രൂത്ത് ബോവസിനെ കാണുന്നു
2
ബേത്ത്ലേഹെമില്‍ ധനികനായ ഒരാള്‍ ജീവിച്ചിരുന്നു. ബോവസ് എന്നായിരുന്നു അയാളുടെ പേര്. എലീമേലെക്കിന്‍റെ കുടുംബത്തില്‍നിന്നുള്ള നൊവൊമിയുടെ അടുത്തബന്ധുവായിരുന്നു ബോവസ്.
ഒരു ദിവസം മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു പറഞ്ഞു, “ഞാന്‍ വയലിലേക്കു പോയാലോ എന്നു വിചാരിക്കുകയാണ്, എന്നോടു ആര്‍ക്കെങ്കിലും ദയ തോന്നി ധാന്യം ശേഖരിക്കാന്‍ എന്നെയും കൂട്ടിയാലോ.”
നൊവൊമി പറഞ്ഞു, “നല്ലത്, പൊയ്ക്കൊള്ളൂ മകളേ.”
അങ്ങനെ രൂത്ത് വയലിലേക്കു പുറപ്പെട്ടു. അവള്‍ കൊയ്ത്തുകാരുടെ പിന്നില്‍ ചെന്ന് എലീമേലെക്കിന്‍റെ കുടുംബത്തിലെ ബോവസിന്‍റെ ഭാഗത്തിലുള്ള വയലില്‍നിന്ന് അവള്‍ അവശേഷിച്ച ധാന്യം സംഭരിച്ചു പോന്നു.* അവശേഷിച്ച ٹ സംഭരിച്ചുപോന്നു വിളവെടുപ്പിനിടയില്‍ കൃഷിക്കാരന്‍ കുറച്ചു ധാന്യം വയലിലുപേക്ഷിക്കണമെന്നു നിയമമുണ്ട്. പാവപ്പെട്ടവര്‍ക്കു പെറുക്കിയെടുത്തു ഭക്ഷിക്കാനാണിത്. ഠവല്യ. 19:9; 23:22.
അവസാനം, ബോവസ് ബേത്ത്ലേഹെമില്‍ നിന്ന് വയലിലെത്തി. ബോവസ് അയാളുടെ കൊയ്ത്തുകാരെ ആശംസിച്ചു. അയാള്‍ പറഞ്ഞു, “യഹോവ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!”പണിക്കാര്‍ മറുപടി പറഞ്ഞു: “യഹോവ അങ്ങയെയും അനുഗ്രഹിക്കട്ടെ!”
ബോവസ് കൊയ്ത്തുകാരുടെമേല്‍ നോട്ടക്കാരനോടു ചോദിച്ചു, “ഈ യുവതി ഏതാണ്?”
കൊയ്ത്തുകാരുടെ മേല്‍നോട്ടക്കാരന്‍ പറഞ്ഞു, “അവള്‍ മോവാബുദേശത്തുനിന്ന് നൊവൊമിയോടൊപ്പം വന്ന മോവാബ്യ യുവതിയാണ്. കൊയ്ത്തുകാരുടെ പിന്നാലെ പോയി ധാന്യം ശേഖരിച്ചു കൊള്ളട്ടെ എന്ന് ഇന്നു വെളുപ്പിനെ വന്ന് എന്നോടു ചോദിച്ചു. അങ്ങനെ ഈ നിമിഷംവരെ അവള്‍ ജോലി ചെയ്യുകയായിരുന്നു. അല്പനേരം മാത്രമേ അവള്‍ ആ വീട്ടില്‍ വിശ്രമിച്ചുള്ളൂ.”
അപ്പോള്‍ ബോവസ് രൂത്തിനോടു പറഞ്ഞു, “കേള്‍ക്കൂ മകളേ, ഇവിടെ താമസിച്ച് എന്‍റെ വയലിലെ ധാന്യം ശേഖരിച്ചുകൊള്ളൂ. മറ്റൊരാളുടെ വയലില്‍ പോകണ്ട ആവശ്യം നിനക്കില്ല. എന്‍റെ ദാസികളുടെ പിന്നാലെ നില്‍ക്കുക. അവര്‍ ഏതു വയലില്‍ പോകുന്നുവോ അവരുടെ പിന്നാലെ നീയും പോകുക. നിന്നെ ശല്യം ചെയ്യരുതെന്ന് ഞാന്‍ യുവാക്കന്മാരോടു പറഞ്ഞിട്ടുണ്ട്. നിനക്കു ദാഹിക്കുകയാണെങ്കില്‍ യുവാക്കന്മാര്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന പാത്രത്തില്‍നിന്ന് നിനക്കും വെള്ളം കുടിക്കാം.”
10 അപ്പോള്‍ രൂത്ത് അയാളുടെ മുന്പില്‍ ആദരപൂര്‍വ്വം നമസ്കരിച്ചു. അവള്‍ ബോവസിനോടു പറഞ്ഞു, “ഞാന്‍ അന്യദേശക്കാരിയായിട്ടും അങ്ങ് എന്നെ ശ്രദ്ധിക്കുകയും എന്നോടു കരുണ കാണിക്കുകയും ചെയ്യുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു.”
11 ബോവസ് ഉത്തരം പറഞ്ഞു, “നീ നിന്‍റെ ഭര്‍ത്തൃമാതാവായ നൊവൊമിക്കു ചെയ്ത എല്ലാ സഹായങ്ങളെക്കുറിച്ചും എനിക്കറിയാം. നിന്‍റെ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞിട്ടും നീ അവളെ സഹായിച്ചു എന്നതും എനിക്കറിയാം. നീ നിന്‍റെ അപ്പനേയും അമ്മയേയും ജന്മദേശത്തെപ്പോലും ഉപേക്ഷിച്ചാണ് ഈ ദേശത്തു വന്നിരിക്കുന്നത് എന്നും എനിക്കറിയാം. ഈ ദേശത്തെ ആരെയും നിനക്കറിയില്ല. എന്നിട്ടും നീ നൊവൊമിയോടൊപ്പം ഇവിടെ വന്നു. 12 നിന്‍റെ സദ്പ്രവര്‍ത്തികള്‍ക്ക് യഹോവ നിനക്കു പ്രതിഫലം തരും. യിസ്രായേലിന്‍റെ ദൈവം നിനക്ക് പൂര്‍ണ്ണ പ്രതിഫലം തരും. നീ രക്ഷയ്ക്കുവേണ്ടി എത്തിയിരിക്കുന്നത് അവന്‍റെ അടുത്താണ്. അവന്‍ നിന്നെ സംരക്ഷിക്കും.”
13 അപ്പോള്‍ രൂത്ത് പറഞ്ഞു, “പ്രഭോ അങ്ങ് എന്നോടു വളരെയധികം കരുണ കാണിക്കുന്നു. ഞാന്‍ വെറും ഒരു ദാസിയാണ്. അങ്ങയുടെ സ്വന്തം ദാസിമാരില്‍ ഒരുവള്‍ക്കു തുല്യപോലുമല്ല ഞാന്‍. പക്ഷേ അങ്ങ് എന്നോടു കാരുണ്യത്തോടെ സംസാരിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു.”
14 ഭക്ഷണസമയത്ത് ബോവസ് അവളോടു പറഞ്ഞു, “ഇവിടെ വന്നു ഞങ്ങളുടെ അപ്പം കഴിക്കൂ. നിന്‍റെ അപ്പം ഞങ്ങളുടെ വിന്നാഗിരിയില്‍ മുക്കുക.”
അപ്പോള്‍ അവള്‍ കൊയ്ത്തുകാരുടെ അടുക്കല്‍ ഇരുന്നു. ബോവസ് അവള്‍ക്കു വറുത്ത ധാന്യം കൊടുത്തു. രൂത്ത് മതിയാകുവോളം ഭക്ഷിച്ച് കുറച്ചു മിച്ചം വച്ചു. 15 അവള്‍ അവിടെ നിന്നും എഴുന്നേറ്റ് ജോലി ചെയ്യാന്‍ പുറപ്പെട്ടു. അപ്പോള്‍ ബോവസ് തന്‍റെ ജോലിക്കാരോടു പറഞ്ഞു, “അവള്‍ കറ്റകള്‍ക്കിടയിലും ധാന്യം പെറുക്കട്ടെ. അവളെ തടയരുത്. 16 അവളുടെ ജോലി എളുപ്പമാക്കാന്‍ ധാന്യത്തിന്‍റെ തലപ്പു തന്നെ അവള്‍ക്കായി ഇട്ടുകൊടുത്തേക്കുക. അവള്‍ ആ ധാന്യവും പെറുക്കട്ടെ. നിര്‍ത്ത് എന്ന് അവളോടു പറയരുത്.”
നൊവൊമി ബോവസിനെക്കുറിച്ചു കേള്‍ക്കുന്നു
17 സന്ധ്യയാകുവോളം രൂത്ത് വയലില്‍ പണി ചെയ്തു. പിന്നെ അവള്‍ വയ്ക്കോലില്‍നിന്ന് ധാന്യങ്ങള്‍ വേര്‍തിരിച്ചെടുത്തു. ഏകദേശം അരപ്പറ യവം ഉണ്ടായിരുന്നു. 18 രൂത്ത് അതും എടുത്തുകൊണ്ട് അവളുടെ ഭര്‍ത്തൃമാതാവിനെ കാണിക്കാന്‍ നഗരത്തിലേക്കു പോയി. അവള്‍ മിച്ചം വച്ചിരുന്ന ഉച്ചഭക്ഷണവും ഭര്‍ത്തൃമാതാവിനു കൊടുത്തു.
19 അവളുടെ ഭര്‍ത്തൃമാതാവ് അവളോടു ചോദിച്ചു, “എവിടെനിന്നാണ് ഇത്രയും ധാന്യം നീ ശേഖരിച്ചത്? എവിടെയാണ് നീ ജോലി ചെയ്തത്? നിന്നെ ശ്രദ്ധിച്ച മനുഷ്യന്‍ അനുഗ്രഹിക്കപ്പെടട്ടെ!”
അപ്പോള്‍ രൂത്ത് ആരുടെ കൂടെയാണു താന്‍ ജോലി ചെയ്തത് എന്ന് അവളോടു പറഞ്ഞു. അവള്‍ പറഞ്ഞു, “ഞാന്‍ ബോവസ് എന്നു പേരുള്ള ഒരാളുടെ കൂടെയാണ് ജോലി ചെയ്തത്.”
നൊവൊമി തന്‍റെ പുത്രഭാര്യയോടു പറഞ്ഞു, “യഹോവ അയാളെ അനുഗ്രഹിക്കട്ടെ! മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നേര്‍ക്കു അവന്‍ ദയ കാണിക്കുന്നു.” 20 വീണ്ടും നൊവൊമി അവളുടെ പുത്രഭാര്യയോടു പറഞ്ഞു, “ബോവസ് നമ്മുടെ സംരക്ഷകരില്‍ ഒരാളാണ്. ബോവസ് നമ്മുടെ അടുത്ത ബന്ധുക്കളില്‍ ഒരാളാണ്.”
21 അപ്പോള്‍ രൂത്ത് പറഞ്ഞു, “ബോവസ് എന്നോടു പറഞ്ഞിട്ടുണ്ട് തിരിച്ചു ചെന്ന് അവിടെത്തന്നെ ജോലി ചെയ്യാന്‍. കൊയ്ത്തു കഴിയുവോളം അയാളുടെ ജോലിക്കാരുടെയടുത്ത് ഞാന്‍ ജോലി ചെയ്തുകൊള്ളാന്‍ ബോവസ് എന്നോടു പറഞ്ഞു.”
22 അപ്പോള്‍ നൊവൊമി പുത്രഭാര്യയായ രൂത്തിനോടു പറഞ്ഞു, “അയാളുടെ ദാസിമാരുടെ കൂടെ ജോലി ചെയ്യുന്നത് നല്ലതാണ്. മറ്റു വയലുകളിലാണെങ്കില്‍ ആണുങ്ങളാരെങ്കിലും നിന്നെ ശല്യം ചെയ്യും.” 23 അങ്ങനെ രൂത്ത് ബോവസിന്‍റെ ദാസിമാരുടെ കൂടെ ജോലി ചെയ്തു. യവത്തിന്‍റെ കൊയ്ത്തു കാലം കഴിയുന്നതുവരെ ധാന്യം ശേഖരിച്ചു. ഗോതന്പിന്‍റെ കൊയ്ത്തുകാലവും കഴിയുന്നതുവരെ അവള്‍ അവിടെ ജോലി ചെയ്തു. രൂത്ത് അവളുടെ ഭര്‍ത്തൃമാതാവിന്‍റെയൊപ്പം ജീവിതം തുടര്‍ന്നു.