3
നേതാക്കന്മാരെയും പ്രവാചകന്മാരെയും ശാസിക്കുന്നു
അപ്പോൾ ഞാൻ പറഞ്ഞു:
“യാക്കോബിന്റെ നേതാക്കന്മാരേ,
ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക.
നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്.
നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ,
എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും
അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ,
എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ,
അവരുടെ ത്വക്ക് ഉരിയുന്നവരേ,
അവരുടെ അസ്ഥികൾ തകർക്കുന്നവരേ,
ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ,
നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?”
 
അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ
അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല.
അവർ ചെയ്ത ദുഷ്ടതനിമിത്തം
അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഭക്ഷണം നൽകുന്നവരോട്
‘സമാധാനം,’ എന്നും
ആഹാരം നൽകാത്തവരോട്,
യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്,
എന്റെ ജനത്തെ വഴിതെറ്റിക്കുന്ന
പ്രവാചകരേ,
ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും
നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും.
പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും
അവർക്കു പകൽ ഇരുണ്ടുപോകും.
ദർശകന്മാർ ലജ്ജിക്കും;
ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും.
ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ
അവർ വായ് പൊത്തും.”
 
യാക്കോബിനോട് അവന്റെ അതിക്രമത്തെയും
ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്,
ഞാൻ യഹോവയുടെ ആത്മാവിന്റെ
ശക്തിയാലും നീതിയാലും
ബലത്താലും നിറഞ്ഞിരിക്കുന്നു.
 
യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക!
നിങ്ങൾ നീതി നിഷേധിച്ചു;
നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു.
10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും
ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു.
11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു;
അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു;
അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു.
എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന:
“യഹോവ നമ്മുടെ മധ്യത്തിലില്ലേ?
ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു.
12 അതുകൊണ്ട്, നിങ്ങൾനിമിത്തം
സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും;
ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും;
ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.