3
പ്രാർത്ഥന ആവശ്യപ്പെടുന്നു
1 ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും 2 വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. 3 എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 4 ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു. 5 കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
അലസരാകാതിരിക്കുവാൻ നിർദ്ദേശിക്കുന്നു
6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു അലസമായി നടക്കുന്ന ഏത് സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. 7 ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, 8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് 9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. 10 വേലചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. 11 നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു. 12 ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു. 13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. 14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ. 15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.
16 സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
17 പൗലൊസായ എന്റെ കയ്യാൽ വന്ദനം; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം. 18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.