സന്‍ബല്ലത്തും തോബീയാവും
4
1 യെരൂശലേമിന്‍റെ മതിലുകള്‍ ഞങ്ങള്‍ പണിയുന്നെന്നു കേട്ട് സന്‍ബല്ലത്ത് അതിയായി കോപിച്ചു. യെഹൂദരെ അവന്‍ പരിഹസിച്ചു.
2 തന്‍റെ ചങ്ങാതിമാരും ശമര്യയിലെ സൈന്യവും കേള്‍ക്കെ അവന്‍ പറഞ്ഞു, “ഈ ദുര്‍ബ്ബലരായ യെഹൂദര്‍ എന്താണു ചെയ്യുന്നത്? നാം അവരെ വെറുതെ വിടുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? ബലികള്‍ അര്‍പ്പിക്കാമെന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? ഒറ്റ ദിവസം കൊണ്ട് മതില്‍ പണിതു തീര്‍ക്കാമെന്ന് അവര്‍ക്കു തോന്നുന്നുണ്ടാവും. ഈ കുപ്പക്കൂന്പാരങ്ങളില്‍ നിന്ന് കല്ലുകള്‍ക്കു വീണ്ടും ജീവന്‍ കൊടുക്കാന്‍ അവര്‍ക്കു കഴിയില്ല. ആ കൂന്പാരങ്ങള്‍ വെറും ചാരവും ചവറുമാണ്!”
3 സന്‍ബല്ലത്തിന്‍റെ അടുത്തു നിന്നിരുന്ന അമ്മോന്‍കാരന്‍ തോബീയാവ് പറഞ്ഞു, “തങ്ങള്‍ എന്താണു പണിയുന്നതെന്ന് ഈ യെഹൂദര്‍ അറിയുന്നുണ്ടോ? ഒരു ചെറിയ കുറുക്കന്‍ കയറിയാല്‍ മതി ഈ കന്മതില്‍ പൊളിഞ്ഞുവീഴാന്‍!”
4 അപ്പോള്‍ നെഹെമ്യാവ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു, “ഞങ്ങളുടെ ദൈവമേ, ഈ പ്രാര്‍ത്ഥന കേള്‍ക്കേണമേ. അവര്‍ ഞങ്ങളെ വെറുക്കുന്നു. സന്‍ബല്ലത്തും തോബീയാവും ഞങ്ങളെ നിന്ദിക്കുന്നു. അവരെ അപമാനിതരാക്കേണമേ. അവരെ പ്രവാസത്തടവുകാരാക്കേണമേ.
5 അവരുടെ കുറ്റബോധം എടുത്തുകളയരുതേ. നീ കാണ്‍കെ അവര്‍ പണിക്കാരെ അപമാനിക്കുകയും മനസ്സു കെടുത്തുകയും ചെയ്തിരിക്കയാല്‍ അവര്‍ ചെയ്ത പാപങ്ങള്‍ പൊറുക്കരുതേ.”
6 യെരൂശലേമിന്‍റെ മതില്‍ ഞങ്ങള്‍ പണിതു. നഗരത്തിന്‍റെ ചുറ്റുമതില്‍ മുഴുവന്‍ ഞങ്ങള്‍ പണിതു. എന്നാല്‍ വേണ്ടതിലും പാതിയേ അതിനു പൊക്കമുണ്ടായിരുന്നുള്ളൂ. ജനം പൂര്‍ണ്ണമനസ്സോടെ കഠിനമായി പണിയെടുത്തതിനാല്‍ അത്രയെങ്കിലും സാധിച്ചു.
7 യെരൂശലേമിലെ മതിലുകള്‍ കേടുകള്‍ തീര്‍ന്നുവരുന്നുവെന്നും ജനങ്ങള്‍ തുടര്‍ന്നും മതിലിലെ ദ്വാരങ്ങളടയ്ക്കുന്നു എന്നും അറിഞ്ഞപ്പോള്‍ സര്‍ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും അത്യധികം കോപിച്ചു.
8 അവരെല്ലാവരും സംഘംകൂടി യെരൂശലേമിനെതിരെ കലക്കമുണ്ടാക്കാനും യുദ്ധം ചെയ്യാനും വട്ടംകൂട്ടി.
9 എന്നാല്‍ ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവരെ നേരിടാനുള്ള ഒരുക്കത്തിലേക്കായി മതിലിന് രാപ്പകല്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
10 അപ്പോള്‍ യെഹൂദക്കാര്‍ പറഞ്ഞു, “പണിക്കാര്‍ തളര്‍ന്നുവരുന്നു. ചേറും ചവറും ഇനിയും വളരെ കിടക്കുന്നു. മതില്‍ തുടര്‍ന്നു പണിയാന്‍ നമുക്കു കഴിയില്ല.
11 അതേ സമയം നമ്മുടെ ശത്രുക്കള്‍ പറയുന്നു, ‘യെഹൂദ്യര്‍ അറിയുന്നതിനും നമ്മെ കാണുന്നതിനും മുന്പ് നാം അവരുടെ ഇടയില്‍ കടന്നുകൂടി അവരെ കൊല്ലും. അപ്പോള്‍ പണിയും മുടങ്ങും’ എന്ന്.”
12 അപ്പോള്‍ ഞങ്ങളുടെ ശത്രുക്കളുടെ ഇടയില്‍ പാര്‍ക്കുകയായിരുന്ന യെഹൂദര്‍ ഞങ്ങളുടെ അടുത്തുവന്ന് പത്തു തവണ ഇങ്ങനെ പറഞ്ഞു, ‘നമ്മുടെ ശത്രുക്കള്‍ നമുക്കു ചുറ്റിലുമുണ്ട്. എങ്ങോട്ടു തിരിഞ്ഞാലുമുണ്ട്.’”
13 അതു കൊണ്ട് ഞാന്‍ മതിലിന്‍റെ പിന്നില്‍ പൊക്കം കുറഞ്ഞ ഇടങ്ങളിലും ഓട്ടയുള്ള ഇടങ്ങളിലും ചിലരെ നിര്‍ത്തി, കുടുംബങ്ങളെ വാളുകളും കുന്തങ്ങളും വില്ലുകളും എടുപ്പിച്ച് ഒന്നിച്ചു ചേര്‍ത്തു.
14 ഞാന്‍ സ്ഥിതി മുഴുവന്‍ പരിശോധിച്ചു. പിന്നെ എഴുന്നേറ്റുനിന്ന് കുടുംബനാഥന്മാരോടും ഉദ്യോഗസ്ഥന്മാരോടും ശേഷമുള്ളവരോടും പറഞ്ഞു, “നമ്മുടെ ശത്രുക്കളെ ഭയപ്പെടാതിരിക്കുക. നമ്മുടെ യജമാനനെ സ്മരിക്കുക. യഹോവ വലിയവനും ശക്തനുമാണ്! നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും വേണ്ടി നിങ്ങള്‍ നിശ്ചയമായും പൊരുതണം! നിങ്ങളുടെ ഭാര്യമാര്‍ക്കും വീടുകള്‍ക്കും വേണ്ടി നിങ്ങള്‍ നിശ്ചയമായും പൊരുതണം!”
15 അപ്പോള്‍ അവരുടെ പദ്ധതികള്‍ ഞങ്ങള്‍ അറിഞ്ഞുപോയെന്നു ശത്രുക്കള്‍ കേട്ടു. പദ്ധതികള്‍ പൊളിച്ചു കളഞ്ഞതു ദൈവമാണെന്ന് അവരറിഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഓരോരുത്തനും മതിലിന്മേല്‍ അവനവന്‍റേതായുള്ള പണിക്ക് മടങ്ങിച്ചെന്നു.
16 അന്നുതൊട്ട്, എന്‍റെ പണിക്കാരില്‍ പാതിപ്പേര്‍ മതിലുപണിയെടുത്തു. മറ്റേപ്പാതി കുന്തങ്ങളും പരിചകളും വില്ലുകളും കവചങ്ങളും ഏന്തി കാവലും നിന്നു. മതില്‍ പണിയുന്ന മുഴുവന്‍ യെഹൂദക്കാരുടെയും പിന്നില്‍ സൈനികോദ്യോഗസ്ഥര്‍ നിന്നു.
17 പണിയെടുക്കുന്നവരുടെയും അവരുടെ സഹായികളുടെയും ഒരു കയ്യില്‍ പണിക്കോപ്പുകളും മറ്റേ കയ്യില്‍ ഓരോ ആയുധവും ഉണ്ടായിരുന്നു.
18 പണിക്കാരില്‍ ഓരോരുത്തനും വാളും ധരിച്ചുകൊണ്ടാണ് പണിയെടുത്തത്. ജനങ്ങള്‍ക്കു മുന്നറിയിപ്പു കൊടുക്കാനുള്ള കാഹളം ഊതുന്നവന്‍ എന്‍റെ അടുത്തുതന്നെ ആയിരുന്നു.
19 അപ്പോള്‍ കുടുംബനാഥന്മാരോടും ഉദ്യോഗസ്ഥരോടും ശേഷമുള്ളവരോടുമായി ഞാന്‍ പറഞ്ഞു, “ഇതു വളരെ വലിയൊരു ജോലിയാണ്. നാമാകട്ടെ മതിലിനോടു ചേര്‍ന്ന് ചിതറി തമ്മില്‍ തമ്മില്‍ അകന്നിരിക്കുന്നു.
20 അതുകൊണ്ട് കാഹളം കേട്ടാല്‍ കേട്ടിടത്തേക്കു നാമെല്ലാവരും വേഗത്തില്‍ ഓടിക്കൂടണം. അവിടെ നമുക്ക് ഒന്നിച്ചുചേരാം. ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും!”
21 അങ്ങനെ നേരം വെളുക്കുന്പോള്‍മുതല്‍ രാത്രി വൈകുന്നതുവരെ ഞങ്ങളില്‍ പാതിപ്പേര്‍ കുന്തങ്ങളും പിടിച്ചു കാവല്‍നില്‍ക്കെ യെരൂശലേമിലെ മതിലിന്‍റെ പണി ഞങ്ങള്‍ തുടര്‍ന്നു നടത്തി.
22 അപ്പോള്‍ ഞാന്‍ ജനങ്ങളോടായി ഇതു കൂടി പറഞ്ഞു, “പണിക്കാരും അവരുടെ സഹായികളും ഒന്നൊഴിയാതെ രാത്രിയില്‍ നിര്‍ബ്ബന്ധമായും യെരൂശലേമിനകത്തു പാര്‍ത്തിരിക്കണം. എങ്കില്‍ രാത്രിയില്‍ പാറാവുകാരും പകല്‍ പണിക്കാരും ആകാന്‍ അവര്‍ക്കു കഴിയും.”
23 അതുകൊണ്ട് ഞാനോ എന്‍റെ സഹോദരങ്ങളോ എന്‍റെ പരിചാരകരോ പാറാവുകാരോ ആരുംതന്നെ തങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിയില്ല. ഞങ്ങള്‍ ഓരോരുത്തരും സദാസമയവും, വെള്ളം കുടുക്കുന്പോള്‍പോലും, വാള്‍ തയ്യാറാക്കിവച്ചിരുന്നു.