മെതിക്കളം
3
അപ്പോള്‍ ഭര്‍ത്തൃമാതാവായ നൊവൊമി രൂത്തിനോടു പറഞ്ഞു, “മകളേ, ഞാന്‍ നിനക്കുവേണ്ടി ഒരു ഭര്‍ത്താവിനെയും ഒരു നല്ല ഭവനവും അന്വേഷിക്കട്ടെ. അത് നിനക്കു നന്മയേ വരുത്തൂ. ബോവസ് ശരിയായ ഒരുവനായിരിക്കും. ബോവസ് നമ്മുടെ അടുത്ത ബന്ധുവും ആണ്. നീ അയാളുടെ ദാസിമാരുടെ കൂടെയാണ് ജോലി ചെയ്യുന്നത്. ഇന്നു രാത്രി അയാള്‍ മെതിക്കളത്തില്‍ ഉണ്ടാകും. പോയി കുളിച്ച് വസ്ത്രം ധരിക്കുക. ഒരു നല്ല വസ്ത്രം ധരിച്ച് മെതിക്കളത്തിലേക്കു പോകുക. ബോവസിന്‍റെ അത്താഴം കഴിയുവോളം അയാള്‍ നിന്നെ കാണരുത്. അത്താഴത്തിനുശേഷം അയാള്‍ വിശ്രമിക്കാന്‍ പോകും. അയാള്‍ എവിടെയാണ് കിടക്കാന്‍ പോകുന്നതെന്ന് ശ്രദ്ധിക്കുക. അവിടെപോയി അയാളുടെ കാലിലെ പുതപ്പ് പൊക്കുക. അതിനുശേഷം അവിടെ ബോവസിനോടൊപ്പം കിടക്കുക. നീ എന്തു ചെയ്യണമെന്ന് അയാള്‍ പറഞ്ഞുതരും.
അപ്പോള്‍ രൂത്ത് പറഞ്ഞു, “അമ്മ പറഞ്ഞതു പോലെ ഞാന്‍ ചെയ്യാം.”
അപ്രകാരം രൂത്ത് മെതിക്കളത്തിലേക്കു പോയി. അവളുടെ ഭര്‍ത്തൃമാതാവ് പറഞ്ഞതുപോലെയെല്ലാം അവള്‍ ചെയ്തു. തീനും കുടിയും കഴിഞ്ഞപ്പോള്‍ ബോവസിനു തൃപ്തിയായി. ബോവസ് യവക്കൂനയുടെ അരികില്‍ പോയി കിടന്നു. അപ്പോള്‍ രൂത്ത് നിശബ്ദയായി ചെന്ന് അയാളുടെ കാലിലെ പുതപ്പ് മാറ്റി. രൂത്ത് അയാളുടെ കാലിനടുത്തു കിടന്നു.
പാതിരാവായപ്പോള്‍ ബോവസ് ഉറക്കത്തില്‍നിന്ന് ഉണര്‍ന്നു. ഒരു സ്ത്രീ തന്‍റെ പാദത്തിനടുത്തു കിടക്കുന്നതു കണ്ട് അയാള്‍ അത്ഭുതപ്പെട്ടു. ബോവസ് ചോദിച്ചു, “നീ ആരാണ്?”
അവള്‍ പറഞ്ഞു, “ഞാന്‍ അങ്ങയുടെ ദാസിയായ രൂത്താണ്. അങ്ങയുടെ പുതപ്പ് എന്‍റെ മേല്‍ വിരിക്കൂ. അങ്ങാകുന്നു എന്‍റെ രക്ഷകന്‍.” 10 അപ്പോള്‍ ബോവസ് പറഞ്ഞു, “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ മകളേ. നീ എന്നോടു വളരെ കരുണ കാണിച്ചിരിക്കുന്നു. നീ നൊവൊമിയോടു ആദ്യം കാണിച്ച കരുണയേക്കാള്‍ അധികം കരുണ എന്നോടു ഇപ്പോള്‍ കാണിച്ചിരിക്കുന്നു. നിനക്ക് വിവാഹം കഴിക്കാന്‍ ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനെ വേണമെങ്കില്‍ തിരക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. 11 എന്‍റെ മകളേ, നീ പേടിക്കേണ്ട. നീ പറയുന്നതെല്ലാം ഞാന്‍ ചെയ്യും. നിന്‍റെ പട്ടണത്തിലുള്ള എല്ലാവര്‍ക്കും അറിയാം നീ ഒരു നല്ല സ്ത്രീയാണെന്ന്. 12 ഞാന്‍ നിന്‍റെ അടുത്ത ബന്ധുവാണെന്നതും സത്യമാണ്. എന്നാല്‍ എന്നെക്കാള്‍ അടുത്ത മറ്റൊരു ബന്ധു ഇവിടെയുണ്ട്. 13 ഈ രാത്രി ഇവിടെ കഴിയുക. അയാള്‍ക്ക് നിന്നെ സഹായിക്കാനാകുമോ എന്ന് നമുക്കു രാവിലെ കാണാം. അയാള്‍ നിന്നെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ അതു തന്നെയാണ് നല്ലത്. അയാള്‍ നിന്നെ സഹായിക്കുവാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ജീവിക്കുന്ന യഹോവയാണെ, ഞാന്‍ വാക്കു തരുന്നു, ഞാന്‍ നിന്നെ വിവാഹം കഴിക്കുകയും എലീമേലെക്കിന്‍റെ വസ്തു നിനക്കായി വിലയ്ക്കു വാങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രഭാതം വരെ ഇവിടെ കിടന്നുകൊള്ളുക.”
14 അങ്ങനെ രൂത്ത് പ്രഭാതംവരെ ബോവസിന്‍റെ കാല്‍ക്കല്‍ കിടന്നു. പ്രഭാതത്തില്‍ ഇരുട്ടായിരുന്നപ്പോള്‍ത്തന്നെ, ആളുകള്‍ക്കു പരസ്പരം തിരിച്ചറിയാന്‍ കഴിയുന്നതിനു മുന്പേ തന്നെ അവള്‍ ഉണര്‍ന്നു.
ബോവസ് അവളോടു പറഞ്ഞു, “നീ കഴിഞ്ഞ രാത്രി എന്‍റെ അടുത്തു വന്നത് നമുക്കു രഹസ്യമായി വയ്ക്കാം.” 15 ബോവസ് തുടര്‍ന്നു, “നിന്‍റെ മേലങ്കി ഇവിടെ കൊണ്ടുവന്ന് നിവര്‍ത്തു പിടിക്കൂ.”
അപ്പോള്‍ രൂത്ത് അവളുടെ മേലങ്കി നിവര്‍ത്തു പിടിക്കുകയും ബോവസ് ഏകദേശം ഒരു പറ ധാന്യം അവളുടെ ഭര്‍ത്തൃമാതാവായ നൊവൊമിക്ക് സമ്മാനമായി കൊടുക്കുകയും ചെയ്തു. ബോവസ് അത് പൊതിഞ്ഞു കെട്ടി അവളുടെ ചുമലില്‍ വച്ചുകൊടുത്തു. പിന്നീട് അയാള്‍ പട്ടണത്തിലേക്കു പോയി.
16 രൂത്ത് അവളുടെ ഭര്‍ത്തൃമാതാവായ നൊവൊമിയുടെ ഭവനത്തിലേക്കു പോയി. നൊവൊമി വാതില്‍ക്കല്‍ വന്നു ചോദിച്ചു, “ആരാണവിടെ?”രൂത്ത് ഭവനത്തിനകത്തു കയറി. ബോവസ് അവള്‍ക്കു വേണ്ടി ചെയ്തതെല്ലാം നൊവൊമിയോടു പറഞ്ഞു. 17 അവള്‍ പറഞ്ഞു, “ബോവസ് ഈ യവം എന്‍റെ കയ്യില്‍ തന്നത് അമ്മയ്ക്കൊരു സമ്മാനമായിട്ടാണ്. 18 ഞാന്‍ വെറും കയ്യോടെ വീട്ടിലേക്കു പോകണ്ട എന്ന് ബോവസ് എന്നോടു പറഞ്ഞു.”