HABAKKUK
ഹബക്കൂൿ
അദ്ധ്യായം.1
1 ഹബക്കൂക്ക് പ്രവാചകൻ ദർശിച്ച പ്രവാചകം. 2 “യഹോവേ, എത്രത്തോളം ഞാൻ വിളിച്ചപേക്ഷിക്കുകയും അങ്ങ് കേൾക്കാതിരിക്കുകയും ചെയ്യും? സാഹസം നിമിത്തം ഞാൻ എത്രത്തോളം അങ്ങയോട് നിലവിളിക്കുകയും അങ്ങ് രക്ഷിക്കാതിരിക്കുകയും ചെയ്യും? 3 അങ്ങ് എന്നെ നീതികേട് കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിന്? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ട്; കലഹവും മത്സരവും സാധാരണം ആകുന്നു. 4 അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു. 5 ജനതകളെ ശ്രദ്ധിച്ച് നോക്കുവിൻ! ആശ്ചര്യപ്പെട്ട് വിസ്മയിക്കുവിൻ! ഞാൻ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അത് വിവരിച്ചുകേട്ടാൽ നിങ്ങൾ വിശ്വസിക്കുകയില്ല. 6 ഞാൻ ക്രൂരതയും വേഗതയുമുള്ള ജനതയായ കല്ദയരെ ഉണർത്തും; അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശമാക്കേണ്ടതിന് ഭൂമണ്ഡലത്തിൽ ഉടനീളം സഞ്ചരിക്കുന്നു. 7 അവർ ഘോരത്വവും ഭയങ്കരത്വവുമുള്ളവർ; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്ന് തന്നെ പുറപ്പെടുന്നു. 8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാൾ ക്രൂരതയുമുള്ളവ; അവരുടെ കുതിരച്ചേവകർ ഗർവ്വോടെ ഓടിക്കുന്നു; അവരുടെ കുതിരച്ചേവകർ ദൂരത്തുനിന്ന് വരുന്നു; ഇരയെ പിടിക്കുവാൻ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവർ പറന്നുവരുന്നു. 9 അവർ എല്ലാവരും സംഹാരത്തിനായി വരുന്നു; അവരുടെ മുഖം മുമ്പോട്ട് ബദ്ധപ്പെടുന്നു; മണൽ പോലെ അവർ ബദ്ധന്മാരെ പിടിച്ചുചേർക്കുന്നു. 10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ട് ചിരിക്കുന്നു; അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും. 11 അന്ന് അവൻ കാറ്റുപോലെ വീശി കടന്നു പോകുന്നു. അവൻ അതിക്രമിച്ച് കുറ്റക്കാരനായ്തീരും; കാരണം സ്വന്തശക്തിയല്ലോ അവന് ദൈവം. 12 എന്റെ ദൈവമായ യഹോവേ, അങ്ങ് പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങൾ മരിക്കുകയില്ല; യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു. 13 നിർമ്മലമായ അങ്ങയുടെ കണ്ണുകളാൽ ദോഷം കാണുവാൻ സാധ്യമല്ല. അങ്ങയ്ക്ക് പീഡനം സഹിക്കുവാൻ കഴിയുകയുമില്ല. ദ്രോഹം പ്രവർത്തിക്കുന്നവരെ അങ്ങ് വെറുതെ നോക്കുന്നത് എന്തിന് ? ദുഷ്ടൻ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോൾ 14 അങ്ങ് മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തിന്? 15 അവർ അവയെ എല്ലാം * ചൂണ്ട = മീൻ പിടിക്കുവാൻ ഉപയോഗിക്കുന്ന ലോഹക്കൊളുത്ത്ചൂണ്ട കൊണ്ട് പിടിച്ചെടുക്കുന്നു; അവർ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ അവയെ ശേഖരിക്കുന്നു; അതുകൊണ്ട് അവർ സന്തോഷിച്ച് ആനന്ദിക്കുന്നു. 16 അതുകാരണം അവൻ തങ്ങളുടെ വലയ്ക്ക് ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; കാരണം അവയാൽ അല്ലയോ അവരുടെ ഓഹരി പുഷ്ടിയുള്ളതും അവരുടെആഹാരം പൂര്‍ത്തിയുള്ളതുമായി തീരുന്നത്. 17 അതുനിമിത്തം അവർ തന്റെ വല കുടഞ്ഞ് ശൂന്യമാക്കി, ജനതകളെ ആദരിക്കാതെ നിത്യം കൊല്ലുവാൻ പോകുമോ?