23. അദ്ധ്യായം.
1 സോരിനെക്കുറിച്ചുള്ള പ്രവാചകം:
തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; ഒരു വീടും ശേഷിക്കാത്തവിധവും തുറമുഖം ഇല്ലാത്തവിധവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 2 സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള് നിന്നെ നിറച്ചുവല്ലോ. 3 വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; അത് ജനതകളുടെ ചന്ത ആയിരുന്നു. 4 സീദോനേ, ലജ്ജിച്ചുകൊള്ളുക; “എനിക്കു നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല” എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. 5 സോരിന്റെ വർത്തമാനം ഈജിപ്റ്റിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. 6 തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ. 7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല് അതിനെ ദൂരത്തു പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും. 8 കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ സോരിനെക്കുറിച്ച് അതു നിർണ്ണയിച്ചതാര്? 9 സകല മഹത്ത്വത്തിന്റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു. 10 തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. 11 അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 12 “ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കുകയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” എന്ന് അവിടുന്ന് കല്പിച്ചിരിക്കുന്നു. 13 ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 14 തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ. 15 ആ നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു വർഷത്തേക്കു മറന്നുകിടക്കും; എഴുപതു വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:
16 “മറന്നു കിടന്നിരുന്ന വേശ്യയേ,
വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക;
നിന്നെ ഓർമ്മ വരേണ്ടതിനു
നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.”
17 എഴുപതു വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും. 18 എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.