ISAIAH
യെശയ്യാപ്രവാചകന്റെ പുസ്തകം
1. അദ്ധ്യായം.
ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.” അയ്യോ പാപമുള്ള ജനത! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യഹോവ നമ്മിൽ ഏതാനും പേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.
10 സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. 11 “നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്കു മതിയായിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. 12 നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്? 13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. 14 നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. 15 നിങ്ങൾ കൈകൾമലർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്ന് എന്റെ കണ്ണു മറച്ചുകളയും; നിങ്ങൾ എത്ര തന്നെ പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല; നിങ്ങളുടെ കൈകൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 16 നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 17 നന്മ ചെയ്യുവാൻ പഠിക്കുവിൻ; ന്യായം അന്വേഷിക്കുവിൻ; പീഡിതനെ സഹായിക്കുവിൻ* പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്ന് എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്ന് മറ്റ് വിവർത്തനങ്ങളിലും ഉണ്ട്.; അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. 18 വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” എന്നു യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. 19 നിങ്ങൾ മനസ്സു വച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. 20 മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന് ഇരയായിത്തീരും; ” യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
21 വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാർ. 22 നിന്റെ വെള്ളി കീടമായും കീടമായും ഉരുകിയ വെള്ളിയില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു. നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. 23 നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; അവർ എല്ലാവരും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.
24 അതുകൊണ്ട് യിസ്രായേലിന്റെ ശക്തനായി, സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും. 25 ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും നിന്റെ വെള്ളീയം എല്ലാം നീക്കിക്കളയുകയും ചെയ്യും. 26 ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും നിന്റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിനഗരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” 27 സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. 28 എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. 29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. 30 നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. 31 ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.

*1. അദ്ധ്യായം.. 17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്ന് എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്ന് മറ്റ് വിവർത്തനങ്ങളിലും ഉണ്ട്.

1. അദ്ധ്യായം.. 22 കീടമായും ഉരുകിയ വെള്ളിയില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു.