എസ്രാ ന്യാപ്രമാണം വായിക്കുന്നു
8
ആ കൊല്ലം ഏഴാം മാസത്തില്‍ യിസ്രായേലിലെ മുഴുവന്‍ ജനങ്ങളും ഒരൊറ്റയാളെങ്കില്‍ എങ്ങനെയോ അത്രയും ഒരുമയോടെ നീര്‍വാതിലിനുമുന്നിലുള്ള തുറന്ന സ്ഥലത്ത് സഭകൂടി. യഹോവ യിസ്രായേലുകാര്‍ക്കു കൊടുത്ത മോശെയുടെ ന്യായപ്രമാണം സഭയുടെ മുന്പാകെ കൊണ്ടുവരണമെന്ന് അവിടെ കൂടിയവര്‍ ഒന്നടങ്കം എസ്രയോടു പറഞ്ഞു. അങ്ങനെ ആ കൊല്ലം ഏഴാം മാസം ഒന്നാം തീയ്യതി പുരുഷന്മാരും സ്ത്രീകളുമടക്കം കേട്ടു മനസ്സിലാക്കാന്‍ പ്രായമായ എല്ലാവരും കൂടിയിരുന്ന സഭയുടെ മുന്പാകെ പുരോഹിതനായ എസ്രാ ന്യായപ്രമാണം കൊണ്ടുവന്നു. നീര്‍വാതിലിനു മുന്നിലുള്ള സ്ഥലത്തുവച്ച് അതിരാവിലെ മുതല്‍ ഉച്ചവരെ എസ്രാ ന്യായപ്രമാണപുസ്തകം ഉറക്കെ വായിച്ചു. മുഴുവന്‍ പുരുഷന്മാരും സ്ത്രീകളുമടക്കം ശ്രദ്ധിച്ചു മനസ്സിലാക്കാന്‍ പ്രായമായ എല്ലാവരെയും അവന്‍ ന്യായപ്രമാണപുസ്തകം വായിച്ചുകേള്‍പ്പിച്ചു. മുഴുവന്‍ ജനങ്ങളും അതു ശ്രദ്ധിച്ചുകേള്‍ക്കുകയും ന്യായപ്രമാണത്തോട് ആഭിമുഖ്യമുണ്ടാവുകയും ചെയ്തു.
എസ്രാ നിന്നത് ഈ പ്രത്യേക ആവശ്യത്തിനായി ഉണ്ടാക്കിയ ഒരു ഉയര്‍ന്ന മരപ്പീഠത്തിലായിരുന്നു. മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്‍ക്കീയാവ്, മയസേയാവ് എന്നിവര്‍ എസ്രായുടെ അടുത്ത് വലത്തുഭാഗത്തും പെദായാവ്, മീശായേല്‍, മല്‍കിയാവ്, ഹാശൂം ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവര്‍ ഇടത്തുഭാഗത്തും നിന്നു.
എസ്രാ പുസ്തകം തുറന്നു. അവന്‍ നിന്നത് ഉയരത്തിലായതുകൊണ്ട് സകല ജനത്തിനും അവനെ കാണാമായിരുന്നു. എസ്രാ ന്യായപ്രമാണപുസ്തകം തുറന്നപ്പോള്‍ ജനം മുഴുവന്‍ എഴുന്നേറ്റുനിന്നു. മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചപ്പോള്‍ ജനം മുഴുവന്‍ കൈകളുയര്‍ത്തി “ആമേന്‍! ആമേന്‍!”എന്നു പറയുകയും വണങ്ങി ഭൂമിയില്‍ മുഖംചേര്‍ത്ത് യഹോവയെ ആരാധിക്കുകയും ചെയ്തു.
ലേവിയുടെ ഗോത്രത്തില്‍നിന്നുള്ള ഇവര്‍ അവിടെ നില്‍ക്കുകയായിരുന്ന ജനത്തിന് ന്യായപ്രമാണത്തിന്‍റെ പൊരുള്‍ പറഞ്ഞുകൊടുത്തു. യേശുവ, ബാനി, ശേരെബ്യാവ്, യാമീന്‍, അക്കൂബ്, ശബ്ബെത്തായി, ഹോദീയാസ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാന്‍, പെലായാവ് എന്നിവരായിരുന്നു ആ ലേവ്യര്‍.
ജനങ്ങള്‍ക്കു മനസ്സിലാകേണ്ടതിനായി ലേവ്യര്‍ ന്യായപ്രമാണപുസ്തകം വായിച്ച് അതിന്‍റെ അര്‍ത്ഥം ലളിതമായി വിശദീകരിച്ചു കൊടുത്തു.
പിന്നെ ദേശവാഴിയായ നെഹെമ്യാവും പുരോഹിതനും ശാസ്ത്രിയുമായ എസ്രയും ജനങ്ങള്‍ക്ക് ഉപദേശം നല്‍കുകയായിരുന്ന ലേവ്യരും ഇങ്ങനെ പറഞ്ഞു, “ഇന്ന് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശേഷദിവസമാകുന്നു. ആയതിനാല്‍ ദു:ഖിക്കരുത്. കരയുകയുമരുത്.”അവര്‍ അങ്ങനെ പറയാന്‍ കാരണം ന്യായപ്രമാണത്തിലെ ദൈവസന്ദേശങ്ങള്‍ കേട്ടശേഷം സകലജനങ്ങളും കരഞ്ഞു തുടങ്ങിയതായിരുന്നു.
10 നെഹമ്യാവു പറഞ്ഞു, “ചെന്ന് സമൃദ്ധമായ ഭക്ഷണവും മധുരപാനീയങ്ങളും കഴിച്ച് സുഖിക്കുക. ഒരു ഭക്ഷണവും പാകം ചെയ്തിട്ടില്ലാത്തവര്‍ക്ക് അല്പം ഭക്ഷണവും പാനീയങ്ങളും പകര്‍ന്നു കൊടുക്കുക. ഇന്ന് യഹോവയ്ക്കു ഒരു വിശേഷദിവസമാണ്. കരയാതിരിക്കുക. യഹോവയുടെ സന്തോഷം നിങ്ങളെ ശക്തരാക്കും.”
11 “ശാന്തരായി അടങ്ങിയിരിക്കുക. ഇന്നൊരു വിശേഷദിവസമാണ്. ദു:ഖിക്കാതിരിക്കുക”എന്നു പറഞ്ഞുകൊണ്ട് ലേവ്യരും ജനങ്ങളെ ശാന്തരാകാന്‍ സഹായിച്ചു.
12 അപ്പോള്‍ എല്ലാവരും വിശേഷഭക്ഷണം കഴിക്കുകയും പകര്‍ച്ച കൊടുത്തയയ്ക്കുകയും ചെയ്തു. അവര്‍ അത്യന്തം ആഹ്ളാദത്തോടെ ആ വിശേഷദിവസം ആഘോഷിച്ചു. അങ്ങനെ ശാസ്ത്രികള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന യഹോവയുടെ വചനം ഒടുവില്‍ അവര്‍ക്കു ബോദ്ധ്യമായി.
13 ആ മാസം രണ്ടാം തീയതി സകല കുടുംബങ്ങളുടെയും തലവന്മാര്‍ ചെന്ന് എസ്രയോടും പുരോഹിതരോടും ലേവ്യരോടും ഒത്ത് സഭ കൂടി. ന്യായപ്രമാണവാക്യങ്ങള്‍ പഠിപ്പിക്കുന്നതിനായി എല്ലാവരും നിയമജ്ഞനായ എസ്രയുടെ ചുറ്റും കൂടി.
14-15 യഹോവ മോശെ മുഖാന്തിരം ഇങ്ങനെ കല്പിച്ചതായി ന്യായപ്രമാണത്തില്‍ അവര്‍ കണ്ടു: കൊല്ലത്തിലെ ഏഴാം മാസത്തില്‍ ഒരു വിശേഷദിവസം ആഘോഷിക്കുന്നതിനായി യിസ്രായേലിലെ ജനങ്ങള്‍ യെരൂശലേമില്‍ പോകണം: “അവര്‍ തല്‍ക്കാലത്തേക്കുണ്ടാക്കിയ കൂടാരങ്ങളില്‍ പാര്‍ക്കണം. എല്ലാ പട്ടണങ്ങളിലൂടെയും യെരൂശലേമിലൂടെയും ഇപ്പറയുന്ന അറിയിപ്പുമായി പോകണം.”“മലയില്‍ ചെന്ന് പലതരം ഒലീവുമരങ്ങളുടെ കൊന്പുകളും കൊഴുന്തുകൊന്പുകളും പനയോലകളും തണല്‍ മരങ്ങളുടെ കൊന്പുകളും ശേഖരിക്കുക. അവ ഉപയോഗിച്ച് തല്‍ക്കാലത്തേക്കുള്ള കൂടാരങ്ങളുണ്ടാക്കുക. ന്യായപ്രമാണം അനുസരിക്കുക.”
16 അതുകൊണ്ട് ജനങ്ങള്‍ പുറത്തുപോയി മരക്കൊന്പുകള്‍ ശേഖരിച്ച് സ്വന്തം വീടിന്‍റെ മേല്‍പ്പുരമേലും ആലയത്തിന്‍റെ മുറ്റത്തും നീര്‍വാതിലിനും എഫ്രയീംവാതിലിനും അടുത്തുള്ള തുറന്ന സ്ഥലത്തും തങ്ങളുടെ കൂടാരങ്ങളുണ്ടാക്കി. 17 പ്രവാസത്തില്‍നിന്നു മടങ്ങിവന്ന മുഴുവന്‍ യിസ്രായേലുകാരും അങ്ങനെ കൂടാരങ്ങളുണ്ടാക്കി പാര്‍ത്തു. നൂന്‍റെ മകന്‍ യോശുവയുടെ കാലം തൊട്ട് അന്നുവരെ ജനം കൂടാരത്തിരുന്നാള്‍ ആഘോഷിച്ചിരുന്നില്ല. എല്ലാവര്‍ക്കും വളരെ സന്തോഷമായിരുന്നു!
18 ഉത്സവത്തിന്‍റെ നാളുകളത്രയും എസ്രാ ന്യായപ്രമാണപുസ്തകം ജനങ്ങളെ വായിച്ചുകേള്‍പ്പിച്ചു. ഉത്സവത്തിന്‍റെ ആരംഭദിനം മുതല്‍ അവസാനദിനം വരേക്കും എസ്രാ ന്യായപ്രമാണം വായിച്ചു കേള്‍പ്പിച്ചു. ഉത്സവം ഏഴു ദിവസം ആഘോഷിച്ചു. എട്ടാം ദിവസം നിയമപ്രകാരം ജനങ്ങള്‍ ഒരു വിശേഷസഭ കൂടി.