അദ്ധ്യായം.18
അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:
“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം.
ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.
അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും;
അവൻ ചതിക്കുഴിക്കുമീതെ നടക്കും.
കെണി അവന്റെ കുതികാലിന് പിടിക്കും;
അവൻ കുടുക്കിൽ അകപ്പെടും.
10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.
12 അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;
വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;
മീതെ അവന്റെ കൊമ്പ് വാടിപ്പോകും.
17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.
18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും;
അവന്റെ പാർപ്പിടം അന്യം നിന്നുപോകും.
20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;
പൂർവ്വദേശക്കാരും അമ്പരന്ന് പോകും.
21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.
ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.