യിസ്രായേലുകാര്‍ അവരുടെ പാപങ്ങള്‍ ഏറ്റുപറയുന്നു
9
1 ആ മാസം ഇരുപത്തിനാലാം തീയതി ദു:ഖം സൂചിപ്പിക്കുന്നതിനായി ദേഹത്തു ചാക്കുടുപ്പും തലയില്‍ ചേറും ഇട്ട് യിസ്രായേലിലെ ജനങ്ങള്‍ ഒരു ദിവസത്തെ ഉപവാസത്തിനു വേണ്ടി ഒത്തുകൂടി.
2 യഥാര്‍ത്ഥ യിസ്രായേലുകാര്‍ മറ്റു ജനങ്ങളില്‍നിന്നു വേര്‍തിരിയുകയും ആലയത്തില്‍ചെന്ന് തങ്ങളുടെയും തങ്ങളുടെ പൂര്‍വ്വികരുടെയും പാപങ്ങള്‍ എഴുന്നേറ്റുനിന്ന് ഏറ്റുപറയുകയും ചെയ്തു.
3 മൂന്നു മണിക്കൂറോളം നിന്നനില്പില്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു. പിന്നെയും മൂന്നു മണിക്കൂറോളം അതേ നില്‍പ്പില്‍ അവര്‍ സ്വന്തം പാപങ്ങള്‍ ഏറ്റു പറയുകയും തങ്ങളുടെ ദൈവമായ യഹോവയെ വണങ്ങി ആരാധിക്കുകയും ചെയ്തു.
4 പിന്നെ, ലേവ്യരായ യേശുവ, ബാനി, കദ്മീയേല്‍, ശെബന്യാവ്, ബുന്നി, ശെരെബ്യാവ്, ബാനി, കെനാനി എന്നിവര്‍ ലേവ്യര്‍ക്കു നില്‍ക്കാനുള്ള പടികളില്‍ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിച്ചു.
5 ലേവ്യരായ യേശുവ, കദ്മീയേല്‍, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ് എന്നിവര്‍ വീണ്ടും പറഞ്ഞു, “നിങ്ങളുടെ ദൈവമായ യഹോവയെ എഴുന്നേറ്റുനിന്ന് വാഴ്ത്തുക!”
ദൈവം എന്നും ഉണ്ടായിരുന്നു! ദൈവം എന്നും ഉണ്ടായിരിക്കയും ചെയ്യും! നിന്‍റെ മഹത്തായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ! എല്ലാ ആശംസയ്ക്കും പ്രശംസയ്ക്കും മീതെ അങ്ങയുടെ നാമം ഉയര്‍ത്തപ്പെടട്ടെ!
6 നീ ആകുന്നു ദൈവം! യഹോവേ, നീ മാത്രമാകുന്നു ദൈവം! നീ ആകാശം സൃഷ്ടിച്ചു! അതിലുമുന്നതത്തിലുള്ള സ്വര്‍ഗ്ഗങ്ങളും അതിലുള്ള സകലവും നീ സൃഷ്ടിച്ചു! ഭൂമിയും അതിന്മേലുള്ള സകലവും നീ സൃഷ്ടിച്ചു! സമുദ്രങ്ങളും അവയിലുള്ള സകലവും നീ സൃഷ്ടിച്ചു! എല്ലാറ്റിനും നീ ജീവന്‍ കൊടുക്കുന്നു! ഇതാ, സ്വര്‍ഗ്ഗീയദൂതന്മാര്‍ നിന്നെ വണങ്ങി ആരാധിക്കുന്നു!
7 യഹോവയാകുന്ന ദൈവം നീയാകുന്നു. അബ്രാമിനെ തിരഞ്ഞെടുത്ത് ബാബിലോന്യയിലെ ഊരില്‍നിന്നു നടത്തിച്ചുകൊണ്ടുവന്ന് അബ്രാഹാം എന്നു പേരു മാറ്റിയതും നീ തന്നെ.
8 അവന്‍ നിന്നോടു സത്യവും വിശ്വാസവും ഉള്ളവനാണെന്നു നീ കണ്ടു. കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗസ്യര്‍ എന്നിവരുടെ ദേശം അവനു നല്‍കുമെന്ന് നീ വാഗ്ദാനം ചെയ്തു. എന്നാല്‍ ആ ദേശം അബ്രാഹാമിന്‍റെ പിന്‍ഗാമികള്‍ക്കു തന്നെ കൊടുക്കും എന്നു നീ അവനോടു കരാറുണ്ടാക്കി. നീ നല്ലവനാകയാല്‍ ആ കരാര്‍ നീ പാലിച്ചു!
9 ഞങ്ങളുടെ പൂര്‍വ്വികര്‍ ഈജിപ്തില്‍ കഷ്ടപ്പെടുന്നതു നീ കാണുകയും ചെങ്കടലിന്‍റെ അരികെവെച്ച് അവര്‍ സഹായത്തിനു മുറവിളിച്ചത് നീ കേള്‍ക്കുകയും ചെയ്തു.
10 ഫറവോന് അത്ഭുതപ്രവൃത്തികളും അവന്‍റെ ദാസന്മാര്‍ക്കും പ്രജകള്‍ക്കും അതിശയകരമായ അടയാളങ്ങളും നീ കാട്ടിക്കൊടുത്തു. ഞങ്ങളുടെ പൂര്‍വ്വികരെക്കാള്‍ നല്ലവരാണെന്ന് ഈജിപ്തുകാര്‍ അഹങ്കരിച്ചതു നീ അറിഞ്ഞിരുന്നു. എന്നാല്‍ നീ എത്ര വലിയവനാണെന്ന് നീ തെളിയിച്ചുവല്ലോ! അവര്‍ അത് ഇന്നും ഓര്‍ക്കുന്നുണ്ട്!
11 അവര്‍ കാണ്‍കെ നീ ചെങ്കടല്‍ പിളര്‍ത്തി. വരണ്ട നിലത്തുകൂടി അവര്‍ നടന്നുപോകുകയും ചെയ്തു! ഈജിപ്തുകാരുടെ സൈന്യം അവരെ ഓടിച്ചപ്പോള്‍ നീ ആ ശത്രുവിനെ കടലിലേക്കെറിഞ്ഞുകളഞ്ഞു. ഒരു പാറ കണക്കെ അവര്‍ കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു.
12 അവരുടെ വഴിയില്‍ മേഘസ്തംഭം കൊണ്ടു പകലും അഗ്നിസ്തംഭം കൊണ്ടു രാത്രിയിലും വെളിച്ചം കാട്ടി പോകേണ്ടിടത്തേക്കു നീ അവരെ നടത്തി.
13 പിന്നെ നീ സീനായിമലയില്‍ ഇറങ്ങി നീ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരോടു സംസാരിച്ചു. നീ അവര്‍ക്ക് ന്യായമായ നിയമങ്ങളും സത്യമായ ഉപദേശങ്ങളും നല്‍കി. നീ അവര്‍ക്ക് ചട്ടങ്ങളും കല്പനകളും നല്‍കി. അതെല്ലാം വളരെ നല്ലതായിരുന്നു!
14 നീ അവരോടു വിശേഷ വിശ്രമദിവസമായ ശബ്ബത്തിനെപ്പറ്റി പറഞ്ഞു. നിന്‍റെ ദാസനായ മോശെ മുഖാന്തരം നീ അവര്‍ക്കു കല്പനകളും ഉപദേശങ്ങളും നിയമങ്ങളും കൊടുത്തു.
15 അവര്‍ക്കു വല്ലാതെ വിശന്നിരുന്നു. നീ അവര്‍ക്ക് ആകാശത്തുനിന്ന് ആഹാരം വരുത്തിക്കൊടുത്തു. അവര്‍ക്കു വല്ലാതെ ദാഹിച്ചിരുന്നു. നീ അവര്‍ക്ക് പാറയില്‍നിന്ന് വെള്ളം വരുത്തിക്കൊടുത്തു. എന്നിട്ടു നീ അവരോടു പറഞ്ഞു, ‘വരിക, ഈ ദേശം കൈയേല്‍ക്കുക.’ എന്നിട്ടോ നീ നിന്‍റെ ശക്തി ഉപയോഗിച്ച് അവരില്‍ നിന്നും ഭൂമി എടുത്തു.
16 പക്ഷേ ഞങ്ങളുടെ പൂര്‍വ്വികര്‍ അഹങ്കരിച്ചുകളഞ്ഞു. അവര്‍ ദുശ്ശാഠ്യം പിടിച്ചു. നിന്‍റെ കല്പനകള്‍ അവര്‍ കൂട്ടാക്കിയില്ല.
17 അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. നീ അവര്‍ക്കായി ചെയ്ത അതിശയങ്ങള്‍ അവര്‍ മറന്നുകളഞ്ഞു! അവര്‍ ദുശ്ശാഠ്യം പിടിച്ചു. ഈജിപ്തിലേക്കു തിരിച്ചുപോയി വീണ്ടും അടിമകളാകാന്‍ അവര്‍ നിശ്ചയിച്ചു. എന്നാല്‍ നീ പൊറുക്കുന്ന ദൈവമാണല്ലൊ! മനസ്സലിവും നിറയെ കരുണയും ഉള്ളവനാണല്ലോ നീ. ക്ഷമയും നിറയെ സ്നേഹവുമുള്ളവനാണല്ലോ നീ. അതുകൊണ്ട് നീ അവരെ കൈവിട്ടു കളഞ്ഞില്ല!
18 സ്വര്‍ണ്ണം കൊണ്ട് പശുക്കിടാവുകളെ ഉണ്ടാക്കി. ‘ഈ ദൈവങ്ങളാണ് ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചത്’ എന്നവര്‍ പറഞ്ഞപ്പോഴും നീ അവരെ കൈവെടിഞ്ഞില്ല.
19 നീ ഏറെ അലിവുള്ളവനാണ്! അതുകൊണ്ട് നീ അവരെ മരുഭൂമിയില്‍ ഉപേക്ഷിച്ചില്ല. നീ അവരില്‍നിന്ന് പകലത്തെ മേഘസ്തംഭം എടുത്തു കളഞ്ഞില്ല. നീ അവരെ നയിച്ചുകൊണ്ടേയിരുന്നു. നീ അവരില്‍നിന്ന് രാത്രിയിലെ അഗ്നിസ്തംഭം എടുത്തു കളഞ്ഞില്ല. നീ തുടര്‍ന്നും അവരുടെ വഴിയില്‍ വെളിച്ചം കാട്ടി പോകേണ്ടിടത്തേക്ക് അവരെ നടത്തി.
20 അവരെ വിവേകമുള്ളവരാക്കാന്‍ വേണ്ടി നീ നിന്‍റെ നല്ല ആത്മാവിനെ അവര്‍ക്കു കൊടുത്തു. നീ അവര്‍ക്ക് വിശപ്പിനു മന്ന കൊടുത്തു. ദാഹത്തിനു വെള്ളം കൊടുത്തു.
21 നാല്പതു കൊല്ലം നീ അവരെ സംരക്ഷിച്ചു! മരുഭൂമിയില്‍ അവര്‍ക്കു വേണ്ടതെല്ലാം കിട്ടുമാറാക്കി. അവരുടെ ഉടുപ്പുകള്‍ പഴകിദ്രവിച്ചില്ല. അവരുടെ പാദങ്ങള്‍ വീര്‍ത്തു വ്രണപ്പെട്ടില്ല.
22 യഹോവേ, നീ അവര്‍ക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും കൊടുത്തു. ആള്‍പാര്‍പ്പു കുറഞ്ഞ വിദുരസ്ഥലങ്ങള്‍ കൊടുത്തു. അവര്‍ക്ക് ഹെശ്ബോന്‍രാജാവായ ശീഹോന്‍റെ രാജ്യം കിട്ടി. ബാശാന്‍ രാജാവായ ഓഗിന്‍റെ രാജ്യം കിട്ടി.
23 അവരുടെ പിന്‍ഗാമികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ പെരുകിച്ചു. അവരുടെ പൂര്‍വ്വികര്‍ക്ക് നീ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ അവരെ കൊണ്ടുവന്നു. അവര്‍ അതു കൈവശപ്പെടുത്തുകയും ചെയ്തു.
24 അവിടെ പാര്‍ക്കുകയായിരുന്ന കനാന്യരെ തോല്പിച്ച് ആ കുട്ടികള്‍ ആ നിവാസഭൂമി കൈവശപ്പെടുത്തി. നീ കനാന്യരെ തോല്പിക്കാന്‍ ഇടവരുത്തി. ആ ദേശങ്ങളോടും രാഷ്ട്രങ്ങളോടും രാജാക്കന്മാരോടും തോന്നിയതു പോലെ ചെയ്യാന്‍ നീ അവരെ അനുവദിച്ചു!
25 ശക്തമായ നഗരങ്ങളെ അവര്‍ തോല്പിച്ചു. പുഷ്ടിയുള്ള നിവാസഭൂമി പിടിച്ചെടുത്തു. വിശിഷ്ടവസ്തുക്കള്‍ നിറഞ്ഞ വീടുകളും കുഴിക്കപ്പെട്ടിരുന്ന കിണറുകളും അവര്‍ക്കു ലഭിച്ചു. മുന്തിരിത്തോപ്പുകളും ഒലിവുമരങ്ങളും ധാരാളം പഴവൃക്ഷങ്ങളും അവര്‍ക്ക് ലഭിച്ചു. നിറഞ്ഞു കൊഴുക്കുവോളം അവര്‍ തിന്നുകയും നീ കൊടുത്ത അതിശയവസ്തുക്കളെല്ലാം ആസ്വദിക്കുകയും ചെയ്തു.
26 എന്നിട്ട് അവര്‍ നിനക്കെതിരെ തിരിഞ്ഞു! നിന്‍റെ ധര്‍മ്മോപദേശങ്ങള്‍ അവര്‍ എറിഞ്ഞുകളഞ്ഞു! നിന്‍റെ പ്രവാചകരെ അവര്‍ കൊന്നു. ആ പ്രവാചകര്‍ അവരെ താക്കീതുചെയ്തു നിന്നിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞങ്ങളുടെ പൂര്‍വ്വികര്‍ നിന്നോടു കൊടും ക്രൂരതകളാണല്ലോ ചെയ്തത്!
27 ആകയാല്‍ അവര്‍ ശത്രുക്കളുടെ കയ്യില്‍ അകപ്പെടാന്‍ നീ ഇടവരുത്തി. ശുത്രുക്കളാകട്ടെ അവരെ കഠിനമായി പീഢിപ്പിച്ചു. പീഡനം ഉണ്ടായപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ നിന്നെ വിളിച്ചു സഹായത്തിനു കേണു. സ്വര്‍ഗ്ഗത്തിലിരുന്നു നീ അതുകേട്ടു. അലിവുള്ളവനായ നീ അവരെ രക്ഷിക്കാന്‍ ആളെ അയച്ചു. രക്ഷകര്‍ അവരെ ശത്രുക്കളില്‍നിന്നും രക്ഷിക്കുകയും ചെയ്തു.
28 എന്നാല്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും ഭയങ്കരകൃത്യങ്ങള്‍ ചെയ്യുവാന്‍ തുടങ്ങി! അതിനാല്‍ അവരെ തോല്പിക്കാനും ശിക്ഷിക്കാനും നീ ശത്രുക്കളെ അനുവദിച്ചു. അവര്‍ നിന്നോടു സഹായത്തിനു കേണു. സ്വര്‍ഗ്ഗത്തിലിരുന്ന് അതുകേട്ട് നീ അവരെ സഹായിച്ചു. നീ അത്രയേറെ അലിവുള്ളവനാണല്ലൊ! ഇതു പല തവണ ആവര്‍ത്തിച്ചു.
29 നീ അവരെ താക്കീതു ചെയ്തു. തിരിച്ചു വരാന്‍ അവരോടു കല്പിച്ചു. എന്നാല്‍ അവര്‍ അത്രമേല്‍ അഹങ്കരിച്ചിരുന്നു. നിന്‍റെ കല്പനകള്‍ അവര്‍ ചെവിക്കൊണ്ടില്ല. നിന്‍റെ നിയമങ്ങള്‍ അനുസരിച്ചെങ്കിലല്ലേ സത്യമായി ജീവിക്കാനാവൂ! ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ നിന്‍റെ കല്പനകള്‍ ലംഘിച്ചുകളഞ്ഞു. അവര്‍ മുരടന്മാരായിരുന്നു. അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ നിനക്കുനേരെ പുറം തിരിഞ്ഞുനിന്നു.
30 ഞങ്ങളുടെ പൂര്‍വ്വികന്മാരോട് അങ്ങേയറ്റം ക്ഷമയുള്ളവനായിരുന്നു നീ. ഏറെ കൊല്ലക്കാലം നിന്നോടു മോശമായി പെരുമാറാന്‍ നീ അവരെ അനുവദിച്ചു. പ്രവാചകരെ അയച്ച് നിന്‍റെ ആത്മാവിനാല്‍ നീ അവരെ താക്കീതു ചെയ്തു. എന്നാല്‍ ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ ചെവിക്കൊണ്ടില്ല. അതുകൊണ്ട് നീ അവരെ അന്യജനങ്ങള്‍ക്കു നല്‍കി.
31 എന്നാലും നീ ഏറെ കനിവുള്ളവനാണ്! നീ അവരെ നിശ്ശേഷം നശിപ്പിച്ചില്ല, കൈയൊഴിഞ്ഞുമില്ല. നീ അത്രയധികം അലിവും കരുണയുമുള്ള ദൈവമാണല്ലോ!
32 ഞങ്ങളുടെ ദൈവമേ, നീയാണല്ലോ ഉന്നതനായ ദൈവവും ഭയങ്കരനും ബലവാനുമായ യോദ്ധാവും. നീ ദയയും വിശ്വസ്തതയും ഉള്ളവനാണ്! നീ നിന്‍റെ കരാര്‍ പാലിക്കുന്നു. ഞങ്ങള്‍ക്കു വളരെയേറെ ദുരിതങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ദുരിതങ്ങള്‍ നിനക്കു പ്രധാനമായി നീ കരുതി. ഞങ്ങളുടെ സകല ജനങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും നേതാക്കള്‍ക്കും പ്രവാചകര്‍ക്കും പുരോഹിതര്‍ക്കും മറ്റെല്ലാവര്‍ക്കും ദോഷങ്ങളുണ്ടായി. അശ്ശൂരിലെ രാജാക്കന്മാരുടെ കാലം തൊട്ടിന്നുവരേയ്ക്കും ആ കൊടുംകാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
33 എന്നാല്‍ ദൈവമേ, ഞങ്ങള്‍ക്കു വന്നുപെടുന്ന സകലത്തിലും നീ നേരുകാരനും ഞങ്ങള്‍ തെറ്റുകാരുമാകുന്നു.
34 ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കളും പുരോഹിതരും പൂര്‍വ്വികരും നിന്‍റെ ന്യായപ്രമാണം അനുസരിച്ചില്ല. അവര്‍ നിന്‍റെ കല്പനകള്‍ ശ്രദ്ധിച്ചില്ല. നിന്‍റെ താക്കീതുകള്‍ അവര്‍ അവഗണിച്ചു.
35 സ്വന്തം രാജ്യത്തു പാര്‍ത്തിരുന്നപ്പോള്‍പ്പോലും ഞങ്ങളുടെ പൂര്‍വ്വികര്‍ നിന്നെ സേവിച്ചില്ല. ദുഷ്ടകൃത്യങ്ങള്‍ ഉപേക്ഷിച്ചില്ല. നീ അവര്‍ക്കു കൊടുത്ത അതിശയവസ്തുക്കള്‍ മുഴുവന്‍ അവര്‍ ആസ്വദിച്ചു. നീ അവര്‍ക്കു നല്‍കിയ, ഫലപുഷ്ടിയുള്ള വിസ്തൃതിയുള്ള ദേശം അവര്‍ ആസ്വദിച്ചു. എന്നാല്‍ ദുഷ്ടശീലങ്ങള്‍ ഉപേക്ഷിച്ചില്ല.
36 ഇപ്പോള്‍ ഞങ്ങള്‍ അടിമകളാണ്. ഉണ്ടാവുന്ന പഴങ്ങളും എല്ലാ നല്ലവിളവുകളും അനുഭവിക്കേണ്ടതിനായി നീ ഞങ്ങളുടെ പൂര്‍വ്വികര്‍ക്കു കൊടുത്ത ഈ നിവാസഭൂമിയില്‍ ഞങ്ങള്‍ ഇന്ന് അടിമകളാണ്.
37 ഈ ഭൂമിയിലെ വിളവു സമൃദ്ധമാണ്. എന്നാല്‍ ഞങ്ങള്‍ പാപികളായതുകൊണ്ട് ഞങ്ങളെ ഭരിക്കാന്‍ നീ നിയോഗിച്ച രാജാക്കന്മാര്‍ വിളവു മുഴുവന്‍ അനുഭവിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ കന്നുകാലികളെയും അവര്‍ നിയന്ത്രിക്കുന്നു. തോന്നിയതെന്തും അവര്‍ ചെയ്യുന്നു. ഞങ്ങള്‍ വളരെ കഷ്ടത്തിലാണ്.
38 അതിനാല്‍ എന്നെന്നേക്കുമായി ഞങ്ങള്‍ ഒരു കരാര്‍ എഴുതി ഉണ്ടാക്കുകയാണ്. ഞങ്ങളുടെ പ്രഭുക്കളും ലേവ്യരും പുരോഹിതരും ഈ കരാറില്‍ പേരെഴുതി മുദ്രവെക്കുന്നുണ്ട്.