ലാം ചെയ്യുന്നു; ഓരോ വ്യക്തിയും എന്തെല്ലാം നല്‍കണമെന്ന് ആത്മാവു നിശ്ചയിക്കും.
ക്രിസ്തുവിന്‍റെ ശരീരം
12 ഒരാളുടെ ശരീരം ഒരു വസ്തു തന്നെ. എങ്കിലും അതിന് അനേകം ഭാഗങ്ങളുണ്ട്. എന്നിട്ടും ഒരു ശരീരത്തിന് അനേകം ഭാഗങ്ങളുണ്ടെങ്കിലും ആ ഭാഗങ്ങളെല്ലാം ഒരു ശരീരം മാത്രമായിത്തീരുന്നു. ക്രിസ്തുവും അങ്ങനെയാണ്. 13 നമ്മളില്‍ ചിലര്‍ യെഹൂദരാണ്, ചിലര്‍ ജാതികളും. ചിലര്‍ അടിമകളും, ചിലര്‍ സ്വതന്ത്രരും. പക്ഷേ നമ്മളെല്ലാവരും ഒരാത്മാവിലൂടെ ഒരു ശരീരത്തില്‍ സ്നാനപ്പെട്ടു. നമുക്കെല്ലാം ഒരേ ആത്മാവാണു നല്‍കപ്പെട്ടത്.
14 ഒരാളുടെ ശരീരത്തിന് ഒരുഭാഗം മാത്രമല്ല, അനേകം ഭാഗങ്ങളുണ്ട്. 15 “ഞാനൊരു കൈയല്ല അതുകൊണ്ട് ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു പാദം പറഞ്ഞേക്കാം. എന്നാല്‍ അങ്ങനെ പറഞ്ഞതുകൊണ്ട് പാദം ശരീരത്തിന്‍റെ ഒരു ഭാഗത്തില്‍ കുറഞ്ഞതാകുന്നില്ല. 16 “ഞാനൊരു കണ്ണല്ല. അതിനാല്‍ ഞാന്‍ ശരീരത്തിന്‍റേതല്ല” എന്നു ചെവി പറഞ്ഞേക്കാം. അതുകൊണ്ട് ചെവി ശരീരത്തിന്‍റെ ഒരു ഭാഗമാകുന്നതില്‍ നിന്നു തടയപ്പെടുന്നില്ല. 17 ശരീരം മുഴുവനും ഒരു കണ്ണായിരുന്നുവെങ്കില്‍ അതിനു കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. മുഴുവന്‍ ശരീരവും ഒരു ചെവിയായിരുന്നുവെങ്കില്‍ ആ ശരീരത്തിന് ഒന്നും മണക്കാന്‍ കഴിയുമായിരുന്നില്ല. 18-19 ശരീരത്തിന്‍റെ എല്ലാ ഭാഗവും ഒന്നുതന്നെയായിരുന്നുവെങ്കില്‍ ശരീരം ഉണ്ടാകുമായിരുന്നില്ല. പക്ഷേ സത്യത്തില്‍ ദൈവം ശരീരഭാഗങ്ങളെ താന്‍ ഇച്ഛിച്ചവണ്ണം യഥാസ്ഥാനങ്ങളില്‍ വിന്യസിപ്പിച്ചു. 20 അതുകൊണ്ട് അനേകം ഭാഗങ്ങളുണ്ടെങ്കിലും ഒരു ശരീരം മാത്രം.
21 കണ്ണിന് “എനിക്കു നിന്നെ ആവശ്യമില്ലെന്നു” കയ്യോടു പറയാനാവില്ല. “എനിക്കു നിന്നെ ആവശ്യമില്ലെന്ന്” തലയ്ക്കു കാലിനോടും പറയാനാവില്ല. 22 ഇല്ല! ശരീരത്തില്‍ ദുര്‍ബ്ബലമെന്നു തോന്നിക്കുന്ന ഭാഗങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ വളരെ പ്രധാനമാണ്. 23 ശരീരത്തില്‍ അപ്രധാനമെന്നു നാം കരുതുന്ന ഭാഗങ്ങളാണ് നാം ഏറെ മാനിക്കുന്നവ. നമ്മള്‍ കാണിക്കാനാഗ്രഹിക്കാത്ത ശാരീരികഭാഗങ്ങള്‍ നാം കൂടുതല്‍ പ്രാധാന്യത്തോടെ ശുശ്രൂഷിക്കുന്നു. 24 നമ്മുടെ ശരീരത്തിന്‍റെ കൂടുതല്‍ സുന്ദരമായ ഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിലാളനം ആവശ്യമില്ല. പക്ഷേ ദൈവം കൂടുതല്‍ മാനം ആവശ്യമായ ഭാഗങ്ങള്‍ക്ക് അതു നല്‍കിക്കൊണ്ട് ശരീരത്തെ ഒന്നാക്കി. 25 നമ്മുടെ ശരീരം വിഭജിക്കപ്പെടാതിരിക്കാനാണ് ദൈവം ഇങ്ങനെ ചെയ്തത്. അവയവങ്ങള്‍ പരസ്പരം ഒരുപോലെ കരുതുവാന്‍ ദൈവം ആഗ്രഹിച്ചു. 26 ശരീരത്തിന്‍റെ ഒരു ഭാഗം യാതന അനുഭവിക്കുന്നുവെങ്കില്‍ മറ്റ് എല്ലാ ഭാഗവും അതനുഭവിക്കണം. നമ്മുടെ ശരീരത്തിന്‍റെ ഒരു ഭാഗം മാനിക്കപ്പെട്ടാല്‍ മറ്റെല്ലാഭാഗങ്ങളും ആ ബഹുമതി പങ്കുവയ്ക്കണം.
27 നിങ്ങളെല്ലാവരും ചേര്‍ന്നതാണ് ക്രിസ്തുവിന്‍റെ ശരീരം. നിങ്ങളിലോരോരുത്തരും ആ ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളാണ്. 28 സഭയില്‍ അപ്പൊസ്തലന്മാര്‍ക്ക് ആദ്യസ്ഥാനം ദൈവം നല്‍കിയിരിക്കുന്നു. രണ്ടാമത് പ്രവാചകര്‍ക്കും, മൂന്നാം സ്ഥാനം അദ്ധ്യാപകര്‍ക്കും നല്‍കിയിരിക്കുന്നു. പിന്നെ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ദൈവം സ്ഥാനം നല്‍കിയിരിക്കുന്നു. പിന്നെ രോഗശാന്തി വരുത്തുവാനുള്ള കഴിവ് നല്‍കിയിരിക്കുന്നു. അന്യരെ സഹായിക്കുവാന്‍ കഴിയുന്നവര്‍, നയിക്കാന്‍ കഴിവുള്ളവര്‍, വിവിധഭാഷകള്‍ സംസാരിക്കുവാന്‍ കഴിവുള്ളവര്‍, എന്നിങ്ങനെ ദൈവം സ്ഥാനങ്ങള്‍ നല്‍കി. 29 എല്ലാവരും അപ്പൊസ്തലന്മാരല്ല. എല്ലാവരും പ്രവാചകരുമല്ല. എല്ലാവരും അദ്ധ്യാപകരുമല്ല. എല്ലാവര്‍ക്കും അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവില്ല. 30 രോഗം ഭേദപ്പെടുത്തുവാനുള്ള കഴിവും എല്ലാവര്‍ക്കുമില്ല. എല്ലാവര്‍ക്കും പല ഭാഷകള്‍ സംസാരിക്കുവാനുള്ള കഴിവില്ല. എല്ലാവര്‍ക്കും അതു വ്യാഖ്യാനിക്കാനുമുള്ള കഴിവില്ല. 31 പക്ഷേ നിങ്ങള്‍ക്ക് മഹത്തരമായ ആത്മീയാനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കണം.