കൂടുതല്‍ പ്രശ്നങ്ങള്‍
6
1 അപ്പോള്‍ സന്‍ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും ഞാന്‍ മതില്‍ പണിത കാര്യം കേട്ടറിഞ്ഞു. മതിലിലെ എല്ലാ ഓട്ടകളും ഞങ്ങള്‍ നന്നാക്കിയെങ്കിലും വാതിലുകളില്‍ കതുകുകള്‍ അപ്പോഴും ഇണക്കിയിരുന്നില്ല.
2 ആ നേരം സന്‍ബല്ലത്തും ഗേശെമും എനിക്ക് ഇങ്ങനെ ഒരു സന്ദേശം കൊടുത്തയച്ചു: “നെഹെമ്യാവേ, വരിക, നമുക്ക് ഓനോ സമഭൂമിയിലെ കെഫീരിം പട്ടണത്തില്‍ സന്ധിച്ചു സംസാരിക്കാം.”എന്നാല്‍ അവര്‍ എന്നെ അപായപ്പെടുത്താന്‍ നോക്കുകയായിരുന്നു.
3 ആയതിനാല്‍ അവരുടെ അടുത്തേക്ക് ഇങ്ങനെ ഒരു മറുപടിയുമായി ഞാന്‍ ദൂതന്മാരെ അയച്ചു: “ഒരു പ്രധാന ജോലിയില്‍ ആയതുകൊണ്ട് എനിക്കു വരാന്‍ സാദ്ധ്യമല്ല. നിങ്ങളുമായി തമ്മില്‍ കാണുന്നതിനുവേണ്ടി മാത്രം ജോലി മുടക്കാന്‍ ഞാന്‍ തയ്യാറല്ല.”
4 സന്‍ബല്ലത്തും ഗേശെമും അതേ സന്ദേശം നാലുതവണ കൊടുത്തയച്ചു. അത്രയും തവണ ഞാനും അതേ മറുപടി തന്നെ കൊടുത്തു.
5 അഞ്ചാം തവണ സന്‍ബല്ലത്ത് പഴയ സന്ദേശം തന്‍റെ ഭൃത്യന്‍വശം വേറൊരു തുറന്ന എഴുത്തോടുകൂടി കൊടുത്തയച്ചു.
6 എഴുത്ത് ഇങ്ങനെ ആയിരുന്നു: “നീയും യെഹൂദന്മാരും ചേര്‍ന്ന് രാജാവിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരുക്കം കൂട്ടുകയാണെന്നും അതിനുവേണ്ടിയാണ് യെരൂശലേമിലെ മതില്‍ പണിയുന്നതെന്നും ഒരു ശ്രുതി എല്ലായിടത്തും പരന്നിട്ടുണ്ട്. അതു സത്യമാണമെന്ന് ഗേശെമും പറയുന്നു. നീ ആയിരിക്കും യെഹൂദരുടെ പുതിയ രാജാവെന്നു ജനങ്ങള്‍ പറയുന്നു.
7 ‘യെഹൂദയില്‍ ഒരു രാജാവുണ്ട്!’ എന്ന് യെരൂശലേമില്‍ പ്രഖ്യാപിക്കാന്‍ നീ പ്രവാചകരെ തിരഞ്ഞെടുത്തുകഴിഞ്ഞതായും ശ്രുതിയുണ്ട്.
“ഈ വിവരം അര്‍ത്ഥഹ്ശഷ്ടാരാജാവു കേള്‍ക്കുമെന്ന് നെഹെമ്യാവേ, നിന്നെ ഞാന്‍ താക്കീതു ചെയ്യുന്നു. അതുകൊണ്ട് വരിക. നമുക്കൊന്നിച്ചിരുന്ന് ഇതേപ്പറ്റി സംസാരിക്കാം.”
8 സന്‍ബല്ലത്തിന് ഞാന്‍ ഇങ്ങനെ മറുപടി അയച്ചു: “നീ പറഞ്ഞതൊന്നും തന്നെ സംഭവിക്കുന്നില്ല. എല്ലാം നീ വെറുതെ കെട്ടിച്ചമയ്ക്കുകയാണ്.”
9 ശത്രുക്കള്‍ ഞങ്ങളെ വെറുതെ പേടിപ്പിക്കാന്‍ നോക്കുകയായിരുന്നു. അവര്‍ വിചാരിച്ചത് ഇതാണ്. “യെഹൂദന്മാര്‍ പേടിക്കും. അപ്പോഴവന്‍ പണിയെടുക്കാന്‍ അശക്തരാവും. മതിലിന്‍റെ പണി ബാക്കിയുമാവും.”
എന്നാല്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു, “ദൈവമേ എനിക്കു ശക്തി തരേണമേ.”
10 ഒരു നാള്‍ ഞാന്‍ മെഹേതബേലിന്‍റെ മകനായ ദെലായാവിന്‍റെ മകന്‍ ശെമയ്യാവിന്‍റെ വീട്ടില്‍ ചെന്നു. ശെമയ്യാവിന് അകത്തു തന്നെ ഇരിക്കേണ്ടതുണ്ടായിരുന്നു. ശെമയ്യാവ് പറഞ്ഞു, “നെഹെമ്യാവേ, നമുക്ക് ദൈവാലയത്തിനകത്തു വെച്ചു സന്ധിക്കാം. നമുക്ക് വിശുദ്ധസ്ഥലത്തിനകത്തു കയറി കതകുകളടയ്ക്കാം. നിന്നെ കൊല്ലാന്‍ ആളുകള്‍ വരുന്നുണ്ട്. ഇന്നു രാത്രി നിന്നെ കൊല്ലാന്‍ അവര്‍ വരുന്നുണ്ട്.”
11 അതിന് ശെമയ്യാവിനോടു ഞാന്‍ പറഞ്ഞു, “എന്നെപ്പോലൊരു സാധാരണക്കാരന് മരണത്തിനു വിധേയനാകാതെ ആലയത്തിലേക്കു പ്രവേശിക്കാനാകില്ലെന്ന് നിനക്കറിവുള്ളതാണ്. ഞാന്‍ പോകുകയില്ല!”
12 ശെമയ്യാവിനെ ദൈവം അയച്ചിരുന്നില്ലെന്നും എനിക്കെതിരെ അവന്‍ പ്രസംഗിച്ചിരുന്നത് അങ്ങനെ ചെയ്യാന്‍ തോബീയാവും സന്‍ബല്ലത്തും കൂലി കൊടുത്തതു കൊണ്ടായിരുന്നെന്നും ഞാന്‍ അറിഞ്ഞു.
13 എന്നെ പേടിപ്പിക്കുകയും ആലയത്തിന്‍റെ വിശുദ്ധസ്ഥലത്തേക്കു പോയി എന്നെക്കൊണ്ടു പാപം ചെയ്യിക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ എനിക്കെതിരെ പദ്ധതികള്‍ ഉണ്ടാക്കുകവഴി എന്നെ വിഷമിപ്പിക്കാനും അപവാദപ്പെടുത്താനും എന്‍റെ ശത്രുക്കള്‍ക്ക് ഒരു കാരണം കിട്ടുകയുമായിരുന്നല്ലോ.
14 ദൈവമേ, തോബീയാവിനെയും സന്‍ബല്ലത്തിനെയും ഓര്‍ക്കേണമേ. അവര്‍ ചെയ്ത ദുഷ്പവൃത്തികളെ ഓര്‍ക്കേണമേ. എന്നെ ഭയപ്പെടുത്താന്‍ നോക്കിയ നോവദ്യാ എന്ന പ്രവാചകിയേയും മറ്റു പ്രവാചകരെയും ഓര്‍ക്കേണമേ.
മതില്‍ തീര്‍ത്തു
15 യെരൂശലേമിലെ മതിലുപണി തീര്‍ത്തത് എലൂല്‍മാസം ഇരുപത്തഞ്ചാം തീയതി ആയിരുന്നു. പണി തീര്‍ക്കാന്‍ അന്‍പത്തിരണ്ടു ദിവസം വേണ്ടി വന്നു.
16 മതിലുപണി തീര്‍ന്നത് ഞങ്ങളുടെ എല്ലാ ശത്രുക്കളും അറിഞ്ഞു. ചുറ്റിലുമുള്ള എല്ലാ രാഷ്ട്രക്കാരും അതു കണ്ടു. അപ്പോള്‍ അവരുടെ ധൈര്യം കെട്ടു. എന്തുകൊണ്ടെന്നോ? ഈ പ്രവൃത്തി നടത്തിയത് ദൈവത്തിന്‍റെ സഹായത്തോടെയാണെന്ന് അവര്‍ക്കു മനസ്സിലായി.
17 ആ കാലത്ത് യെഹൂദയിലെ ധനികര്‍ തോബീയാവിന് ധാരാളം കത്തുകള്‍ അയയ്ക്കുന്നുണ്ടായിരുന്നു. തോബീയാവ് അവയ്ക്കു മറുപടിയും അയച്ചിരുന്നു.
18 യെഹൂദയിലെ കുറേ ആളുകള്‍ തോബീയാവിനോടു കൂറു പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതാണ് അവര്‍ കത്തുകളയ്ക്കാന്‍ കാരണം. കൂറു പ്രഖ്യാപിക്കാനും കാരണമുണ്ട്. ആരഹിന്‍റെ മകനായ ശെഖന്യാവിന്‍റെ മകളുടെ ഭര്‍ത്താവായിരുന്നു തോബീയാവ്. മെശുല്ലാമിന്‍റെ മകളെ തോബീയാവിന്‍റെ മകന്‍ യോഹാനാന്‍ വിവാഹം ചെയ്തിരുന്നു. ബേരെഖ്യാവിന്‍റെ മകനായിരുന്നു മെശുല്ലാം.
19 അവര്‍ തോബീയാവുമായി ഒരു വിശേഷസഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതുകൊണ്ടാണ് തോബീയാവ് എത്ര നല്ലവനാണെന്ന് അവര്‍ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ തോബീയാവിനെയും അറിയിച്ചുകൊണ്ടിരുന്നു. എന്നെ പേടിപ്പിക്കാന്‍ തോബീയാവ് എനിക്കു കത്തുകളയയ്ക്കുകയും ചെയ്തു.