അദ്ധ്യായം.17
 1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; 
ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 
 2 എന്റെ അരികിൽ പരിഹാസമേയുള്ളു; 
എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. 
 3 അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; 
എന്നെ സഹായിക്കുവാൻ മറ്റാരുള്ളു? 
 4 ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; 
അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല. 
 5 ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി 
കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും. 
 6 അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; 
ഞാൻ മുഖത്ത് തുപ്പേല്ക്കുന്നവനായിത്തീർന്നു. 
 7 ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; 
എന്റെ അവയവങ്ങൾ എല്ലാം നിഴൽ പോലെ തന്നെ. 
 8 നേരുള്ളവർ അതു കണ്ട് ഭ്രമിച്ചുപോകും; 
നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും. 
 9 നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; 
കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. 
 10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; 
ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. 
 11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, 
എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു. 
 12 അവർ രാത്രിയെ പകലാക്കുന്നു; 
വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. 
 13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; 
ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.  14 ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും 
പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. 
 15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? 
ആര് എന്റെ പ്രത്യാശയെ കാണും? 
 16 അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? 
പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”