27
ഹോമയാഗപീഠം
1 “ഖദിരമരംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം. അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും* ഏക. 2.3 മീ. ഉള്ള സമചതുരമായിരിക്കണം; ഉയരം മൂന്നുമുഴമായിരിക്കണം.† ഏക. 1.4 മീ. 2 അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടായിരിക്കണം; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയതായിരിക്കണം, അതു വെങ്കലംകൊണ്ടു പൊതിയണം. 3 അതിന്റെ ഉപകരണങ്ങളൊക്കെയും—വെണ്ണീർ എടുക്കേണ്ട കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കണം. 4 യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പയും അരിപ്പയ്ക്കുന്മേൽ നാലു കോണുകളിലുമായി നാലു വെങ്കലവളയവും ഉണ്ടാക്കണം. 5 യാഗപീഠത്തിന്റെ പകുതിവരെ എത്തുന്നവിധത്തിൽ യാഗപീഠത്തിന്റെ ചുറ്റുപടിക്കുകീഴേ അരിപ്പ വെക്കണം. 6 യാഗപീഠത്തിനു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കണം. അവ വെങ്കലംകൊണ്ടു പൊതിയണം. 7 വളയങ്ങളിൽ തണ്ടുകൾ ഉറപ്പിക്കണം. യാഗപീഠം വഹിച്ചുകൊണ്ടുപോകുന്നതിന് രണ്ടു ഭാഗത്തും തണ്ടുകൾ ഉണ്ടായിരിക്കും. 8 യാഗപീഠം പലകകൾകൊണ്ട് അകം പൊള്ളയായി ഉണ്ടാക്കണം; പർവതത്തിൽ കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ അത് ഉണ്ടാക്കണം.
അങ്കണം
9 “സമാഗമകൂടാരത്തിന് ഒരു അങ്കണം ഉണ്ടാക്കണം. തെക്കുവശത്തു നൂറുമുഴം‡ ഏക. 45 മീ. നീളത്തിൽ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല ഉണ്ടായിരിക്കണം. 10 അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം. 11 വടക്കേവശത്തിനും നൂറുമുഴം നീളത്തിൽ മറശ്ശീലയും ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം.
12 “സമാഗമകൂടാരാങ്കണത്തിന്റെ പടിഞ്ഞാറുവശത്തിന് അൻപതുമുഴം§ ഏക. 23 മീ. വീതിയിൽ മറശ്ശീലയും പത്തു ചുവടുകളിൽ പത്തു തൂണുകളും വേണം. 13 കിഴക്കു സൂര്യോദയഭാഗത്തുള്ള അങ്കണത്തിനും അൻപതുമുഴം വീതി ഉണ്ടായിരിക്കണം. 14 പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം* ഏക. 6.8 മീ. നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും വേണം. 15 പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരിക്കണം.
16 “സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന്, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഇരുപതുമുഴം† ഏക. 9 മീ. നീളമുള്ള ഒരു മറശ്ശീലയും അതിനു നാലു തൂണുകളും നാലു ചുവടുകളും ഉണ്ടാക്കണം. 17 അങ്കണത്തിനു ചുറ്റുമുള്ള എല്ലാ തൂണുകൾക്കും വെള്ളികൊണ്ടുള്ള കൊളുത്തുകളും മേൽചുറ്റുപടികളും വെങ്കലച്ചുവടുകളും ഉണ്ടായിരിക്കണം. 18 അങ്കണത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടായിരിക്കണം. അതിനു വെങ്കലച്ചുവടുകൾവേണം. പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുള്ള മറശ്ശീലയും ഉണ്ടായിരിക്കണം. 19 സമാഗമകൂടാരത്തിൽ, അതിന്റെ കുറ്റികളും അങ്കണത്തിന്റെ കുറ്റികളും ഉൾപ്പെടെ ഏതുപയോഗത്തിനുമുള്ള എല്ലാ ഉപകരണങ്ങളും വെങ്കലംകൊണ്ടുള്ളവ ആയിരിക്കണം.
നിലവിളക്കിനുള്ള എണ്ണ
20 “വിളക്കുകൾ കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക. 21 സമാഗമകൂടാരത്തിൽ, ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ യഹോവയുടെ സന്നിധിയിൽ വിളക്കുകൾ കത്തിക്കൊണ്ടിരിക്കണമെന്നത്, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇസ്രായേൽജനതയ്ക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.